Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വിദ്വേഷ പ്രസ്താവന നടത്തിയ ദുര്‍ഗ ദാസിനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത് പ്രവാസ ലോകം

അമാനുല്ല വടക്കാങ്ങര

ദോഹ. മുസ്ലിം സമുദായത്തിനെതിരെയും ഗള്‍ഫിലെ നഴ്സുമാര്‍ക്കെതിരെയും വിദ്വേഷ പ്രചരണം നടത്തിയ ദുര്‍ഗാദാസിനെ മലയാളം മിഷന്‍ കോഓഡിനേറ്റര്‍ പദവിയില്‍നിന്ന് പുറത്താക്കിയ നടപടിയെ പ്രവാസ ലോകം സ്വാഗതം ചെയ്തു.

സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റേയും പാരസ്പര്യത്തിന്റേയും മഹിത മാതൃക നിലനില്‍ക്കുന്ന പ്രവാസ ലോകത്ത് ഇത്തരം വിഷലിപ്തമായ വാക്കുകളും ചിന്തകളും വിലപ്പോവില്ലെന്ന ശക്തമായ സന്ദേശമാണ് ഇന്നലെ പ്രവാസലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന പ്രതികരണങ്ങള്‍ നല്‍കുന്നത്.

ജനകീയ വികാരം മാനിച്ച് 24 മണിക്കൂറിനകം നടപടി സ്വീകരിച്ച മലയാളം മിഷന്‍ നിലപാടിന് കയ്യടിക്കുകയാണ് പ്രവാസ ലോകം.

കേരള സര്‍ക്കാറിന്റെ സമയോചിത ഇടപെടല്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പ്രതികരിച്ചത്.

ജോലി ആവശ്യാര്‍ത്ഥം വിദേശങ്ങളിലെത്തിയ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും നാട്ടിലെയും വിദേശങ്ങളിലെയുംസഹകരണത്തിനും സൗഹാര്‍ദ്ദത്തിനും കോട്ടം തട്ടാത്ത വിധം പ്രവര്‍ത്തിക്കാനുമാണ് സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകളും വ്യക്തികളും പരിശ്രമിക്കേണ്ടത്. റംസാനും വിഷുവും ഈസ്റ്ററും ഒന്നിച്ച് കഴിച്ചു തീരും മുമ്പേ പുറത്ത് വന്ന ദുര്‍ഗ ദാസിന്റെ പ്രസ്താവനയെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്തത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മത വൈരം പരത്തി , സമൂഹത്തില്‍ വിള്ളലുണ്ടാക്കുവാന്‍ വിവാദ പ്രസ്താവന നടത്തിയ ദുര്‍ഗ്ഗാദാസിനെ മലയാളം മിഷന്റെ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കം ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടും ഇന്‍കാസ് നേതാവുമായ എ.പി. മണി കണ്ഠന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

മലയാളം മിഷന്റെ പ്രസിഡണ്ട് മധുവിന്റെയും ,ഒട്ടേറെ പൊതുപ്രവര്‍ത്തകരുടേയും സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെയും ആവശ്യപ്പെടലുകള്‍ക്കൊടുവിലാണ് മലയാളംമിഷന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത് . സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരക്കാരെ മാറ്റി നിര്‍ത്തണം.

ഇന്ത്യയിലെയും ഖത്തറിലേയും കൃത്യമായ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടക്കൂ എന്നിരിക്കെ ഏതടിസ്ഥാനത്തിലാണ് ഇത്തരം വികലമായ ഒരു ആരോപണം ഇയാള്‍ ഉന്നയിക്കുന്നത് .

കാലങ്ങളായി നാം കാത്തു സൂക്ഷിക്കുന്ന മത സൗഹാര്‍ദ്ദത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും കെട്ടുറപ്പിനെ ഇല്ലാതാക്കുവാനുള്ള ഇത്തരം ബോധപൂര്‍വ്വമായ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടേണ്ടതും , മാനവികത എന്ന മഹത്തായ സങ്കല്‍പ്പത്തിന്റെ കാവലാളുകളാവേണ്ടതും,പരസ്പര സ്‌നേഹവും,വിശ്വാസവും കാത്തു സൂക്ഷിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍ പദവിയിലിരുന്നു കൊണ്ട് വര്‍ഗ്ഗീയ വംശീയ പ്രസ്താവന നടത്തിയ ദുര്‍ഗ്ഗ ദാസിനെതിരെ നാട്ടില്‍ കേരള സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ പി.സി.എഫ് ആവശ്യപെട്ടു. ഗല്‍ഫ് മേഘലയിലെ ആതുര ആരോഗ്യ രംഗത്ത് കേരളത്തിന്റെ അഭിമാനമായി പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ അത്മഭിമാനവും അന്തസ്സും തകര്‍ക്കുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ ദുര്‍ഗ്ഗ ദാസിനെ മലയാളം മിഷന്‍ ഖത്തര്‍ മേഖല കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് നീക്കിയ നടപടി സ്വാഗതം ചെയ്യുന്നതോടൊപ്പം ഈ നടപടികളില്‍ മാത്രം ഒതുങ്ങാതെ കേരള സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ശക്തമായ ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാക്കണമെന്ന് ഖത്തര്‍ പി.സി.എഫ് ആവശ്യപ്പെട്ടു

Related Articles

Back to top button