Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ പ്രവേശനോത്സവം 2025

ദോഹ.മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രവേശനോത്സവം 2025, ഒരു നവ്യാനുഭവമായി ബിര്‍ള പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

മലയാളം മിഷന്‍ ഔദ്യോഗിക ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ , തുടര്‍ന്നെത്തിയ കവിതകളുടെ ജുഗല്‍ബന്ധി പുതുമയാര്‍ന്ന കലാ പ്രകടനമായി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മലയാളം മിഷന്‍ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു, മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. പ്രതിഭാ രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ ചെയര്‍മാനും, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ആയ സി.വി റപ്പായി, ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി, ഫാദര്‍ ലിന്‍വിന്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍, ഭാഷാധ്യാപകന്‍ ഡോ. ഗിരീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ സെക്രട്ടറി ബിജു പി മംഗലം സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ മിജു ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം അരങ്ങേറിയ ഭാഷാഞ്ജലി മലയാള സാഹിത്യത്തെ തന്നെ വിപുലമായി അടയാളപ്പെടുത്തുന്ന കലാവിഷ്‌കാരമായി. അല്‍ഫോണ്‍സച്ചനും, കുട്ടികൃഷ്ണ മാരാരും, ഒഥല്ലോയും ഭീമനും, ലേഡി മാക്‌ബെത്തും, ദ്രൗപദിയും, ജൂലിയറ്റും, നാരായണിയും, കുമാരനാശാനും, ആനന്ദ ഭിക്ഷുവും, മാതംഗിയും. വൈക്കം മുഹമ്മദ് ബഷീറും, സുഗത കുമാരിയും, ഓ വി വിജയനും ഒക്കെ നിറഞ്ഞാടിയ, ഗാനാവിഷ്‌കാരങ്ങളും കവിതാവിഷ്‌കാരങ്ങളും സമഞ്ജസമായി സമ്മേളിച്ച, ഭാഷാഞ്ജലി ആസ്വാദക ലോകത്തിന് എക്കാലത്തേക്കും ഉള്ള അനുഭവമായി മാറുകയായിരുന്നു.

Related Articles

Back to top button