Breaking News

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം മുടങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധം

ദോഹ. നിരന്തരം എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം മുടങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധം. സാങ്കേതിക തകരാറുകള്‍ എല്ലാ കമ്പനികള്‍ക്കും ബാധകമാണെന്നിരിക്കെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാത്രം സര്‍വീസ് മുടക്കുന്നത് ദുരൂഹമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബുധനാഴ്ച രാവിലെ കോഴിക്കോട് ദോഹ വിമാനം രണ്ട് മണിക്കൂറോളം പറന്ന ശേഷം കോഴിക്കോട്ടേക്ക് തന്നെ തിരിച്ചു പറന്നു. വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഓപറേഷണല്‍ കാരണങ്ങളാല്‍ റദ്ദാക്കി. കോഴിക്കോട് നിന്നും ദോഹയിലേക്കും, ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കും പോകുന്നതിനായി ടിക്കറ്റെടുത്ത നിരവധി യാത്രക്കാരെയാണ് ഇത് വട്ടം കറക്കിയത്.

ഒരാഴ്ചക്കകം ഫുള്‍ റീഫണ്ട് നല്‍കാമെന്ന് എയര്‍ലൈന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും അധിക ചാര്‍ജ് നല്‍കി മറ്റു വിമാനങ്ങളില്‍ സീറ്റ് കണ്ടെത്തുന്നതിനുള്ള പരക്കം പാച്ചിലിലായിരുന്നു പല യാത്രക്കാരും.

താരതമ്യേന നിരക്ക് കുറവ് നോക്കിയാണ് പലരും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ ടിക്കറ്റെടുക്കുന്നത്. എന്നാല്‍ വിമാനം മുടങ്ങുന്നതും പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാതെ പോകുന്നതും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികളെയാണ്.