ഭാര്യയുടെ സ്വപ്നം

(പ്രവാസിയുടെ ഒരു പഴയ കഥ)
ഇഖ്ബാല്‍ പി കെ വയനാട്
കൈയില്‍ പിടിച്ച റിമോട്ട് കണ്ട്രോള് ആര്‍ക്കോ വേണ്ടി ചാനല്‍ മാറ്റികൊണ്ടു കസേരയില്‍ ഇരിപ്പുറപ്പില്ലാതെ ഗള്‍ഫില്‍നിന്നും കെട്ട്യോന്റെ ഫോണ്‍ കോളും പ്രതീക്ഷിച്ചിരിക്കുകയാണവള്. കുട്ടികള്‍ മൂന്നും ഐ പാഡിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നില്‍ ഹലുവന്മല് ഒട്ടിപ്പിടിച്ച ഈച്ചയെ പോലെ അനങ്ങാതെയിരിപ്പാണ്.
എല്ലാ വെള്ളിയാഴ്ചയും രാവിലെ കൃത്യം പത്തു മണിക്ക് വിളിക്കാറുള്ളതാണദ്ദേഹം . ഇന്നിതെന്തു പറ്റി? ഒരു മിസ്ഡ് കോളടിക്കാന്‍ ഫോണില്‍ ബാലന്‍സും ഇല്ല. ചിലപ്പോള്‍ ഉറങ്ങിപ്പോയതായിരിക്കുമോ? അവളുടെ ചിന്തകള്‍ ചാനല്‍ മാറുന്നതനുസരിച്ചു മാറിക്കൊണ്ടിരുന്നു.
ട്രിങ് ട്രിങ് .. വീട്ടിലെ ലാന്‍ഡ് ലൈന്‍ ഫോണ്‍ റിങ് ചെയ്തു.. ഇന്റര്‍നാഷണല്‍ കോള്‍ തന്നെ .ഹാവൂ സമാധാനമായി. അവള് ഫോണ്‍ എടുത്തു..
‘ഹാലോ … എന്താ വിളിക്കാനിത്ര വൈകിയത്…?’
അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് അപ്പുറത്തു നിന്ന് മറുപടിയൊന്നുമില്ല.
‘ഹാലോ .. ഇക്കയല്ലേ .. ഹാലോ .. ഇതാരാ ..?’
ഫോണ്‍ കട്ടായി ..
വീണ്ടും ബെല്ലടിച്ചു.
‘ഹാലോ…’ അതേയ് ..ഞാന്‍ ഗള്‍ഫില്‍ നിന്ന് വിളിക്കുകയാണ് . നിങ്ങളുടെ ഇക്കാന്റെ റൂം മേറ്റാണ്..’ ഹാലോ കേള്‍ക്കുന്നില്ലേ…’
‘ഓ കേള്‍ക്കുന്നുണ്ട് …..’ അവള് പറഞ്ഞു
‘അതേയ് ..നിങ്ങളുടെ ഇക്കാക്ക് ചെറിയൊരു തല കറക്കം.. പേടിക്കാനൊന്നുമില്ല കേട്ടോ..ഹോസ്പിറ്റലില്‍ പോയിരിക്കുകയാ..എല്ലാ വെള്ളിയാഴ്ചയും ഫോണിനായി കാത്തിരിക്കുന്നത് പറയാറുണ്ട്. അത് കൊണ്ട് വിളിച്ചറിയിച്ചതാണ്. കുട്ടികള്‍ക്കൊക്കെ സുഖമല്ലേ..’
‘ഓ.. എല്ലാവര്ക്കും സുഖം… പിന്നെ,ഇക്കാനോട് വന്നയുടന്‍ തന്നെ ഒന്ന് വിളിക്കാന്‍ പറയണേ..’
മറുപടിക്ക് മുന്നേ ഫോണ്‍ കട്ടായി.
‘ഇത് വരെ ഇങ്ങിനെയൊരു തലകറക്കമൊന്നും കേട്ടിട്ടില്ലല്ലോ റബ്ബേ.. എന്തായിരിക്കും,,!’
‘ആരാ മോളേ ഫോണ്‍ വിളിച്ചത്..?
ബാപ്പയുടെ ചോദ്യം കേട്ടാണ് അവള് ചിന്തയില്‍ നിന്നുണര്‍ന്നത്.
‘ഗള്‍ഫില്‍ നിന്നും ഇക്കാന്റെ കൂട്ടുകാരന് വിളിച്ചതാ.. ഇക്കാക്കെന്തോ തലകറക്കം പോലും. ഹോസ്പിറ്റലില്‍ കാണിക്കാന്‍ പോയെന്നു പറഞ്ഞു.
‘ഗള്‍ഫുകാരനല്ലേ.., വല്ല ബി.പി യോ ഷുഗറോ വരാനുള്ള പുറപ്പാടായിരിക്കും. ഞാനും പണ്ട് ഗള്‍ഫിലുള്ള സമയത്തു എല്ലാം മതിയാക്കി പോരാന്‍ നോക്കിയപ്പോള്‍ ഒരു ചങ്ങാതി ചോദിച്ചത് . ‘ഇങ്ങക്ക് ഷുഗറുണ്ടോ, പ്രഷറുണ്ടോ, ഇങ്ങളെ മുടിയും നരച്ചിട്ടില്ല, കഷണ്ടിയുമില്ല. പിന്നെന്തിനാ ഇപ്പൊ മതിയാക്കി പോകുന്നതെന്നാ..”ചിലപ്പോഴെല്ലാം മതിയാക്കി പോരാനുള്ള ഒരു കാരണമായിരിക്കും.
ബാപ്പ നെടുവീര്‍പ്പിട്ടു..
വീണ്ടും ഫോണ്‍ കോള്‍ .., ബാപ്പ ഫോണ്‍ എടുത്തു..
‘ഹലോ,, അതെ.., ഞാനോന്റെ ബാപ്പയാണ്. ങേ.. ന്റെ.. പടച്ച തമ്പുരാനേ. …
എന്നാല്‍ ചെക്കപ്പ് കഴിഞ്ഞിട്ട് വിളിക്ക്.. ഫോണ്‍ വെക്കട്ടെ..”
‘ഓനെന്തോ ചെക്കപ്പ് വേണമെന്ന് പറഞ്ഞു. പേടിക്കാനൊന്നുമില്ല. അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കും. നീ ഉമ്മാനെ വിളിക്ക്..’ ബാപ്പ അവളോട് പറഞ്ഞു.
അവള് മോനോട് ഉമ്മാമയെ വിളിക്കാന്‍ പറഞ്ഞയച്ചു.
ബാപ്പയുടെ മുഖഭാവം ശ്രദ്ധിച്ച ആ നിമിഷം തന്നെ എന്തോ പന്തികേടുണ്ടെന്നവള്ക്ക് ബോധ്യമായി. ഹൃദയമിടിപ്പ് അവിലിടിക്കുന്ന ശബ്ദത്തേക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു.
കോളിംഗ് ബെല്‍ ശബ്ദിച്ചു. വാതില്‍ തുറന്നു നോക്കിയപ്പോള്‍ കുറെ ആളുകള്‍ മുറ്റത്തു നില്ക്കുന്നു. എന്നും ‘വെട്ടിനൊന്ന് തുണ്ടം രണ്ട്’ മറുപടി പറയുന്ന അവളുടെ നാവ് ‘..ഇന്ന് ജുമുഅ ഇങ്ങോട്ടു മാറ്റിയോ..’ എന്ന് ചോദിക്കാന്‍ വായില്‍ കിടന്നു പിടഞ്ഞു.
ആളുകള്‍ ഓരോരുത്തരായി വീട്ടിനുള്ളില്‍ കയറി.
‘എന്താ എല്ലാരും കൂടി ..?’
… ബാപ്പാന്റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല.
എന്ത് പറയും എങ്ങിനെ പറയും ..എന്നാലോചിച്ചിരിക്കുകയാണെല്ലാവരും…
ചിലസമയത്തു മണ്ടന്മാരെക്കൊണ്ടും കാര്യമുണ്ട് എന്ന് പറഞ്ഞ പോലെ
കൂട്ടത്തില്‍ ഒരു മണ്ടന്‍
‘മയ്യിത്ത് ഇങ്ങോട്ടു കൊണ്ടുവരുന്നുണ്ടോ..?’
എന്ന് ഉച്ചത്തില്‍ ചോദിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. തേങ്ങലുകളും കൂട്ടക്കരച്ചിലും നിമിഷങ്ങള്‍ക്കകം വരവായി. അവള് ബോധരഹിതയായി.
മൂന്നാം ദിവസം… മറ്റൊരു ഫോണ്‍ കോള്‍ വന്നു. ഫോണിന്റെ ബെല്‍ അലര്‍ജിയായി മാറിയ അവള് ഫോണെടുത്തില്ല.
‘മോളേ നിനക്കാ.. ഫോണ്‍..’ എന്ന് പറഞ്ഞു ഉമ്മ അവളുടെ ചെവിയോട് ഫോണ്‍ ചേര്‍ത്തു പിടിച്ചു കൊടുത്തു.
‘ഹലോ.., ആരാ..” എന്ന് ഇടറിയ ശബ്ദത്തില്‍ അവള് ചോദിച്ചു..
‘ഞാന്‍ നിങ്ങളുടെ ഇക്കാന്റെ കൂട്ടുകാരനാണ്. കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് വകയില്‍ മുപ്പത്തഞ്ചു ലക്ഷത്തിന്റെ ഒരു ചെക്ക് അയക്കാനുണ്ട്. പിന്നെ, പല സംഘടനയിലും സുരക്ഷയില്‍ ചേര്‍ന്ന വകയില്‍ അഞ്ചു ലക്ഷത്തോളവും, കൂട്ടുകാരുടെ സഹായനിധിയായി മൂന്നു ലക്ഷവും കൂട്ടി മൊത്തം തുക അയക്കാന്‍ എത്രയും വേഗം നിങ്ങളും കുട്ടികളും കൂടി ഒരു ഗ്രൂപ്പ് ബാങ്ക് അക്കൗണ്ട് തുടങ്ങി നമ്പര്‍ എനിക്കയച്ചു തരണം. ഞാന്‍ അടുത്താഴ്ച വിളിക്കാം. ഓ.കെ.
അവള് എല്ലാം മൂളി കേട്ടു. .
ശേഷം വീണ്ടും ഫോണ്‍ റിങ് ചെയ്തു കൊണ്ടേയിരുന്നു… മകന് ഫോണെടുത്തു ..
‘ഉമ്മാക്ക് കൊടുക്കാം’ എന്ന് പറഞ്ഞു ഉമ്മയെ വിളിച്ചു…
‘ഉമ്മാ..ഉമ്മാ..ഫോണ്‍..’
അവള് ഞെട്ടിയെണീറ്റു..’ഹാലോ..’
‘എന്താ.. ഇതുവരെ എണീറ്റില്ലേ.. ഇന്ന് വെള്ളിയാഴ്ചയല്ലേ.. ‘ എന്ന ചോദ്യം കേട്ടതോടെ അവള് ഒന്നു കൂടി ഞെട്ടി..
‘… ങേ.. ങാ.. ഇക്കാ.. ഞാനുറങ്ങിപ്പോയതാ… ഇങ്ങള് കുറച്ചു കഴിഞ്ഞു വിളിക്ക്… ‘ എന്ന് പറഞ്ഞു അവള് ഫോണ്‍ കട്ട് ചെയ്തു..
ഇക്കാന്റെ മരണം സ്വപ്നത്തില്‍ കാണിച്ചത് പിശാചിന്റെ ഒരു തമാശയായിരുന്നുവെന്നു അവള്‍ക്കു ബോധ്യമായി. കുറച്ചു നേരത്തേക്ക് കണ്ടതു വിശ്വസിക്കാനാവാതെ അവള് ആ സ്വപ്നം വീണ്ടും റീ അടിച്ചു കൊണ്ട് പ്ളേ ചെയ്തു…
കമ്പനി ഇന്‍ഷുറന്‍സും സുരക്ഷാ പദ്ധതിയുമൊക്കെ അവളുടെ തലയില്‍ കയറി അമ്മാനമാടി. ഇതിലൊക്കെ അംഗത്വമെടുത്തോ എന്ന് വെറുതെയെങ്കിലും ചോദിക്കണമോ..എന്ന ചിന്തകളോടെ അവള് ഇക്കയുടെ കോളിനായി കാത്തിരുന്നു.



