IM Special

ഖത്തറില്‍ വേദി ലഭിക്കാത്ത നിരവധി ഗായകരെ കൈപിടിച്ചുയര്‍ത്തി കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ്


ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ കഴിവുള്ള നിരവധി ഗായകര്‍ക്ക് വേദി നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്ന സജീവമായ സംഗീത കൂട്ടായ്മയാണ് കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് . കൊറോണ കാലത്ത് വീടുകളില്‍ അടഞ്ഞിരുന്ന കൂടെപ്പിറപ്പുകള്‍ക്ക് സംഗീതത്തിന്റെ ആശ്വാസ വരികളുമായെത്തിയ കൂട്ടായ്മ 2021 മുതല്‍ സജീവമായ സംഗീത പരിപാടികളുമായി രംഗത്തുണ്ട്.

ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് മലയിലാണ് ഈ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ഗായികയും സംഗീതാസ്വാദകയുമായ റീന സുനിലും തുടക്കം മുതലേ കട്ടക്ക് കൂടെയുണ്ട്.

വാരാന്ത്യങ്ങളില്‍ ലഭ്യമായ സൗകര്യങ്ങള്‍ പ്രയേജനപ്പെടുത്തി പാട്ടുപരിപാടികള്‍ സംഘടിപ്പിച്ച് വളരെ പെട്ടെന്നാണ് കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് ജനകീയമായത്.

ഒരു വര്‍ഷം കൊണ്ട് നാല്‍പതോളം പുതിയ ഗായകരെ പങ്കെടുപ്പിച്ച് വഴിയോരം റസ്‌റ്റോറന്റില്‍ ഒന്നാം വാര്‍ഷികമാഘധോഷിച്ച കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഐസിസിയില്‍ സംഘടിപ്പിച്ച പാട്ടുല്‍സവം അമ്പതോളം ഗായകരുടെ മികച്ച പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

തുടക്കക്കാരും പാടിത്തെളിഞ്ഞവരുമടക്കം പാട്ടുല്‍സവത്തില്‍ പങ്കെടുത്തവരൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

ഖത്തറില്‍ കഴിയുള്ള നിരവധി ഗായകരുണ്ട്. മിക്കവര്‍ക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോവുകയാണ്. ഈ സാഹചര്യത്തിലാണ് കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് എല്ലാവര്‍ക്കും അവസരം നല്‍കി ശ്രദ്ധേയമാകുന്നത്.

അബ്ദുല്‍ റഊഫ് മലയിലും മകള്‍ ഹിബ ഫാത്വിമയും പാടിയ മദീന കാണാതെ കണ്ണടച്ചാല്‍ എന്ന ആല്‍ബവും പാട്ടുല്‍സവത്തില്‍ വെച്ച് പ്രകാശനം ചെയ്തു. സ്‌കൂള്‍ സംസ്ഥാന തലത്തില്‍ പാടി മികവ് തെളിയിച്ച ഗായികയാണ് ഹിബ ഫാത്വിമ.

കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പിന്റെ ഗായികയായ മേഘ ജിഷ്ണു ഖത്തറിലെ നൂറോളം വേദികളില്‍ ഇതിനകം പാടിക്കഴിഞ്ഞു. കരോക്ക ദോഹ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഇരുപത്തഞ്ചോളം പാട്ടുകാര്‍ ഇന്ന് ഖത്തര്‍ വേദികളില്‍ സജീവമായി പാടുന്നവരാണ്.

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ അബ്ദുല്‍ റഊഫ് മലയില്‍ നാട്ടിലെ സംഗീത വേദികളില്‍ സജീവമായിരുന്നു. ഖത്തറില്‍ കെ.എം.സിസിയിലൂടെയാണ് അദ്ദേഹം ഖത്തറില്‍ പാട്ടുവേദികളിലെത്തിയത്. ചാലിയാര്‍ ദോഹയും അതിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന മശ്ഹൂദ് തിരുത്തിയാടും അബ്ദുല്‍ റഊഫ് മലയിലിന്റെ ഖത്തറിലെ സംഗീത ജീവിതത്തില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയവരാണ്.

നിലവില്‍ കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് പ്രസിഡണ്ട് , ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് കൗണ്‍സിലര്‍, കെ എം സി സി ഖത്തര്‍ സ്റ്റേറ്റ് കലാവിഭാഗം സമീക്ഷ ഭാരവാഹി, ഖത്തര്‍ കെഎംസിസി ബേപ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ,
ബേപ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ട്രഷറര്‍ .ഗ്ലോബല്‍ കെഎംസിസി ബേപ്പൂര്‍ മണ്ഡലം ട്രഷറര്‍ ,ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ എക്‌സിക്യൂട്ടീവ് , കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ എക്‌സിക്യൂട്ടീവ് , ചാലിയാര്‍ ദോഹ എം സി മെമ്പര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്തരവാദിത്തങ്ങള്‍ വഹിക്കുമ്പോഴും പാട്ടിനും പാട്ടുകാര്‍ക്കും വേണ്ടി സമയം ചിലവഴിച്ചാണ് അബ്ദുല്‍ റഊഫ് മലയില്‍ തന്റെ ജീവിതം സാര്‍ഥകമാക്ികുന്നത്. നല്ലൊരു ഗാര്‍ഹിക കൃഷിത്തോട്ടമുണ്ടായിരുന്ന അബ്ദുല്‍ റഊഫ് മലയിലിന് ചാലിയാര്‍ ദോഹയുടെ മികച്ച ഗാര്‍ഹിക തോട്ടത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

നൂറ്റി അമ്പതിലധികം ഗായകരുള്ള കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് ഈയിടെ 30 പുതിയ നിര്‍വാഹക സമിതി അംഗങ്ങളെ ചേര്‍ത്ത് വികസിപ്പിച്ച് കൂടുതല്‍ സജീവമാകാനൊരുങ്ങുകയാണ്. തെരഞ്ഞെടുത്ത പത്ത് പാട്ടുകാര്‍ പാടിയ ആല്‍ബമാണ് കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പിന്റെ അടുത്ത പരിപാടി. ഫിറോസ് നാദാപുരം സംഗീതം നിര്‍വഹിക്കുന്ന ആല്‍ബം പുതുവര്‍ഷത്തില്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അറബി പാട്ട് പാടുന്ന 25 മലയാളി ഗായകരുടെ സംഗീത വിരുന്നും ആസുത്രണം ചെയ്തു വരികയാണ്.


അബ്ദുല്‍ റഊഫ് മലയിലും റീന സുനിലുമൊപ്പം ഓരേ മനസ്സും ശരീരവുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഗായകരും സംഗീതാസ്വാദകരുമാണ് കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പിന്റെ ചാലക ശക്തി.

കരോക്കെ ദോഹയുമായി ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍ക്ക് 74441277 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!