റമദാന്‍ ചിന്ത – സ്‌നേഹ ഭാവങ്ങള്‍
ഡോ.അലി ജാഫര്‍ മുണ്ടേരി

കര്‍ഷകരായ അച്ഛനും അമ്മയും അവരുടെ മകളെ ദൂരദേശത്താണ് പഠനത്തിനയച്ചത്. തങ്ങളെക്കാള്‍ മെച്ചപ്പെട്ട ജീവിതം അവള്‍ക്ക് കിട്ടണമെന്ന് അവര്‍ ഏറെ ആഗ്രഹിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം മകള്‍ ജോലി നേടി ആദ്യശമ്പളവുമായി വീട്ടിലെത്തി. ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പുണര്‍ന്നു പറഞ്ഞു: ‘അമ്മ എനിക്കുവേണ്ടി കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഈ ജോലി, ഈ പണം അമ്മയ്ക്കിരിക്കട്ടെ…’
അച്ഛന്‍ ചോദിച്ചു: നീ എനിക്കെന്താണ് കൊണ്ടുവന്നത്? അവള്‍ സ്വല്‍പ്പം പരിഭവത്തോടെ ചോദിച്ചു: ‘അച്ഛനെന്താണ് എനിക്കുവേണ്ടി ചെയ്തത്? എന്റെ സ്‌കൂളില്‍ പോലും അച്ചന്‍ വന്നിട്ടില്ല, അമ്മയായിരുന്നു എല്ലായ്‌പ്പോഴും ഓടി വന്നിരുന്നത്…’
അമ്മ ഒരടി കൊടുത്തിട്ട് അവളോട് പറഞ്ഞു: ‘നീ പറഞ്ഞത് തെറ്റ്. അച്ഛനാണ് നമ്മളെ വളര്‍ത്തിയത്. നിനക്കു ഫീസടയ്ക്കാനുള്ള പണം കണ്ടെത്താനും നമ്മുടെ കുടുംബത്തിനായും നിരന്തരം അദ്ധ്വാനിക്കുകയായിരുന്നു അച്ഛന്‍…’
മുഴുവന്‍ പറഞ്ഞുതീരുന്നതിനു മുമ്പേ അച്ഛന്‍ പഴയപോലെ കൃഷിസ്ഥലത്തേക്ക് പോയി.
അച്ഛനല്ല അമ്മ, അമ്മയല്ല അച്ഛന്‍. നല്‍കുന്ന സ്‌നേഹത്തിന്റെ കണക്കെടുപ്പ് അസാധ്യമാണെങ്കിലും പ്രകടിപ്പിക്കുന്ന രീതി, രണ്ടു പേരുടെയും ഉത്തരവാദിത്വം വ്യത്യസ്ഥമായതുപോലെ, വ്യത്യസ്തമാണെന്നതില്‍ സംശയമില്ല.
അച്ചനെപ്പോലെ പെരുമാറുന്ന അമ്മയെയും അമ്മയെപ്പോലെ ഇടപെടുന്ന അച്ഛനെയും പ്രതീക്ഷിക്കുന്നത് സ്‌നേഹം തെറ്റിദ്ധരിക്കപ്പെടുന്നതിനിടയാക്കും.
ആരുടെയും സ്‌നേഹപ്രകടനങ്ങള്‍ ഒരുപോലെയല്ല. ചിലര്‍ ആവശ്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞു സഹായിക്കും. ചിലര്‍ ആവശ്യങ്ങള്‍ അറിഞ്ഞാലും ഇടപെടാതെ മാറിനില്‍ക്കും, പരിഹാരമാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുമോ എന്നറിയാന്‍. ഏതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന ചോദ്യത്തിന് ഏതു തിരഞ്ഞെടുത്താലും ഉത്തരം തെറ്റാണ്. രണ്ടും ചേര്‍ന്നാലേ ശരിയിലെത്തൂ.
ചിലര്‍ നിറസാന്നിധ്യമാകും, വാരിപ്പുണരും, അഭിനന്ദിക്കും, പ്രോത്സാഹിപ്പിക്കും. ചിലര്‍ മിക്കപ്പോഴും അസന്നിഹിതരാണ്. കൂടെയില്ലാത്തപ്പോഴും അവര്‍ കഷ്ടപ്പെടുന്നുണ്ടാകും. സന്തോഷത്തില്‍ പങ്കുചേരുന്നുണ്ടാകും. പ്രകടിപ്പിക്കേണ്ടതാണ് സ്‌നേഹം എന്നത് സത്യം. പ്രകടിപ്പിക്കാതെ മറ്റുള്ളവര്‍ക്കു മനസ്സിലാകില്ലെന്നതും യാഥാര്‍ത്ഥ്യം. അതു സ്‌നേഹിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്.
?സ്‌നേഹപ്രകടനം നടത്താന്‍ അറിയാത്തവരുണ്ട്, ദേഷ്യത്തിലൂടെയും ശാസനയിലൂടെയും സ്‌നേഹം പ്രകടിപ്പിക്കുന്നവരുണ്ട്, നിശ്ശബ്ദമായി സ്‌നേഹിക്കുന്നവരുണ്ട്, പ്രിയപ്പെട്ടവര്‍ വളരുന്നത് ദൂരെനിന്നു കണ്ട് സായൂജ്യമടയുന്നവരുണ്ട്, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഒപ്പം യാത്ര ചെയ്യുന്നവരുണ്ട്.
ദൃശ്യമാകാത്ത ഇഷ്ടവും തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്കാണ് യഥാര്‍ത്ഥ സ്‌നേഹിതരെ കണ്ടെത്താന്‍ കഴിയുക.
ഒന്നും നിസാരമല്ല എന്ന് പറയുന്നതിനപ്പുറം, പ്രകടിപ്പിച്ചു കാണിക്കുന്നതാണ് നോമ്പ്.ശരീരത്തിന്റെ എല്ലാ ഭാഗവും സഹകരിച്ചാലും സഹായിച്ചാലും മാത്രമേ കേവലം ഒരു നോമ്പ് പൂര്‍ത്തിയാവു, ഏതെങ്കിലും ഒരവയവത്തിനൊ മനസ്സിനടക്കം സംഭവിക്കുന്ന പോരായ്മകള്‍ ഒരു വ്യക്തിയുടെ നോമ്പിനെ പ്രതികൂലമായി ബാധിക്കും എന്നതില്‍ സംശയമില്ല
ഒരു വ്യക്തിയുടെ ശരീരഭാഗങ്ങള്‍ വ്യത്യസ്ഥ രീതിയില്‍ പ്രതികരിക്കുമ്പോള്‍ മാത്രം ഒരു നോമ്പ് ശരിയാവണ്ണം പൂര്‍ത്തിയാവുന്നപോലെ, വ്യത്യസ്ഥ ആളുകളുടെ വ്യത്യസ്ഥ നിലക്കുള്ള സ്‌നേഹ പ്രകടനം, അത് പ്രകൃതിപരവും പ്രായോഗികവുമാണ് എന്ന് കൂടി മനസ്സിലാക്കി തരുന്നുണ്ട് ഓരോ നോമ്പും.



