Uncategorized

പുതുക്കിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ തല്‍ക്കാലം ഗള്‍ഫ് പ്രവാസികളെ ബാധിക്കില്ല .അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്ത് ഭീഷണിയുയര്‍ത്തുന്ന കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതുക്കിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ തല്‍ക്കാലം ഗള്‍ഫ് പ്രവാസികളെ ബാധിക്കില്ലെന്നും സാമൂഹ്യ പ്രവര്‍ത്തകനും കേരള ലോക സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ പ്രവാസ ലോകത്ത് വലിയ തോതിലുള്ള ആശങ്കകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യയില്‍ ദുരിതം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്ന വിലയിരുത്തലിന് പിന്നാലെ, സര്‍ക്കാര്‍ 28-11-2021 ഇറക്കിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നാട്ടില്‍ ഇറങ്ങുന്ന എയര്‍പോര്‍ട്ടുകളില്‍ നിന്ന് പി.സി.ആര്‍ ടെസ്റ്റ് എടുക്കണമെന്നും ഒരാഴ്ചത്തെ ക്വാറന്റയിന്‍ വേണമെന്നുള്ള നിബന്ധനയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്‍പ്പെടുന്നില്ലെന്നത് ആശ്വാസകരമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ചുരുങ്ങിയ അവധിക്ക് നാട്ടില്‍ പോവാന്‍ തയ്യാറെടുക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും ഈ നിലപാട് പ്രധാനമാണ് .

വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ പേര്‍ക്കും ഇങ്ങിനെ വേണ്ടി വരുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏകദേശം കോവിഡ് മുക്തമായതും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. റിസ്‌കക് കൂടിയ രാജ്യങ്ങളുടെ ലിസ്റ്റ് ഇ്ന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കിയിട്ടുണ്ടെന്നും അതില്‍ ഗള്‍ഫ് രാജ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നും സാധാരണ ഗതിയിലുള്ള അന്താരാഷ്ട്ര വിമാനസര്‍വ്വീസ് ഡിസംബര്‍ 15 ന് തുടങ്ങാനുള്ള ഉത്തരവ് പുന:പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ബബ്ള്‍ അഗ്രിമെന്റ് നീളാനാണ് സാധ്യത. ബബ്ള്‍ അഗ്രിമെന്റ് പ്രകാരമുള്ള വിമാനങ്ങള്‍ പലപ്പോഴും അവസാന നിമിഷത്തില്‍ റദ്ദാക്കുന്ന പ്രവണത ഏറിവരികയാണെന്ന പരാതി ഉയര്‍ന്ന് വരുന്നുണ്ട്. സാധാരണ വിമാന സര്‍വ്വീസുകള്‍ മുടങ്ങിയാല്‍ ലഭിക്കേണ്ട പല നഷ്ടപരിഹാരങ്ങളും എയര്‍ബബ്ര്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വ്വീസില്‍ നിന്ന് ലഭ്യമല്ലെന്നതും യാത്ര ദുഷ്‌കരമാക്കുന്നുണ്ട്. അതുപോലെ വിമാനക്കൂലിയുടെ കാര്യത്തിലും അന്തരം ഉണ്ട്.

സാധാരണ രീതിയിലുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം ഇന്ത്യയിലെ ടൂറിസം വകുപ്പ് അടക്കം ആവശ്യപ്പെട്ടതുമാണ്. റിസ്‌ക് രഹിത രാജ്യങ്ങളിലേക്ക് മുഴുവന്‍ സര്‍വ്വീസ് നടത്താനും റിസ്‌ക് ഉള്ളതും എന്നാല്‍ ബബ്ള്‍ കരാര്‍ ഉള്ള രാജ്യങ്ങളിലേക്ക് 75% കപ്പാസിറ്റിയിലും റിസ്‌ക് ഉള്ളതും ബബ്ള്‍ കരാര്‍ ഇല്ലാത്ത രാജ്യങ്ങളിലേക്ക് 50% കപ്പാസിറ്റിയിലും വിമാന സര്‍വ്വീസ് നടത്താനുമായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഈ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ പുന:പരിശോധിക്കുന്നത്. റിസ്‌ക് ഒട്ടും ഇല്ലാത്ത ഗള്‍ഫ് സെക്ടറിലേക്ക് സാധാരണ സര്‍വ്വീസ് തുടങ്ങണമെന്നതാണ് പ്രവാസികളുടെ ആവശ്യം. അതോടൊപ്പം ഏതെങ്കിലും കാരണത്താല്‍ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങള്‍ വരുമോയെന്നും നാട്ടിലേക്ക് പോയാല്‍ മടങ്ങിവരുന്നതിന് പ്രയാസം നേരിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.കോവിഡ് കാരണം രണ്ട് വര്‍ഷത്തിലധികം നാട്ടില്‍ പോവാന്‍ പറ്റാത്ത പലരും അല്‍പം സമാധാനത്തോടെ നാടണയാന്‍ ഒരുങ്ങുന്ന വേളയിലാണ് പുതിയ പരീക്ഷണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം യാത്ര ചെയ്യുന്നതാവും അഭികാമ്യം.ലോകത്തെ ഏത് ചലനവും ആദ്യമായി ബാധിക്കുന്ന വിഭാഗമാണ് പ്രവാസികള്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി നിരീക്ഷിച്ചു.

Related Articles

Back to top button
error: Content is protected !!