കുഞ്ഞുങ്ങളെന്ന കണ്ണാടിയില്‍ നമ്മെത്തന്നെ കാണാം

ബഷീര്‍ വടകര
കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും തന്നെയാണ് അവര്‍ പഠിക്കുന്നത്. ചുറ്റുപാടുകളാണ് അവരെ നല്ലതും ചീത്തയും ആക്കുന്നത്.
ഷാര്‍ജയില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഒരു ജീവനുള്ള കുഞ്ഞിനെ ഒരു പാവക്കുട്ടി എന്ന ലാഘവത്തോടെ ഫ്ലാറ്റില്‍ നിന്ന് താഴേക്ക് എറിഞ്ഞുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ നമ്മിലുണ്ടാവേണ്ടത് ഞെട്ടലും വേദനയും മാത്രമല്ല, ഒരു ഗൗരവമായ സാമൂഹിക ആത്മപരിശോധനയാണ് .
യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ ഒരു പക്ഷെ വിരല്‍ ചൂണ്ടേണ്ടത് കുട്ടികളിലേക്കല്ല; മറിച്ച് കുറ്റവാസനയുള്ള കുട്ടികളെ സൃഷ്ടിക്കുന്ന ചുറ്റുപാടുകളിലേക്കും മുതിര്‍ന്നവരുടെ ലോകത്തിലേക്കുമാകാം.
ഒരു കുഞ്ഞ് ജനിക്കുന്നത് വെറുപ്പുമായോ വിദ്വേഷവുമായോ അല്ല സ്നേഹിക്കാനും വിശ്വസിക്കാനും കരുണ കാണിക്കാനുമുള്ള സ്വാഭാവിക ശേഷിയുമായാണ് ഓരോ കുഞ്ഞും ഈ ലോകത്തേക്ക് വരുന്നത്-
എന്നാല്‍ വീട്ടില്‍ അവര്‍ കേള്‍ക്കുന്നത് മറ്റുള്ളവരെക്കുറിച്ചുള്ള അപവാദങ്ങളോ മത-ജാതി-വര്‍ഗ്ഗ-രാജ്യ വിവേചനങ്ങള്‍ പോലുള്ള വെറുപ്പും പ്രതികാരവും അപരവത്കരണവും നിറഞ്ഞ സംഭാഷണങ്ങളോ ആണെങ്കില്‍ ആ വാക്കുകള്‍ പതിയെ അവരുടെ മനോമുകുരത്തില്‍ പതിഞ്ഞുകൂടും.
ഇന്ന് അതിനേക്കാള്‍ ഗൗരവത്തോടെ പരിശോധിക്കേണ്ട മറ്റൊരു മേഖലയുണ്ട് അതായത്
നമ്മുടെ കുഞ്ഞുങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്താണ് കാണുന്നത്,അവര്‍ ഏതുതരത്തിലുള്ള വീഡിയോകളാണ് പിന്തുടരുന്നത് ഏതുതരം ഗെയിമുകളാണ് കളിക്കുന്നത്? അവരുടെ വിനോദലോകം സഹജീവികളെ മനസ്സിലാക്കാനും സഹാനുഭൂതി വളര്ത്താനുമാണോ സഹായിക്കുന്നത്, അതോ അക്രമത്തെയും അപമാനത്തെയും സാധാരണവല്‍ക്കരിക്കുകയാണോ?…
ഒരു കുട്ടിയുടെ മനസ്സില്‍ ആവര്‍ത്തിച്ച് കടന്നുവരുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അവരുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുമെന്ന കാര്യം നാം ഒരിക്കലും മറക്കരുത്.
കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പോലും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്, കാരണം മറ്റുള്ളവരെ ആക്രമിക്കാനും നശിപ്പിക്കാനും പഠിപ്പിക്കുന്ന ആയുധങ്ങളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങളോ കുട്ടികളുടെ പ്രധാന വിനോദമാകാതിരിക്കാന് ശ്രദ്ധിക്കണം. അവരുടെ കൈകളില്‍ കരുതലും സൃഷ്ടിപരതയും സഹകരണബോധവും വളര്‍ത്തുന്ന കളിപ്പാട്ടങ്ങളായിരിക്കണം എത്തേണ്ടത് അല്ലാതെ ആക്രമണവും ആധിപത്യബോധവും വളര്‍ത്തുന്നവയല്ല.
നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മള് പറയുന്നത് മാത്രമല്ല, നമ്മള് ജീവിക്കുന്നത് കൂടിയാണ് പഠിക്കുന്നത്.
നമ്മുടെ ശബ്ദവും വികാരവും പ്രതികരണങ്ങളും അവരുടെ സ്വഭാവത്തിന്റെ ഭാഗമാകുമെന്നതിനാല്‍ കുട്ടികളുടെ മുന്നില്‍ കാരുണ്യത്തോടെ സംസാരിക്കുകയും മറ്റുള്ളവരുടെ നന്മകളെക്കുറിച്ച് എടുത്ത് പറയുകയും ചെയ്യണം .
സഹാനുഭൂതിയുടെ വില വൈകാരിക ഭാഷയില്‍ അവരെ പഠിപ്പിപ്പിച്ചാല് ലോകത്തിലെ എല്ലാ മനുഷ്യരും തങ്ങളെപ്പോലെ തന്നെ വികാരങ്ങളും വേദനകളും സ്വപ്നങ്ങളും ഉള്ളവരാണെന്ന ബോധം അവരുടെ മനസ്സില്‍ വളര്‍ത്തണം.
കുട്ടികളുടെ മാനസിക വളര്‍ച്ചയെ പഠനവിജയങ്ങളുടെയും മാര്‍ക്കുകളുടെയും മാത്രം അടിസ്ഥാനത്തില്‍ അളക്കുന്നതിന് പകരം അവരുടെ ഉള്ളില്‍ കരുണയുണ്ടോ, സഹജീവികളോടുള്ള ബഹുമാനമുണ്ടോ, മറ്റൊരാളുടെ വേദന മനസ്സിലാക്കാനുള്ള കഴിവുണ്ടോ എന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം എന്നതിനാല്‍ അത്തരം മൂല്യങ്ങള്‍ കുടുംബവും വിദ്യാലയവും സമൂഹവും ഒരുമിച്ച് പകര്‍ന്നു നല്‍കേണ്ടതാണ്.
ഒരു ദുരന്തവാര്‍ത്ത കേള്‍ക്കുമ്പോള്‍ കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്, അവരുടെ ലോകത്തെ നാം പരിശോധിക്കുമ്പോള്‍ അവര്‍ കാണുന്ന സ്ക്രീനുകളെയും കേള്‍ക്കുന്ന സംഭാഷണങ്ങളെയും അനുഭവിക്കുന്ന കുടുംബാന്തരീക്ഷത്തെയും വിലയിരുത്തണം. കാരണം കുട്ടികള്‍ നാളെയുടെ സമൂഹമല്ല ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്.
കുട്ടികളുടെ മനസ്സുകളില്‍ നാം വിതയ്ക്കുന്നത് സ്നേഹമാണെങ്കില്‍ നാളെ പൂക്കളാണ് വിരിയുക നേരെ മറിച്ചു് വെറുപ്പും അക്രമവും അനാസ്ഥയുമാണെങ്കില്‍, അതിന്റെ കയ്പേറിയ ഫലങ്ങള്‍ സമൂഹം തന്നെ കൊയ്യേണ്ടിവരും.
കുഞ്ഞുങ്ങളെന്ന കണ്ണാടിയില്‍ നമ്മെത്തന്നെ കാണാന്‍ നമുക്ക് തയ്യാറാകണം. കാരണം അവരുടെ കണ്ണുകളില്‍ പ്രതിഫലിക്കുന്നത് അവരുടെ മാത്രം മുഖമല്ല; നമ്മുടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും യഥാര്‍ത്ഥ മുഖമായ ആ പ്രതിബിംബം മനോഹരമാകണമെങ്കില്‍ ആദ്യം നാം മനോഹരമായ മനുഷ്യരാകണം.
കരുണയും സഹാനുഭൂതിയും മനുഷ്യസ്നേഹവും നിറഞ്ഞ ഒരു ലോകം കുട്ടികള്‍ക്ക് കൈമാറാന്‍ കഴിഞ്ഞാല്‍ മാത്രമേ നാളെയുടെ സമൂഹം കൂടുതല്‍ സുരക്ഷിതവും മാനുഷികവും പ്രത്യാശയും നിറഞ്ഞതായി തീരുകയുള്ളൂ.