ഗ്ലോബല്‍ സ്പേസ് മത്സരം:നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് മികച്ച വിജയം

ദോഹ : ലണ്ടനിലെ ആര്‍ട്‌സ് ആന്‍ഡ് ബിസിനസ് കോളേജും സ്പേസ് സ്റ്റോറും ചേര്‍ന്ന് സംഘടിപ്പിച്ച 2025 ലെ സ്പേസ് മത്സരത്തില്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ വിജയം നേടി. ‘മാര്‍സ് 2040’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ഭാവിയിലെ ശാശ്വതവും സുസ്ഥിരവുമായ മാര്‍സ് ഗ്രഹത്തിലെ താമസ സൗകര്യം രൂപകല്പന ചെയ്യാന്‍ 12 മുതല്‍ 19 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അന്താരാഷ്ട്ര മത്സരം അവസരമൊരുക്കിയത്.
വിവിധ ലോകരാജ്യങ്ങളില്‍ നിന്നും 170 ടീമുകള്‍ മത്സരിച്ച പ്രാഥമിക റൗണ്ടില്‍ നിന്നും 10 ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്ക് മത്സരിച്ചത്. ഫൈനല്‍ റൗണ്ടില്‍, യു എസ് എ യില്‍ നിന്നുള്ള ടീം ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഖത്തറില്‍ നിന്നുള്ള നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ടീമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ന്യൂസ്ലാന്‍ഡ്, യു കെ രാജ്യങ്ങളിലെ ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ അശ്വന്ത് കുമാര്‍, അമല്‍ ഷിബു, ശിവാംഗ് ശര്‍മ, ഹാസിം അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ‘മാര്‍സ് 2040’ പുതുമ, സുസ്ഥിരത, മികവാര്‍ന്ന അവതരണം എന്നിവയിലൂടെ വിധികര്‍ത്താക്കളുടെ പ്രശംസയ്ക്ക് പാത്രമായി.
വിദ്യാര്‍ത്ഥികളുടെ ഈ ആഗോള വിജയം നോബിള്‍ സ്‌കൂളിനും ഖത്തറിലെ വിദ്യാഭ്യാസ സമൂഹത്തിനും അഭിമാനം നല്‍കുന്നതായി സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദും അറിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍സ്, ഹെഡ് ഓഫ് സെക്ഷന്‍സ്, അധ്യാപകര്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.