Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

നൂറ് ദിവസത്തെ തുടര്‍ച്ചയായ ഡ്രോയിംഗ് ചലഞ്ച് പൂര്‍ത്തിയാക്കി ഖത്തറിലെ മലയാളി അധ്യാപിക രോഷ്‌നി കൃഷ്ണന്‍


ഡോ.അമാനുല്ല വടക്കാങ്ങര

കലാ വൈഭവവും ദൃഢനിശ്ചയവും സമന്വയിപ്പിച്ച വ്യത്യസ്ഥമായ മാതൃകയിലൂടെ 100 ദിവസത്തെ ഡ്രോയിംഗ് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കി ഖത്തറിലെ അധ്യാപിക രോഷ്‌നി കൃഷ്ണന്‍ ചരിത്രം സൃഷ്ടിച്ചു. വ്യക്തിപരവും തൊഴില്‍പരവുമായ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞ ദൈനംദിന തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, തുടര്‍ച്ചയായി 100 ദിവസത്തേക്ക് എല്ലാ ദിവസവും ഓരോ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് രോഷ്‌നി കൃഷ്ണന്‍ എന്ന ചിത്രകലാ അധ്യാപിക തന്റെ വെല്ലുവിളി നിറഞ്ഞ ദൗത്യം പൂര്‍ത്തിയാക്കിയത്. തന്റെ സൃഷ്ടിപരമായ ലക്ഷ്യത്തില്‍ പ്രതിജ്ഞാബദ്ധയ യി മുന്നേറി വിജയകരമായി ലക്ഷ്യം നേടിയ രോഷ്നി ടീച്ചര്‍ കലയുടെ സാമൂഹ്യ ദൗത്യം അടയാളപ്പെടുത്തിയാണ് ശ്രദ്ധേയയാകുന്നത്.

ഖത്തറിലെ പോഡാര്‍ പേള്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപികയായ റോഷ്നി ടീച്ചര്‍, ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് എന്ന സാംസ്‌കാരിക സംഘടനയുടെ സ്ഥാപക പ്രസിഡന്റും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ചലനങ്ങളിലെ സജീവ സാന്നിധ്യവുമാണ്.
അഭിനിവേശത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വെല്ലുവിളികള്‍ നിറഞ്ഞ നൂറ് ദിവസമാണ് ഈ ചിത്ര യാത്രയിലൂടെ രോഷ്നി ടീച്ചര്‍ നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ‘#100DaysOfsketching’ എന്ന ഹാഷ് ടാഗിന്റെ കീഴിലാണ് ഈ ചലഞ്ച് ആരംഭിച്ചത്. ഓരോ ദിവസവും പുതിയൊരു ആശയം വരയ്ക്കുകയും അതിന്റെ അനുഭവങ്ങള്‍ അതാത് ദിവസത്തെ ജീവിതവുമായി ബന്ധിപ്പിച്ച് വിവരിക്കുകയും ചെയ്തു. പ്രവാസഭൂമികയായ ഖത്തറിന്റെ വാണിജ്യ സാംസ്‌കാരിക വൈവിധ്യങ്ങളെയും ജന്മനാടിന്റെ തനിമയും വ്യത്യസ്തയതയും തന്റേതായ കാഴ്ചകളിലൂടെ ക്യന്‍വാസിലേയ്ക്ക് പകര്‍ത്തിക്കൊണ്ട് ഇടവേളയില്ലാതെ നൂറ് ദിവസങ്ങളിലൂടെ വ്യത്യസ്ഥവും മാതൃകാപരവുമായ ഒരു വെല്ലുവിളിയാണ് ടീച്ചര്‍ പൂര്‍ത്തിയാക്കിയത്.

ആദ്യ ദിനങ്ങളില്‍ ഒരു പരീക്ഷണമായാണ് ഈ ചലഞ്ച് തുടങ്ങിയത്. എന്നാല്‍, അത് പിന്നീട് ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒരു പണിശാലയായി മാറി. സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രഗത്ഭരാണ് രോഷ്‌നി ടീച്ചറുടെ ചിത്രങ്ങളെയും പ്രമേയങ്ങളെയും അഭിനന്ദിച്ചത്. പല മേഖലകളിലുള്ള വിവിധ കലാപ്രേമികളുടെ പിന്തുണ, ഈ യാത്രക്ക് കൂടുതല്‍ ഊര്‍ജം നല്‍കിയതായി അവര്‍ പറഞ്ഞു.

കലാകാരന്മാരും, സൃഷ്ടിവൈഭവമുള്ളവരും പുതുമയെ സ്വീകരിക്കുന്നവരും ആഗോളതലത്തില്‍ അംഗീകരിച്ച സ്വയം പ്രചോദനയാത്രയായ നൂറ് ദിവസത്തെ ഈ വെല്ലുവിളി, അചഞ്ചലമായ സ്ഥിരതയും സര്‍ഗ്ഗാത്മകതയും കഠിനപ്രയത്‌നവും നിറഞ്ഞതാണ്.

ഇത്തരം സൃഷ്ടിപരമായ പ്രയത്‌നങ്ങള്‍ ഏറ്റെടുക്കുന്ന ഒരു സ്ത്രീക്ക്, അവളുടെ ആന്തരിക അഭിനിവേശത്തെ പ്രചോദിപ്പിക്കുക, പരിമിതികള്‍ പരീക്ഷിക്കുക തുടങ്ങിയ വെല്ലുവിളികളെ അനായാസം തരണം ചെയ്യാന്‍ കഴിയും. ഇത്തരം കര്‍മപരിപാടികളിലൂടെ സ്വയം നവീകരിച്ചുകൊണ്ട് അത് സമൂഹത്തിന് ബോധ്യപെടുത്തുക എന്നതുകൂടിയാണ് ഇതിന്റെ ലക്ഷ്യം എന്ന് ടീച്ചര്‍ അവകാശപ്പെടുന്നു. ഈ വഴി പിന്തുടരുന്ന മറ്റുള്ളവരെ പ്രചോദിപ്പിക്കാനും വളര്‍ന്നു വരുന്ന ഭാവി തലമുറയുടെ കര്‍മ്മോല്‍സുകതയെയും സൃഷ്ടിപരമായ കഴിവുകളെയും പരിപോഷിപ്പിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകും.

ക്വിക്ക് സ്‌കെച്ചുകള്‍ മുതല്‍ സങ്കീര്‍ണ്ണമായ മ്യൂറല്‍ ചിത്രങ്ങള്‍ വരെ അവരുടെ വരകളില്‍ പ്രതിഫലിച്ചിരുന്നു. പ്രകൃതി, മനുഷ്യ വികാരങ്ങള്‍, സാമൂഹിക തീമുകള്‍, ദൈനംദിന ജീവിതം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പകര്‍ത്തിക്കൊണ്ട് ഓരോ സൃഷ്ടിയും കലാകാരി എന്ന നിലയിലുള്ള വളര്‍ച്ചയെയും വികസിച്ചുകൊണ്ടിരിക്കുന്ന കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു നൂറ് ദിനങ്ങളിലെ ഓരോ വരയും .

‘ഉത്തരവാദിത്തങ്ങള്‍ക്കിടയിലുള്ള സമയത്തെ എങ്ങനെ ക്രിയാത്മകമായും ആത്മപോഷണപരമായും പ്രതിഫലിപ്പിക്കുക എന്നതായിരുന്നു, എന്റെ ലക്ഷ്യം. പൂര്‍ണ്ണമായും തളര്‍ന്നുപോയ ദിവസങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ദിവസവും ബ്രഷ് എടുക്കുന്നത് എനിക്ക് ശക്തി നല്‍കി. കല സമാധാനത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ഉറവിടമായി മാറി. സോഷ്യല്‍ മീഡിയയിലൂടെ എന്റെ യാത്രയെ പിന്തുടര്‍ന്ന ഖത്തറിലുടനീളവും ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു.’ രോഷ്‌നി ടീച്ചര്‍ വ്യക്തമാക്കി.

ഓരോ കലാസൃഷ്ടിയും അവരുടെ യാത്രയുടെ ശക്തമായ ഒരു പ്രതിബിംബങ്ങളായിരുന്നു എല്ലാ വികാരങ്ങളെയും സമന്വയിപ്പിച്ച പ്രതീകാത്മക സൃഷ്ടികള്‍, സൃഷ്ടിപരമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുമെന്ന പ്രതീക്ഷയില്‍, 100 കലാസൃഷ്ടികളുടെ ഒരു പ്രദര്‍ശനം നടത്താന്‍ ടീച്ചര്‍ പദ്ധതിയിടുന്നു.

ടീച്ചറുടെ നേട്ടം വെറുമൊരു വ്യക്തിപരമായ നാഴികക്കല്ല് മാത്രമല്ല; കലയുടെയും, അഭിനിവേശത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും യഥാര്‍ത്ഥ മുഖമാണ് ഇത്തരം വെല്ലുവിളികളിലൂടെ നമുക്ക് തുറന്ന് കാട്ടാന്‍ കഴിയുന്നത്. ഖത്തറിന്റെ വളര്‍ന്നുവരുന്ന സര്‍ഗ്ഗാത്മകതയുടെ ഹൃദയകോണുകളില്‍ ദൃഢനിശ്ചയമുള്ള ഒരു വ്യക്തിക്ക് എങ്ങനെ സ്ഥിരപ്രതിഷ്ഠ നേടാന്‍ കഴിയുമെന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി അവരുടെ ചിത്രയാത്ര എന്നെന്നും നിലനില്‍ക്കും.

മ്യൂറല്‍ ഗവേഷണങ്ങള്‍, ദോഹയിലെ വേദികളില്‍ 5 മിനിറ്റി നകം തീര്‍ക്കുന്ന ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സ്, കുട്ടികളെ പഠിപ്പിക്കുന്ന ചിത്രകലാ സാങ്കേതിക വിദ്യകള്‍ എന്നിവയിലുപരി, കാലിഗ്രാഫി അറേബ്യന്‍ തീം പെയിന്റിങ്ങുകള്‍ ചിത്രകലയുടെ പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ഇപ്പോഴും ഗവേഷണങ്ങളും പഠനവും നടത്തിക്കൊണ്ടിരിക്കുന്ന ടീച്ചര്‍, ഇപ്പോള്‍ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് അവയര്‍നസ് പ്രോഗ്രാമുകളിലൂടെ ചിത്രകലയും ചിത്രകലയുടെ പ്രാധാന്യവും, ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സിന്റെ സാധ്യതകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കുന്നതിനുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button