ലഹരിക്ക് മാന്യത നല്‍കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമാകും: സിദ്ധീഖ് മൗലവി അയിലക്കാട്

ദോഹ . ലഹരി വ്യാപനത്തിനുതകും വിധം നാടുനീളെ മദ്യഷാപ്പുകള്‍ തുറന്നും കുടുംബ സമേതം മദ്യപിക്കാനുള്ള ഇടങ്ങളാവണം മദ്യഷാപ്പുകളെന്നും മറ്റുമുള്ള ഉത്തരവാദപ്പെട്ടവരുടെ ജല്പനങ്ങളിലൂടെ ലഹരിയെ മഹത്വവല്‍ക്കരിക്കുന്ന പ്രവണത കേരളത്തെ കൂടുതല്‍ ദുരന്തങ്ങളിലേക്കെത്തിക്കുമെന്ന് കേരള മദ്യനി രോധന സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സിദ്ധീഖ് മൗലവി അയിലക്കാട്അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്റര്‍നാഷണല്‍ മലയാളി ന്യൂസിനോടുള്ള അഭിമുഖത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിന്റെ പേരില്‍ തന്നെ മദ്യമിറക്കി പ്രാദേശിക വെല്ലുവിളി ഉയര്‍ത്തുകയാണോ എന്നും ഈ മദ്യം ലഹരിമുക്തമാണോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുമ്പോഴും ജനങ്ങളെ മദ്യത്തിലേക്ക് ആകര്‍ഷിക്കുന്ന സമീപനങ്ങളും സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ തുടരുന്നതെന്നും ഇത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വ്യാപനം തടയുന്നതിനും ലഹരി ബോധവല്‍ക്കരണം വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടാവേണ്ടത്. പാഠ്യപദ്ധതിയില്‍ ലഹരി വിരുദ്ധ ഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക, മദ്യ ശാലകളില്ല് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുന:സ്ഥാപിക്കുക തുടങ്ങി കേരള മദ്യനിരോധന സമിതി നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറിലെ ആന്റി സ്മോക്കിംഗ് സൊസൈറ്റി സിഇഒ ഡോ, അമാനുല്ല വടക്കാങ്ങര . സാംസ്കാരിക പ്രവര്ത്തകന് സിദ്ധീഖ് ചെറുവല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു