Archived Articles

പ്രവാസി ക്ഷേമ പദ്ധതികള്‍ അറിയാം – കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍ ഉദ്ഘാടനം ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ : പ്രവാസി ക്ഷേമ പദ്ധതികള്‍ -അറിയാം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്(ജൂണ്‍ മൂന്ന് വെള്ളി) നടക്കും.

നോര്‍ക്ക , കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോര്‍ഡ് എന്നിവയുടെ വിവിധ പദ്ധതികള്‍, ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക , വിവിധ പദ്ധതികളില്‍ അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക , പദ്ധതികള്‍ ആകര്‍ ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കേരള സര്‍ക്കാറിന്റെ വിവിധ പ്രവാസി പദ്ധതികളെ കുറിച്ച സമഗ്രമായ പഠനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കള്‍ച്ചറല്‍ ഫോറം ജൂണ്‍ 01 മുതല്‍ 30 വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് (വെള്ളി) വൈകീട്ട് 4 മണിക്ക് ഏഷ്യന്‍ ടൗണിലെ ഗ്രാന്റ്മാളില്‍ നടക്കും. നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി.വി റപ്പായി, ഐ.സി.ബി.എഫ് ആക്റ്റിംഗ് പ്രസിഡന്റ് വിനോദ് നായര്‍, ഗ്രാന്റ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ്, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റു മാരായ മുഹമ്മദ് കുഞ്ഞി, ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ചവര്‍ക്കും ഗള്‍ഫ് നാടുകളില്‍ അപകടമോ തൊഴില്‍ നഷ്ടമോ സംഭവിച്ചവര്‍ക്കും സംസ്ഥാന ബജറ്റിലും മറ്റും വകയിരുത്താറുള്ള തുകകള്‍ അജ്ഞത മൂലം ഭൂരിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടാതെ പോകുകയും ഫണ്ടുകള്‍ ലാപ്‌സായി പോകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമായി വിവിധ പദ്ധതികള്‍ പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി പരമാവധി ആളുകളെ അതില്‍ അംഗങ്ങളെ ആക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.

കാമ്പയിന്റെ ഭാഗമായി റിസോര്‍സ്സ് പേഴ്‌സണ്‍ വര്‍ക്ക് ഷോപ്പ്, ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ ക്ഷേമനിധി പ്രവാസി ബൂത്തുകള്‍, ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ സദസ്സുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. വിവിധ ജില്ല കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്കും കീഴില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും അംഗത്വം എടുക്കാനുള്ള ബൂത്തുകളും ക്യാമ്പയിന്‍ കാലത്ത് ഒരുക്കും. വിവിധ പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചും പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി പ്രവാസി കൂട്ടായ്മകള്‍ക്ക് 7062 9272 എന്ന നമ്പറില്‍ ബന്ധപ്പെടാം.സര്‍ക്കാര്‍ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസികളില്‍ നിന്നും ലഭിക്കുന്ന പരാതികളും നിര്‍ദ്ദേശങ്ങളും കമ്പയിന്റെ ഭാഗമായി സര്‍ക്കാരിന് സമര്‍പ്പിക്കും.

കാമ്പയിന്‍ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഫൈസല്‍ എടവനക്കാടിനെ ജനറല്‍ കണ്‍വീനര്‍ ആയും മുഹമ്മദ് ഷെറിന്‍, സുനീര്‍ എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. ഉവൈസ് എറണാകുളം, അഫ്‌സല്‍ അബ്ദുല്‍ കരീം, സക്കീന അബ്ദുല്ല, നിസ്താര്‍, സൈനുദ്ദീന്‍ തീര്‍ച്ചിലോത്ത്, ഷറഫുദീന്‍ സി, അല്‍ജാബിര്‍, നൗഷാദ്, ഇസ്മായില്‍, ഹഫീസുല്ല തുടങ്ങിയവരെ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ കൊല്ലം ,സെക്രട്ടറിമാരായ സിദ്ദീഖ് വേങ്ങര, കെ.ടി മുബാറക്, അനീസ് മാള, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!