ജി.ആര്‍.സി.സി വാലന്റൈന്‍സ് ഡേ ഹാങ്ങ്ഔട്ട് ,സ്‌നേഹനിറവില്‍ ഓര്‍മ്മകളുടെ സുഗന്ധം

ദോഹ : ജി.ആര്‍.സി.സി ഒരുക്കിയ വാലന്റൈന്‍സ് ഡേ ഹാങ്ങ്ഔട്ട് സ്‌നേഹവും കലയും സംഗീതവും കൈകോര്‍ത്ത ഒരു അപൂര്‍വ സാംസ്‌കാരികോത്സവമായി മാറി. ജി.ആര്‍.സി.സി കുടുംബങ്ങള്‍ ഒന്നിച്ച് കൂടിയ സായാഹ്നം, വെറും ആഘോഷം മാത്രമല്ല പ്രണയാര്‍ദ്രഗാനങ്ങള്‍ പൊഴിഞ്ഞു വീണുകൊണ്ടിരുന്ന നിലാവുകൊണ്ട് നിര്‍മ്മിച്ച ഒരു മനോഹരമായ രാത്രി കൂടി ആയിരുന്നു.
കുട്ടികളുടെ ഫാഷന്‍ ഷോ വേദിയെ വര്‍ണ്ണാഭമാക്കി. കലയുടെയും ഫാഷന്റെയും അതിരുകളില്ലാത്ത ലോകത്തേക്ക് കാണികളെക്കൂട്ടിക്കൊണ്ടുപോയ ഒരു അപൂര്‍വ്വ സായാഹ്നമായിരുന്നു ഇന്നലത്തേത്. കുരുന്നുകള്‍ റാമ്പില്‍ വിസ്മയം തീര്‍ത്തപ്പോള്‍, കാണികള്‍ ഒരു പുത്തന്‍ ഫാഷന്‍ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചു. കുഞ്ഞുങ്ങളുടെ ആത്മവിശ്വാസവും ചിരികളും ചേര്‍ന്ന് പ്രകാശം പൊഴിച്ച വേദിയില്‍ കുരുന്നുകളുടെ അതിമനോഹരമായ കള്‍ച്ചറല്‍ റാമ്പ് വളരെയധികം ശ്രദ്ധ പിടിച്ച് പറ്റി . ഫാഷന്‍ രംഗത്തെ പുതുചലനങ്ങള്‍ ഉള്‍ക്കൊണ്ട് കുരുന്നുകള്‍ക്കായി ഒരുക്കിയ ഫാഷന്‍ ലാബ്. പ്രശസ്ത പെര്‍ഫോമറും, ചിത്രകലാ അധ്യാപികയും കൊറിയോഗ്രാഫറും ഗ്രൂമറുമായ റോഷ്‌നി കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടികള്‍ കുട്ടികളുടെ സര്‍ഗ്ഗവാസനകളെയും ആത്മവിശ്വാസത്തെയും പുതിയ തലങ്ങളിലെത്തിച്ചിരിക്കുകയാണ്.
ഓരോ നടപ്പിലും ഒരു സ്വപ്നവും, ഓരോ ചിരിയിലും ഒരു നാളെയുടെ പ്രതീക്ഷയും തെളിഞ്ഞു.
അതുപോലെ തന്നെ, കുട്ടികളുടെ ലൈവ് ഡ്രോയിങ് പരിപാടി സദസിനെ വിസ്മയിപ്പിച്ചു. നിറങ്ങള്‍ കൊണ്ട് അവര്‍ വരച്ചത് ചിത്രങ്ങളല്ല, ഹൃദയത്തിലെ സ്വപ്നങ്ങളായിരുന്നു. സൃഷ്ടിപരമായ ചിന്തകള്‍ വേദിയില്‍ പിറന്നപ്പോള്‍ മാതാപിതാക്കളുടെ അഭിമാന നോട്ടങ്ങള്‍ ആ നിമിഷങ്ങളെ കൂടുതല്‍ മനോഹരമാക്കി.
ദോഹയില്‍ ലൈവ് ആര്ട്ട് പെര്‍ഫോമന്‍സില്‍ ചരിത്രം സൃഷ്ടിച്ച രോഷ്‌നി ടീച്ചറുടെ വിബ്ജിയോര്‍ ആര്‍ട്ട് ക്ലബ് ആണ് ലൈവ് ആര്ട്ട് പെര്‍ഫോമന്‍സിന് മുന്‍കൈയെടുത്തത്.
സുബൈര്‍ പാണ്ഡവത്തിന്റ പ്രണയത്തിന്റെ സ്വരമാധുരി നിറച്ച ”ലവ് ടോക്ക് ഷോ”യും ലൈവ് ഗസല്‍ അവതരണവും ഈ വേദിയുടെ പുതുമയാര്‍ന്ന അധ്യായമായി. ഹൃദയസ്പര്‍ശിയായ വാക്കുകളും മൃദുസ്വരങ്ങളും ചേര്‍ന്നപ്പോള്‍ സദസ്സ് മുഴുവന്‍ പ്രണയത്തിന്റെ മധുരിമയില്‍ മുങ്ങി.
സംഗീതവിരുന്നില്‍ മ്യൂസിഖാ ടീം അവതരിപ്പിച്ച ഗാനങ്ങള്‍ ആവേശത്തിന്റെ തിരമാല ഉയര്‍ത്തി. ഓരോ പാട്ടും ഹൃദയങ്ങളില്ലേക്ക് പെയ്തിറങ്ങുകയായിരുന്നു. മ്യൂസിഖാ ടീം അംഗങ്ങളായ അരുണ്‍ ശ്രീകുമാര്‍, പ്രമോദ് പരമേശ്വരന്‍, വിഷ്ണു ശശീന്ദ്രന്‍, പ്രിന്‍സി ജെറി എന്നീ പ്രതിഭകള്‍ ഒത്തുചേര്‍ന്നപ്പോള്‍ പിറന്നത് കേവലം പാട്ടുകളല്ല, മറിച്ച് പ്രണയവും ഓര്‍മ്മകളും തുളുമ്പുന്ന ഒരു സംഗീതാനുഭവമായിരുന്നു.
അതോടൊപ്പം, ജി.ആര്‍.സി.സി ഫാഷന്‍ ലാബ് ടീം അവതരിപ്പിച്ച നൃത്താവിഷ്‌കാരം ചുവടുകളിലൂടെ കവിത ഒരുക്കി. സഫാരി സെന്ററില്‍ ഭാവനയുടെ അനോമി ടോക്ക് ഷോയില്‍ ജി.ആര്‍.സി.സി ഡാന്‍സ് ലാബ് ടീം ഭാവനയോടൊപ്പം അവതരിപ്പിച്ച അതിമനോഹരമായ ഡാന്‍സ്, വേദിയില്‍ പുനഃ സൃഷ്ടിച്ചു. ശില്‍പ്പ, പൂജ, ദേവിക, മേഘ്ന, ഹര്‍ഷ, രമ്യ എന്നീ പ്രതിഭകളായിരുന്നു ഇന്നലത്തെ വേദിയെ ധന്യമാക്കിയത്. ആധുനിക നൃത്തശൈലികളും തനതായ കലാരൂപങ്ങളും കോര്‍ത്തിണക്കി അവര്‍ അവതരിപ്പിച്ച പ്രകടനം നൃത്തപ്രേമികള്‍ക്ക് ഒരു നയനമനോഹരമായ അനുഭവമായിരുന്നു. ശില്പ ശിവദാസ്, പൂജ നായര്‍ എന്നിവരായിരുന്നു കൊറിയോഗ്രാഫര്‍മാര്‍ .
കുട്ടികളുടെ ഡാന്‍സ്, മോണോ ആക്ട് തുടങ്ങിയ അവതരണങ്ങള്‍ സദസിനെ ആവേശഭരിതമാക്കി.
ക്രിസ്മസ് പപ്പാ കാര്‍ട്ടൂണ്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. കുഞ്ഞുങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിച്ച ആ നിമിഷങ്ങള്‍ മാതാപിതാക്കള്‍ക്കും സംഘാടകര്‍ക്കും അഭിമാനമായി. കാറ്റഗറിയില്‍ എ , ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച , പ്രണവ് നിധിന്‍ ഒന്നാം സമ്മാനത്തിന് അര്‍ഹത നേടി. ആര്‍ദ്ര മരിയ ജോ രണ്ടാം സ്ഥാനവും , സാന്‍വി പ്രജോഷ്, എഡ്വേര്‍ഡ് ജോസഫ് സുബിന്‍ എന്നിവര്‍ മൂന്നാം സമ്മാനവും നേടി. ബി വിഭാഗത്തില്‍ അനന്യ ശരത്തിന് ഒന്നാം സമ്മാനം ലഭിച്ചു. അധര്‍വ് സോണി രണ്ടാം സ്ഥാനവും , ജോവന്ന ബിനോയ് മൂന്നാം സ്ഥാനവും നേടി. കാറ്റഗറി സി, പങ്കെടുത്തവരില്‍ ജുവാന്‍സ് ബിജു മാത്യു വിജയിയായി, ആത്മിയ റോസ് ആന്‍സ്റ്റീന്‍ രണ്ടാം സമ്മാനത്തിന് അര്‍ഹയായി. മത്സരത്തില്‍ പങ്കെടുത്ത കഴിവുറ്റ വിദ്യാര്‍ത്ഥികളില്‍ ജി.ആര്‍.സി.സി. നേതൃത്വം അഭിമാനം പ്രകടിപ്പിച്ചു,
നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ പ്രവാസിയെന്ന ബഹുമതി നേടിയ ഡോ. അമാനുല്ല വടക്കാങ്ങരയേയും കമ്മ്യൂണിറ്റി സേവന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ജി.ആര്‍.സി.സി. യുടെ ക്ഷണം സ്വീകരിച്ച് അതിഥിയായെത്തിയ സിനിമാതാരം ഹരി പ്രസാദ് വര്‍മ്മ, ആഷിഖ് മാഹി എന്നിവര്‍ക്ക് ജി.ആര്‍.സി.സി എക്സ്‌കോം അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ റോഷ്നി കൃഷ്ണന്‍, ഷെഫിന്‍ ഷംസുദ്ദീന്‍, സുബൈര്‍ പാണ്ഡവത്ത് , വിനേഷ് ഹെഗ്ഡെ, സുബീര്‍, ശ്രീ പ്രണവ്, ജസ്‌ന, ആയിഷ, റിനിഷ, ജിഷ, സാഗര്‍, ദേവിക, രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ സംബന്ധിച്ചു. ആദരിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെയും നേതൃപാടവത്തെയും ചടങ്ങില്‍ പ്രകീര്‍ത്തിക്കുകയും കമ്മിറ്റി അംഗങ്ങള്‍ ആശംസകള്‍ നേരുകയും ചെയ്തു.
വാലന്റൈന്‍ കേക്ക് കട്ടിംഗിന്റെ മധുര നിമിഷവും തുടര്‍ന്ന് ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഡിന്നറും ആഘോഷത്തിന് പൂര്‍ണത നല്‍കി. സംഗീതവും നൃത്തവും ചിത്രകലയും നിറഞ്ഞ ഒരു മനോഹര രാത്രി കൂടി ജി.ആര്‍.സി.സി. യുടെ ചരിത്രവഴികളിലെ സുവര്‍ണ്ണ താളായി മാറി. പ്രവാസമണ്ണിലും സ്‌നേഹത്തിന്റെയും സംസ്‌കാരത്തിന്റെയും വിളക്കുകള്‍ അണയില്ലെന്ന് വാലന്റൈന്‍സ് ഡേ ഹാങ്ങ്ഔട്ട് 2026 ഒരിക്കല്‍ കൂടി തെളിയിച്ചു.
