‘സ്ലേറ്റില്‍ വരച്ച സന്ധ്യകള്‍’ അഥവാ ഖത്തര്‍ ജീവിതത്തിന്റെ മാസ്മരിക കാഴ്ചകള്‍

അമാനുല്ല വടക്കാങ്ങര
ഖത്തറിലെ പ്രവാസി എഴുത്തുകാരന്‍ ജാബിര്‍ റഹ് മാന്റെ കന്നി പുസ്തകമായ സ്ലേറ്റില്‍ വരച്ച സന്ധ്യകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ സഹൃദയ ലോകത്തിന്റെ സജീവ ശ്രദ്ധയാകര്‍ഷിച്ചത് പുസ്തകം കോറിയിടുന്ന ഖത്തര്‍ ജീവിതത്തിന്റെ മാസ്മരിക കാഴ്ചകളും സാംസ്‌കാരിക വിശകലനങ്ങളും കൊണ്ടാണ്. കറന്റ് ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ച പുസ്‌കം വായനലോകത്ത് തരംഗം സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളി ലോകകായിക ഭൂപടത്തില്‍ സാന്നിധ്യം അടയാളപ്പെടുത്തി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ വ്യവസായിക മേഖലകളിലൊക്കെ കുതിച്ചുചാട്ടത്തിനൊരുങ്ങിയ ഖത്തറിന്റെ ഭൂമികയില്‍ 2007 ല്‍ ജോലി തേടി വന്ന ഒരു ചെറുപ്പക്കാരന്റെ കൗതുകവും നിരീക്ഷണങ്ങളുമൊക്കെയാണ് സ്‌ളേറ്റില്‍ വരച്ച സന്ധ്യകള്‍ വരച്ചുവെക്കുന്നത്. മനോഹരമായ ഖത്തറെന്ന കൊച്ചുരാജ്യത്തിന്റെ ആകാശവും അവിടെ വിരിയുന്ന മഴവില്‍ വര്‍ണങ്ങളും സാംസ്‌കാരിക ഗരിമയുമൊക്കെ ഒരു ചെറുപ്പക്കാരന്റെ ഭാവനയെ തൊട്ടുതലോടിയപ്പോള്‍ ഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്ന ഒരു കൃതി പിറക്കുകയായിരുന്നു.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ നിരീക്ഷണ പാഠവവും അന്വേഷണ ത്വരയും ഖത്തറിനെയും ഖത്തറിലെ ജനങ്ങളെയും മാത്രമല്ല സംസ്‌കാരവും പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനങ്ങളുമൊക്കെ തിരിച്ചറിയാനും ഉള്‍കൊള്ളാനും സഹായകമായതിനാലാകാം ഖത്തര്‍ ജീവിതത്തിന്റെ മാസ്മരിക കാഴ്ചകളായി പുസ്തകം മാറുന്നത്.
കോട്ടയം കുമ്മനം കുന്നപ്പള്ളില്‍ കെ കെ അബ്ദുല്‍ റഹ് മാന്റെയും താഴത്തങ്ങാടി ആയിരംതൈയ്ക്കല്‍ ഐഷ അബ്ദുല്‍ റഹ് മാന്റെയും മകനായി താഴത്തങ്ങാടിയിലാണ് ജാബിര്‍ റഹ് മാന്റെ ജനനം. കോട്ടയം സി എം എസ് കോളജ് ഹൈസ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയാ കോളജ്, എം ജി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, ഭാരതീയ വിദ്യാഭവന്‍, ഡീസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍പിജി ഡിപ്ലോമയുമുള്ള ജാബിര്‍ പത്രമാധ്യമങ്ങളിലും മാസികകളിലുമൊക്കെ നിരവധി ലേഖനങ്ങളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തന്റെ വീടിനടുത്തുള്ള താഴത്തങ്ങാടി ഇഖ്ബാല്‍ പബ്‌ളിക് ലൈബ്രറിയാണ് വായനാസ്വഭാവമുണ്ടാകാന്‍ കാരണമായത്. കുട്ടിക്കാലത്ത് ഈ ലൈബ്രറിയില്‍ നിന്നും നിരവധി റഷ്യന്‍ ചില്‍ഡ്രന്‍ ലിറ്ററേച്ചര്‍ പുസ്തകങ്ങള്‍ വായിച്ചതോര്‍ക്കുന്നു. എന്നാല്‍ 1992 ല്‍ ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയ കോളേജിലെത്തിയതാണ് ജാബിറിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. കോളേജില്‍ ഒ.അബ്ദുല്ല, ഒ.അബ്ദുറഹിമാന്‍ തുടങ്ങിയ അനുഗ്രഹീത എഴുത്തുകാരുടെ ശിഷ്യത്വവും കോളേജിലെ വൈജ്ഞാനിക പരിസരവും എഴുത്തിന്റേയും വായനയുടേയും ചക്രവാളങ്ങള്‍ വികസിക്കുവാന്‍ കാരണമായി. കോളേജില്‍ സീനിയറായിരുന്ന ടി.മുഹമ്മദ് വേളം പോലുളളവരുടെ സഹവാസവും സൗഹൃദവും സര്‍ഗസഞ്ചാരത്തിന് പ്രോല്‍സാഹനമായി.
പത്രാധിപര്‍ക്കുളള കത്തുകളായിരുന്നു എഴുത്തിലെ തുടക്കം. പിന്നീട് പഠനങ്ങളും ലേഖനങ്ങളും വിശകലനങ്ങളും കുറിപ്പുകളുമായി മാധ്യമ ലോകത്ത് സജീവമായി. 6 വര്‍ഷത്തോളം മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്തശേഷമാണ് പ്രവാസ ലോകത്തെത്തിയത്. പ്രവാസ ലോകത്തും വിവിധ പ്രസിദ്ധീകരണങ്ങളില്‍ സജീവമായിരുന്നു.
കഴിഞ്ഞ പതിനെട്ട് വര്‍ഷത്തോളമായി ഖത്തര്‍ പ്രവാസിയായ ജാബിര്‍ റഹ്‌മാന്റെ പ്രഥമ പുസ്തകം പ്രവാസ ലോകത്തും ക്രിയാത്മക ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. പ്രവാസം പലപ്പോഴും പ്രയാസവും നാടിന്റെ ഗൃഹാതുര ഓര്‍മകള്‍ നഷ്ടപ്പെടുത്തുന്നതുമൊക്കെയാണെങ്കിലും പ്രവാസ ലോകത്തിരുന്നും പോറ്റമ്മയുടെ മടിത്തട്ടില്‍ സ്വപ്‌നങ്ങളുടെ ചിറകിലേറി കിനാവിന്റെ ലോകത്ത് വിഹരിക്കാനാകുമെന്നാണ് ജാബിര്‍ തെളിയിക്കുന്നത്.
കുടുംബത്തോടൊപ്പം ദോഹയില്‍ താമസിക്കുന്ന ജാബിറിന്റെ ഭാര്യ സാബിയും ദിയ അഫ്രീന്‍, മുഹമ്മദ് സെയ്ന്‍ അബ്ദുറഹ് മാന്‍, മറിയം റഹ് മാന്‍ എന്നിവര്‍ മക്കളുമാണ്.