ചരിത്രം രചിച്ച് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ മുപ്പത്തി രണ്ടാമത് രക്തദാന ക്യാമ്പ്
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ മുപ്പത്തി രണ്ടാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ച് നടന്ന ക്യാമ്പില്‍ 550 ഓളം പേര്‍ രക്തദാതാക്കളായി.
രക്തദാനക്യാമ്പിന്റെ ഔദ്യോഗിക ഉല്‍ഘാടന ചടങ്ങ്, ലോക സമാധാനത്തിനായുള്ള മൗന പ്രാര്‍ത്ഥനക്കു ശേഷം വേദി സെക്രട്ടറി അബ്ദുള്‍ റസാഖിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു.
തുടര്‍ന്ന് വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് യോഗത്തിന് സ്വാഗതം ആശംസിച്ചു.
യോഗത്തില്‍ വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ടും രക്തദാന ക്യാമ്പ് മുഖ്യ കോര്‍ഡിനേറ്ററുമായ ഷറഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും,ലേബര്‍ & കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലറുമായ എയ്ഷ് സിംന്‍ഗാള്‍ ക്യാമ്പ് ഔപചാരികമായി ഉല്‍ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തിനെ കുറിച്ചു സംസാരിച്ച അദ്ദേഹം സൗഹൃദവേദി നടത്തുന്ന ഇത്തരം മഹത് പ്രവര്‍ത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ടും വേദി അഡൈ്വസറി ബോര്‍ഡ് അംഗവുമായ എ.പി.മണികണ്ഠന്‍,ഐ.സി.ബി.എഫ്.പ്രസിഡണ്ടും വേദി അംഗവുമായ ഷാനവാസ് ബാവ, വേദി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.സലിം, ട്രഷറര്‍ മുഹമ്മദ് റാഫി, ഹമദ് ഹോസ്പിറ്റല്‍ ഡോണേഴ്‌സ് സെന്റര്‍ സെക്രട്ടറി അഫ്‌റിന്‍, വേദി വനിതാക്കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ റജീന സലിം, വേദി ചേലക്കര സെക്ടര്‍ ചെയര്‍മാനും ക്യാമ്പ് സെക്ടര്‍ കോര്‍ഡിനേറ്ററുമായ സുരേഷ്‌കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
വേദി കുടുംബസുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍, വനിതാ കൂട്ടായ്മ ഫസ്റ്റ് വൈസ് ചെയര്‍പേഴ്‌സണും ക്യാമ്പ് വനിതാ വിങ്ങ് കോര്‍ഡിനേറ്ററുമായ രേഖ പ്രമോദ്, വനിതാകൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങവും വനിതാ കോര്‍ഡിനേറ്റര്‍മാരുമായ റസിയ ഉസ്മാന്‍, സുബൈറ സഗീര്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
വേദി നാട്ടിക സെക്ടര്‍ ചെയര്‍മാനും രക്തദാനക്യാമ്പിന്റ സെക്ടര്‍ കോര്‍ഡിനേറ്ററുമായ നൗഷാദ് അമ്പലത്ത് യോഗത്തിന് ഔദ്യോഗികമായി നന്ദി പ്രകാശിപ്പിച്ചു.
വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വേദി വളണ്ടിയര്‍മാരുടെ സജീവസാന്നിദ്ധ്യവും അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളും മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ രക്തദാദാക്കള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും ഒരു പ്രയാസവുമില്ലാതെ ക്യാമ്പ് നടത്തുവാന്‍ സഹായകരമായതായും ഹമദ് ബ്ലഡ് ഡോണര്‍ യൂണിറ്റ് സ്റ്റാഫ് അംഗങ്ങളും രക്തദാദാക്കളും വേദിയുടെ മാതൃകപരമായ പ്രവര്‍ത്തനത്തെ എടുത്തു പറഞ്ഞു പ്രശംസിക്കുകയും ചെയ്തു.
രക്തം ദാനം ചെയ്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചരിത്ര സംഖ്യയില്‍ രക്തദാതാക്കളെ സംഘടിപ്പിച്ചതിന് വേദിക്ക് നല്‍കുന്ന പ്രത്യേക അംഗീകരത്തിന് ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ യൂ ട്യൂബ് ചാനലിനായി വീഡിയോ ചിത്രീകരണം നടത്തിയത് അഭിമാന മുഹൂര്‍ത്തമായി. വേദി പ്രസിഡണ്ട് അബ്ദുള്‍ഗഫൂര്‍, ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം, ക്യാമ്പ് മുഖ്യ കോര്‍ഡിനേറ്റര്‍ ഷറഫ് മുഹമ്മദ് തുടങ്ങി ക്യാമ്പിന് നേതൃത്വം നല്‍കിയ രക്തദാന കമ്മിറ്റി, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍, വനിതാ കൂട്ടായ്മ പ്രവര്‍ത്തകര്‍,വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഹമദ് ഹോസ്പിറ്റലിന്റെ സ്‌പെഷല്‍ പ്രശംസാപത്രവും, മെമന്റോയും ഡൊണേഷന്‍ സെന്റര്‍ മെഡിക്കല്‍ മാനേജര്‍ സാദിഖ ഇസ്മയില്‍ അബ്ബാസില്‍ നിന്നും ഏറ്റുവാങ്ങുകയും അവര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തതോടെ 32 ആമത് രക്തദാന ക്യാമ്പിന് സമാപനമായി.
അവശ്യഘട്ടങ്ങളില്‍ കൂടുതല്‍ രക്തദാതാക്കളെ എത്തിച്ച് നല്‍കുമെന്ന വാഗ്ദാനത്തോടെ ബ്ലഡ് ഡൊണേഷന്‍ സെന്ററിന്റെ പ്രീമിയം കസ്റ്റമര്‍ ആയതിന്റെ സന്തോഷം പങ്ക് വെച്ച് കൊണ്ട്, ഈ ക്യാമ്പ് വിജയകരമാക്കുവാന്‍ സഹകരിച്ച ഹമദ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വിശിഷ്യാ രക്തദാതാക്കള്‍ക്കും സൗഹൃദവേദി പ്രത്യേകം നന്ദി പറഞ്ഞു.