നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് സി ബി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ്സ് ബോര്‍ഡ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം

ദോഹ : 2024 -25 അധ്യയന വര്‍ഷത്തെ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷയില്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് 100 ശതമാനത്തിന്റെ മികച്ച വിജയം. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച വിജയം നേടി. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ പതിനഞ്ച് വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്കും എഴുപത് വിദ്യാര്‍ഥികള്‍ 75 ശതമാനത്തിലധികം മാര്‍ക്കും നേടി ഉന്നത വിജയത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചു. അര്‍ജുന്‍ നാഥന്‍ 96 % മാര്‍ക്കോടെ ഒന്നാമതെത്തി . അമാന്‍ മുനീര്‍ ,വിസ്മിത് വിനോദ്, ഫാന്നാന്‍ ഫാരിസ് ,ജോസഫ് ദാര്‍ഷലിന്‍ എന്നിവര്‍ 93.4 ശതമാനം മാര്‍ക്കോടെ രണ്ടാമതെത്തി.
പന്ത്രണ്ടാം ക്ലാസ്സില്‍ ബോര്‍ഡ് പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും മികച്ച വിജയം കരസ്ഥമാക്കി. 49 വിദ്യാര്‍ഥികള്‍ 75 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കി. സയന്‍സ് വിഭാഗത്തില്‍ അദ്‌നാന്‍ ബിന്‍ അംജദ് ഒന്നാം സ്ഥാനവും, ഇനായത് ആലം ഷെയ്ഖ്,റായദ് അബ്ദുല്‍ നാസര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോമേഴ്സ് വിഭാഗത്തില്‍ ഫാത്തിമ മജ്ദിയ ഒന്നാമതെത്തി.
വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സമര്‍പ്പണവും വലിയ പങ്ക് വഹിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുള്‍ റഷീദ് അഭിപ്രായപ്പെട്ടു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും പ്രശംസനീയമായ സേവനത്തിലൂടെ അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളും പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ് ,വൈസ് പ്രിന്‍സിപ്പല്‍സ് ജയമോന്‍ ജോയ്,റോബിന്‍ കെ ജോസ്, ഷിഹാബുദ്ധീന്‍ എന്നിവരും അഭിനന്ദിച്ചു.