ഇമെയില്‍ , വാട്‌സ് ആപ്പ് വഴിയുള്ള പ്രിസ്‌ക്രിപ്ഷനുകള്‍ സ്വീകരിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ആരോഗ്യമേഖലയില്‍, റിമോട്ട് ആയി ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ഇമെയിലിലൂടെയോ വാട്സ്ആപ്പ് വഴിയോ നല്‍കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ഇടയില്‍ ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് താല്‍ക്കാലികമായി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
പാതുജനാരോഗ്യ മന്ത്രാലയം ഫാര്‍മസി ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ ഐഷ ഇബ്രാഹിം അല്‍-നസ്സാരി പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ഇത്തരത്തില്‍ പ്രിസ്‌ക്രിപ്ഷനുകള്‍
സ്വീകരിക്കുന്നതിന്, ഇഷ്യു ചെയ്ത തീയതി, ഡോക്ടറുടെ ലൈസന്‍സ് നമ്പര്‍, രോഗിയുടെ വ്യക്തിഗത നമ്പര്‍ തുടങ്ങിയ മുഴുവന്‍ ഡാറ്റയും അടങ്ങിയിരിക്കണം. അത്തരം കുറിപ്പടിയുടെ സാധുത ഇഷ്യു ചെയ്ത തീയതി മുതല്‍ ഒരാഴ്ച മാത്രമായിരിക്കും.
എന്നാല്‍ മയക്കമരുന്ന് പോലുള്ള നിയന്ത്രിത മരുന്നുകള്‍ക്ക് ഇത് ബാധകമാവില്ല.
സര്‍ക്കുലര്‍ പുറപ്പെടുവിച്ച തീയതി മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ പൊതു, സ്വകാര്യ ഫാര്‍മസികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.