Breaking News

ഖത്തറില്‍ രണ്ട് വിദ്യാര്‍ഥികളുള്‍പ്പടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ രണ്ട് വിദ്യാര്‍ഥികളുള്‍പ്പടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. റാസ് ലഫ്ഫാനില്‍ ഫ്രഞ്ച് ബീച്ച് എന്നറിയപ്പെടുന്ന ബീച്ചില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്. മൂന്ന് പേരും തമിഴ് നാട് സ്വദേശികളാണ് . വെള്ളിയാഴ്ച വൈകുന്നേരമാണ് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ നടുക്കിയ ദുരന്തമുണ്ടായത്.

ദോഹയിലെ കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റില്‍ ജോലി ചെയ്യുന്ന ബാലാജി (38), ഇദ്ദേഹത്തിന്റെ മകനായ ബിര്‍ള പബ്ലിക് സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥി രക്ഷന്‍ (10),ഡിപി.എസ്. മൊണാര്‍ക്ക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി വര്‍ഷിനി (12) എന്നിവരാണ് മരിച്ചത്.

ബീച്ചിന്റെ ഒരു മൂലയില്‍ മണ്ണും മണലും ചേര്‍ന്ന് കിടക്കുന്നിടത്ത് കുട്ടികള്‍ കുടുങ്ങിയതാണ് അപകടകാരണമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ആഴമില്ലാത്ത സ്ഥലത്ത് കുളിച്ചുകൊണ്ടിരിക്കവേ വലിയൊരു തിര പ്രത്യക്ഷപ്പെട്ടതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുണ്ട്
് ബാലാജിയും വര്‍ഷിനിയും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. കോസ്റ്റ് ഗാര്‍ഡും പോലീസും ചേര്‍ന്ന് രക്ഷിച്ച ബാലാജിയുടെ മകന്‍ സിദ്ര ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോവുമെന്നറിയുന്നു.