ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായി ഖത്തര്‍ 2022 , ഖത്തറിന് ലോകത്തിന്റെ പ്രശംസ
അമാനുല്ല വടക്കാങ്ങര
ദോഹ : ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന നിരന്തരമായ വിമര്‍ശനങ്ങളെ നിഷ്പ്രഭമാക്കി മികച്ച സംഘാടക മികവിലൂടെ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായി ഖത്തര്‍ 2022 മാറിയതോടെ , ഖത്തറിന് ലോകത്തിന്റെ പ്രശംസയൊഴുകുകയാണ് .
ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന്റെ മഹത്തായ സജ്ജീകരണങ്ങളെ പുകഴ്ത്തിക്കൊണ്ടും അഭിനന്ദനങ്ങളറിയിച്ചുകൊണ്ടും ലോകത്തിന്റെ പലഭാഗത്തുനിന്നും ഖത്തറിന് സന്ദേശ പ്രവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളുമൊക്കെ ഖത്തറിലെ ലോകകപ്പ് സജ്ജീകരണങ്ങളേയും സംവിധാനങ്ങളേയും പുകഴ്ത്തുന്നതായാണ് സമൂഹ്യ മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. സൗദി രാജാവിന് പുറമേ ഇപ്പോഴിതാ മുന്‍ കുവൈത്ത് ദേശീയ ടീം സ്ട്രൈക്കര്‍ ഡോ. ജാസിം അല്‍ ഹുവൈദിയും ഖത്തറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു.
എല്ലാ തലങ്ങളിലുമുള്ള മികച്ച പ്രവര്‍ത്തനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഫലമാണ് ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ ഖത്തറിന്റെ വിജയമെന്ന് അല്‍ ഹുവൈദി ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
”ഖത്തറിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. 2022 ലോകകപ്പ് ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഖത്തര്‍ കഠിനാധ്വാനം ചെയ്തു. അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ ഗംഭീരവും ഐതിഹാസികവുമായ ഓപ്പണിംഗ് എല്ലാവരും വീക്ഷിച്ചു. അത് ചരിത്രത്തില്‍ തന്നെ അവിസ്മരണീയമായിരിക്കും, മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലെ മികച്ച സര്‍ഗ്ഗാത്മകതയെക്കുറിച്ച് പരാമര്‍ശിക്കേണ്ടതില്ല. ഓരോ ഘട്ടത്തിലും ഖത്തറിന്റെ കയ്യൊപ്പ് പതിപ്പ് ഫിഫ 2022 ലോകചരിത്രത്തില്‍ സ്ഥാനം പിടിക്കും.
ടൂര്‍ണമെന്റ് എട്ട് ദിവസം പിന്നിടുമ്പോള്‍ എല്ലാവരും സംസാരിക്കുന്നത് ഖത്തറിന്റെ മഹത്തായ കഴിവുകളെക്കുറിച്ചാണ്. ഖത്തര്‍ ഭുമിശാസ്ത്രപരമായി വലിപ്പത്തില്‍ ചെറുതാണെങ്കിലും കഴിവിലും ഭാവനയിലും മാത്രമല്ല സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലും ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണെന്നാണ് തെളിയിക്കുന്നത്.