ഖിയ ചാമ്പ്യൻസ് ലീഗ് : സിറ്റി എക്‌സ്‌ചേഞ്ചും ഗ്രാൻഡ് മാളും സെമി ഫൈനലിൽ

ദോഹ: ഒരു മാസക്കാലമായി നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിയുമ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി സിറ്റി എക്‌സ്‌ചേഞ്ച് എഫ്‌സി, ഗ്രാൻഡ് മാൾ എഫ്‌സി എന്നിവർ നേരിട്ട് സെമി ഫൈനലിൽ ബർത്ത് കരസ്ഥമാക്കി. ഫാൻ ഫോർ എഫ്‌സി, ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്‌സി, ഖത്തർ തമിഴ് സംഘം എന്നിവരാണ് പ്ലേയ് ഓഫ് കളിക്കാനായി യോഗ്യത നേടിയ ടീമുകൾ.
വ്യാഴം വെള്ളി ദിവസങ്ങളിലായി നടന്ന നിർണായക മത്സരങ്ങളിൽ ഫാൻ ഫോർ എവർ എഫ്‌സി, ഗ്രാൻഡ് മാൾ എഫ്‌സി, സിറ്റി എക്‌സ്‌ചേഞ്ച് എന്നിവർ വിജയം വരിച്ചപ്പോൾ കരുത്തരായ ഫിഫ മഞ്ചേരിക്ക് ഖത്തർ തമിഴ് സംഘത്തിന് മുന്നിൽ സമനില വഴങ്ങേണ്ടി വന്നു. ആദ്യ പകുതിയിൽ ഫിഫ മഞ്ചേരി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും മുബൈ എഫ്‌സി ഗോൾ കീപ്പർ രഹനേഷിനെ കീഴ്പെടുത്തി തമിഴ് സംഘം സമനില ഗോൾ നേടി.
ചൊവ്വാഴ്ച നടക്കുന്ന പ്ലേ ഓഫിൽ ഫാൻ ഫോർ എഫ്‌സി ഖത്തർ തമിഴ് സംഘത്തെയും ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്‌സി ഫ്രണ്ട്സ് ഓഫ് തൃശ്ശൂരിനെയും നേരിടും. വെള്ളിയാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ.
ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് : എം ഇ എസ് , അൽ ഖോർ ഇന്റർനാഷണൽ സ്കൂൾ, ഒലീവ് സ്കൂൾ, ലയോള സ്കൂൾ സെമിയിൽ
ദോഹ: ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ എം ഇ എസ് സ്കൂൾ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ഐഡിയൽ സ്കൂളിനെയും, അൽഖോർ സ്കൂൾ ആറു ഗോളുകൾക്ക് എം ഇ എസ് സ്കൂൾ 2 വിനേയും പരാജയപ്പെടുത്തി .രാജഗിരി സ്കൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത ലയോള സ്കോളും, ഇഞ്ചോടിച്ചു പോരാട്ടത്തിനൊടുവിൽ ഡിപിഎസ് മൊണാർക് സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച് ഒലിവ് സ്കൂളും ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗിൽ സെമി ബെർത്ത് ഉറപ്പിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ എം ഇ എസ് സ്കൂൾ , അൽഖോർ ഇന്റർനാഷണൽ സ്കൂളിനെയും തുടർന്ന് ഒലിവ് ഇന്റർനാഷണൽ സ്കൂൾ, ലയോള ഇന്റർനാഷണൽ സ്കൂളിനെയും നേരിടും.
ഖത്തർ സ്പോർട്സ് മിനിസ്ട്രി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ കായി ഖത്തർ ആണ്, ഓട്രോൾ ടെക്നോളജീസ്, ഇസുസു ഖത്തർ, ഹോട് ആൻഡ് കൂൾ കാസിൽ ഗ്രൂപ്പ് എന്നിവർ സഹ പ്രയോജകരുമാണ്.