Breaking News

കാഫ് സൂപ്പര്‍ കപ്പ് മെയ് 28 ന് ദോഹയില്‍, കാണികള്‍ക്കും അനുവാദം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ടോട്ടല്‍ കാഫ് സൂപ്പര്‍ കപ്പിനായുള്ള മത്സരത്തിന്റെ 29-ാം പതിപ്പ് കാല്‍പന്തുകളിയാരാധകരുടെ സാന്നിധ്യത്തില്‍ മെയ് 28 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു.

ടോട്ടല്‍ കാഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഈജിപ്തിലെ അല്‍ അഹ്‌ലി എസ്സി, ടോട്ടല്‍ കാഫ് കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ മൊറോക്കന്‍ ടീം ആര്‍എസ് ബെര്‍ക്കെയ്ന്‍ എന്നിവര്‍ തമ്മിലാണ് മല്‍സരം

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന നടപടികള്‍ക്ക് അനുസൃതമായി, കോവിഡ് വ്യാപനം തടയുന്നതിന് സ്റ്റേഡിയത്തിന്റെ 30 % ശേഷിയിലാണ് മല്‍സരം നടക്കുക. പൂര്‍ണ്ണമായി വാക്സിനേഷന്‍ ലഭിച്ചവര്‍ക്കും കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ചവര്‍ക്കും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളും (സിഎഎഫ്) തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദോഹ ടോട്ടല്‍ കാഫ് സൂപ്പര്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

കഴിഞ്ഞ രണ്ട് പതിപ്പുകള്‍ ഈജിപ്ഷ്യന്‍ ടീം സമാലെക് എസ്സിയും മൊറോക്കന്‍ ടീമായ രാജ കാസബ്ലാങ്കയും നേടി. ടുണീഷ്യന്‍ ടീം എസ്പെറന്‍സ് സ്പോര്‍ട്ടീവ് ഡി ടുണിസ് ആയിരുന്നു രണ്ട് അവസരങ്ങളിലും റണ്ണറപ്പ്.

ആറ് തവണ കിരീടം നേടിയ ടോട്ടല്‍ കാഫ് സൂപ്പര്‍ കപ്പ് റെക്കോര്‍ഡ് ഉടമകളായ അല്‍ അഹ്‌ലി, 2014 ല്‍ ടുണീഷ്യന്‍ ടീമായ സിഎസ് സ്ഫാക്‌സിയനെയാണ് അവസാനമായി പരാജയപ്പെടുത്തിയത്. എന്നാല്‍ ബെര്‍കെയ്ന്‍ സൂപ്പര്‍ കപ്പില്‍ അവരുടെ കന്നിയങ്കത്തിനിരങ്ങുകയാണ് .

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സമലേക്കിനെ പരാജയപ്പെടുത്തിയാണ് അല്‍ അഹ്‌ലി സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയത്. കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബെര്‍കെയ്ന്‍ പിരമിഡ്സ് എഫ്‌സിയെ പരാജയപ്പെടുത്തിയാണ് പോരാട്ടത്തിനിറങ്ങുന്നത്.

Related Articles

Back to top button
error: Content is protected !!