Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രഥമ ഡോ. കെ.എം അബൂബക്കര്‍ സിജി വിദ്യാഭ്യാസ അവാര്‍ഡ് ഡോ. കെ കെ എന്‍ കുറുപ്പിന്

കോഴിക്കോട്. പ്രഥമ ഡോ കെ.എം അബൂബക്കര്‍ സിജി വിദ്യാഭ്യാസ അവാര്‍ഡിന് പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യപ്രവര്‍ത്തകനും കാലിക്കറ്റ് സര്‍വകലാശാലാ ഏഴാമത് വൈസ് ചാന്‍സലറുമായ ഡോ. കെ കെ എന്‍ കുറുപ്പിനെ തെരഞ്ഞെടുത്തു.
സിജി സ്ഥാപക പ്രസിഡണ്ടും ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ശാസ്ത്രജ്ഞനും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെക്രട്ടറിയുമായിരുന്ന ഡോ. കെ എം അബൂബക്കറിന്റെ സ്മരണാര്‍ത്ഥം സിജി -സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ- ഏര്‍പ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ്.
പ്രൊഫസര്‍ ഗീതാകുമാരിയുടെ നേതൃത്വത്തില്‍ (സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍)
പ്രൊഫ അബ്ദുല്‍ അസീസ് മുന്‍ പ്രിന്‍സിപ്പള്‍ സര്‍സയ്യിദ് കോളേജ്, ഡോ. നാസ് അമേരിക്കന്‍ അക്കാദമി ഫെല്ലോ
ജോണ്‍ ഹോപ്പ്കിന്‍സ് അമേരിക്ക എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ ചരിത്ര ഗവേഷണവും,മലബാര്‍ ചരിത്ര പഠന ഗവേഷണ മേഖലകളിലെ സവിശേഷ ജ്ഞാനവും പാര്‍ശ്വവല്‍കരിക്കപ്പെട്ട മേഖലയിലുള്ളവരുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തിയ ക്രിയാത്മക ഇടപെടലും വിലയിരുത്തിയാണ് ജൂറി അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
വിദ്യാഭ്യാസ തൊഴില്‍ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന
സമാനമനസ്‌കരുമായി സഹകരിച്ച് ഡോ. കെ.കെ എന്‍ കുറുപ്പ് മുന്‍കൈയെടുത്ത് തുടങ്ങി വച്ച പല സംരംഭങ്ങളും മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായ നടത്തിയ സക്രിയ ഇടപ്പെടലുകളും മികച്ച ഫലസിദ്ധിയുണ്ടാക്കിയത് ശ്രദ്ധേയമാണ്.
പിന്നോക്ക സമുദായങ്ങളുടെയും പ്രദേശങ്ങളുടെയും ഉന്നമനം സ്വന്തം ദൗത്യമായി കണക്കാക്കി ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വ്യക്തികളെയും സംഘടനകളെയും അദ്ദേഹം പ്രേരിപ്പിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഭാഗമായി ചരിത്രപരമായി
പിന്നോക്കമായി പോയ മലബാറില്‍ കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളെ പ്രേരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിത നിലവാരം വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കി ഉയര്‍ത്തുന്നതില്‍ ഡോ. കുറുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുണയായതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്.

മുസ് ലിങ്ങള്‍ അടക്കമുള്ള പിന്നാക്ക സമുദായങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് ഡോ. കെ കെ എന്‍ കുറുപ്പ് നടത്തിയ ആഴത്തിലുള്ള പഠനങ്ങള്‍, ഈ വിഷയത്തില്‍ സച്ചാര്‍ കമ്മീഷനും ശാസ്ത്ര സാഹിത്യ പരിഷത്തിനും മുമ്പുള്ള ഇടപ്പെടലുകളാണ്.
മലബാറിന്റെയും ദക്ഷിണ കാനറയുടെയും സവിശേഷ പാരമ്പര്യം സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു.
സംസ്ഥാനത്താദ്യമായി സര്‍വകലാശാലകളില്‍ ഫോക് ലോര്‍ പഠന വിഭാഗം സ്ഥാപിച്ചു.
മലബാറിലെ കര്‍ഷക സമരചരിത്രത്തിന്റെ പ്രാധാന്യം ഗവേഷണങ്ങളിലൂടെ സമൂഹശ്രദ്ധയില്‍ കൊണ്ടുവന്നു.
മലബാറിലെ മാപ്പിളമാരെക്കുറിച്ചുള്ള ചരിത്രപഠനത്തില്‍ അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമാണ്.
കേരളീയ ഗോത്രകലകളെക്കുറിച്ച് പ്രഥമ ഗ്രന്ഥം രചിച്ചത് ഡോ. കെ കെ എന്‍ കുറുപ്പ് ആണ്. ആദിവാസികള്‍ക്കും ദളിതുകള്‍ക്കും കേരള സമൂഹത്തില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയും സ്വത്വബോധത്തോടെയും സ്വാഭിമാനത്തോടെയും നിലകൊള്ളാന്‍ ഇതിലൂടെ സാദ്ധ്യമായി.
ബഹുസ്വര സമൂഹത്തില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം പുലരുന്നതിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചരിത്ര മേഖലിയിലെ ഇടപ്പെടലുകള്‍ സഹായകമായി.
1998 ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അവസരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. കെ കെ എന്‍ കുറുപ്പ് മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ശേഷം വിരമിക്കുമ്പോള്‍ പത്ത് കോടി രൂപ മിച്ചമുണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തിന്റെ ഉത്തമ നിദര്‍ശനമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളേജ്, യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്ററുകള്‍,
ബി എഡ് ട്രെയിനിങ് കോളേജുകള്‍, കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റ് ഗണ്യമായി ഉയര്‍ത്തി.
എതിര്‍പ്പുകള്‍ക്കിടയിലും ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുത്ത് ഉറച്ചുനിന്നു.
മലബാര്‍ പ്രദേശത്തെ യുവജനങ്ങളുടെ കരിയര്‍ അവസരങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇവയെല്ലാം തുണയായി.
സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ മനസ്സിലാക്കി, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എംപി, എംഎല്‍എ ഫണ്ടുകള്‍ക്കു പുറമേ സ്വകാര്യ ഫണ്ടുകള്‍ വരെ പ്രയോജനപ്പെടുത്തി.
മുന്‍മാതൃകകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു അവ.
സര്‍വകലാശാലയിലെ ചെയറുകള്‍വഴി കമ്പ്യൂട്ടര്‍ നൈപുണ്യ കോഴ്‌സുകളും വിദേശഭാഷാ കോഴ്‌സുകളും നടത്തിയതിലൂടെ മലബാറിലെ യുവജനതയുടെ തൊഴില്‍ക്ഷമത ഉയര്‍ത്തി.
അക്കാലത്ത് പഠന വകുപ്പുകളില്‍ ഇത്തരം കോഴ്‌സുകള്‍ ഉണ്ടായിരുന്നില്ല.
യു ജി സി, സി എസ് ഐ ആര്‍ നെറ്റ്‌കോച്ചിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു.
യു ജി സി മൈനോറിറ്റി സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, സിവില്‍ സര്‍വീസ് ഉള്‍പ്പെടെ മത്സര പരീക്ഷാ പരിശീലന പരിപാടികളും നടത്തി.
ആ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ വിധത്തില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ സെന്ററുകള്‍ ഇന്ത്യയിലെയും വിദേശത്തേയും നഗരങ്ങളില്‍ കൂടി സ്ഥാപിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമായി.
ഐടി വ്യവസായത്തിന്റെ കുതിച്ചുചാട്ടം വരുന്ന ഘട്ടത്തില്‍ എം സി എ കോഴ്‌സുകള്‍ വ്യാപിപ്പിച്ചു.
മലബാറിലെ പിന്നോക്ക വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവ പ്രയോജനപ്പെടുത്തി വലിയ നേട്ടങ്ങള്‍ കൈവരിച്ചു.
വടകരയില്‍ കുഞ്ഞാലി മരക്കാര്‍ സെന്റര്‍ സ്ഥാപിച്ചു. സര്‍വകലാശാലയുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യസാമ്പത്തിക സര്‍വ്വേ നടത്തുന്നതിന് ഡോ ജോണ്‍ മത്തായി എക്കണോമിക്‌സ് പഠനവകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ നയ രൂപീകരണ വിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു ഈ ആധികാരിക ഡാറ്റ.
പിന്നോക്ക പ്രദേശത്തിന്റെയും സമുദായങ്ങളുടെയും അവസ്ഥയെക്കുറിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ച ശേഷവും സമൂഹ പുരോഗതിക്കായി പ്രതിബദ്ധതയോടെ ഡോ. കെ കെ എന്‍ എന്‍ കുറുപ്പ് സാമൂഹിക സേവനം തുടരുന്നു .

പ്രൊഫ ഡോ മൊയ്തീന്‍കുട്ടി എ.ബി പ്രസിഡന്റ് സിജി, ഡോ. അബ്ദുല്‍ അസീസ് ജൂറി കണ്‍വീനര്‍, സക്കറിയ ഡയറക്ടര്‍ പബ്ലിക്ക് റിലേഷന്‍ , രമ്യ ഫാക്കല്‍റ്റി ഓഫ് റിസര്‍ച്ച് സിജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button