Breaking News

ഖത്തറില്‍ ക്വാറന്റൈന്‍ ചാര്‍ജുകള്‍ ഇനിയും കൂടാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ക്വാറന്റൈന്‍ ചാര്‍ജുകള്‍ ഇനിയും കൂടാന്‍ സാധ്യത. ആഫ്രിക്കയില്‍ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ വകഭേദമുയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം 6 ആഫ്രിക്കന്‍ രാജ്യങ്ങളെക്കൂടി ചേര്‍ത്ത് എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 15 ആക്കി ഉയര്‍ത്തിയതോടെ ക്വാറന്റൈന് ഡിമാന്റ് വര്‍ദ്ധിക്കുകയും നിരക്കുകള്‍ കൂടുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ പതിനഞ്ച് രാജ്യങ്ങളില്‍ വരുന്ന വാക്‌സിനെടുത്തവര്‍ക്ക് 2 ദിവസവും അല്ലാത്തവര്‍ക്ക് 7 ദിവസവും ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടി വരും. ഇന്നലെ വൈകുന്നേരത്തോടെയാണ് പൊതുജനാരോഗ്യ മന്ത്രാലയം നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 15 ആക്കി ഉയര്‍ത്തിയത്.

ബംഗ്ലാദേശ്, ബോട്സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, സുഡാന്‍, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് അസാധാരണമായ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍.

പുതിയ തീരുമാനം ഡിസ്‌കവര്‍ ഖത്തറില്‍ ഉടന്‍ പ്രതിഫലിക്കും. അതിനാല്‍ വരും ദിവസങ്ങളില്‍ ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം ബുക്ക് ചെയ്യുന്നത് ഗുണകരമാകുമെന്ന് ട്രാവല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഖത്തറില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി നിത്യവും ആയിരക്കണക്കിനാളുകളാണ് ദോഹയിലെത്തുന്നത്. യാത്രാ നയവും വിസ നടപടികളും ഉദാരമാക്കിയതും അറബ് കപ്പ് , ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ഉള്‍പ്പടെയുള്ള വിവിധ പരിപാടികള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂടിയതുമൊക്കെയാകാം ക്വാറന്റൈന്‍ നിരക്കുകള്‍ കുത്തനെ കൂടാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ ഉണര്‍വ് സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

ഡിസ്‌കവര്‍ ഖത്തറിന്റെ സൈറ്റനുസരിച്ച് ഡിസംബര്‍ ഒന്നുമുതല്‍ 10 വരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധമായ രണ്ട് ദിവസത്ത ക്വാറന്റൈന് ഒരാള്‍ക്ക് ആയിരം റിയാലിന് മീതെയാണ് ചാര്‍ജ്.

വീട്ടുജോലിക്കാര്‍, കുറഞ്ഞ വരുമാനക്കാരായ കമ്പനി ജീവനക്കാര്‍ മുതലായവര്‍ക്കുള്ള മെകൈനിസില്‍ ഡിസംബര്‍ 12 വരെ ബുക്കിംഗ് പോലും ലഭ്യമല്ല.

വിമാനടിക്കറ്റുകളുടെ നിരക്കും ഡിസംബര്‍ ഉയരുന്നതോടെ പ്രവാസികള്‍ക്ക് പ്രയാസമാകും.

Related Articles

Back to top button
error: Content is protected !!