Breaking News

ഖത്തര്‍ പര്യടനം അവിസ്മരണീയമാക്കി പി.എസ്.ജി ടീം

അമാനുല്ല വടക്കാങ്ങര

ദോഹ. രണ്ടു ദിവസത്തെ ഖത്തര്‍ പര്യടനം അവിസ്മരണീയമാക്കി പി.എസ്.ജി ടീം .പത്താം തവണയും ഫ്രഞ്ച് ഫുട്ബോള്‍ ലീഗ് കിരീടം ചൂടിയ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീം ഖത്തറിലെ പ്രമോഷണല്‍ ടൂര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അവിസ്മരണീയമാക്കിയത്.

സിദ്ര മെഡിസിനില്‍ ചികില്‍സയില്‍ കഴിയുന്ന കാന്‍സര്‍ ബാധിച്ച് കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയോടെയാണ് പി.എസ്. ജി. സംഘം തങ്ങളുടെ ഖത്തര്‍ പര്യടനം ആരംഭിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും കായികാവേശവും നിറഞ്ഞ സന്ദര്‍ശനം രോഗികളായ കുട്ടികള്‍ക്ക് സവിശേഷമായ അനുഭവമായിരുന്നു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ആതിഥേയത്വം വഹിക്കുന്ന സ്‌റ്റേഡിയങ്ങില്‍പ്പെട്ട എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പി.എസ്. ജി .ടീമിന്റെ സന്ദര്‍ശനം മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ സാന്നിധ്യത്തിലായിരുന്നു. പി.എസ്.ജി ക്ലബ്ബും ഖത്തര്‍ ഫൗണ്ടേഷനും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായി സ്ഥാപിതമായ ദോഹയിലെ ക്ലബ്ബിന്റെ അക്കാദമി സന്ദര്‍ശിച്ച ടീം അക്കാദമിയിലെ വിദ്യാര്‍ഥികളുമായി ഫോട്ടോയെടുത്തും ഓട്ടോഗ്രാഫുകള്‍ കൈമാറിയും സന്ദര്‍ശനം സാര്‍ഥകമാക്കി.

ഖത്തറിലെ പി.എസ്.ജി അക്കാദമിയിലെയും ഖത്തര്‍ ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സ്പോര്‍ട്സ് പ്രോഗ്രാമുകളിലെയും ഫുട്ബോള്‍ പ്രേമികളായ കുട്ടികളെ എജ്യുക്കേഷന്‍ സിറ്റിയില്‍ വച്ചാണ് പാരീസ് സെന്റ് ജെര്‍മെയ്നിലെ ഫുട്ബോള്‍ താരങ്ങള്‍ കണ്ടുമുട്ടുകയും ആശയവിനിമയം നടത്തുകയും ചെയ്തത്.

ഖത്തര്‍ ഫൗണ്ടേഷനിലെ പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്റെ ഭാഗമായ ഔസാജ് അക്കാദമിയില്‍ 100-ലധികം കുട്ടികളുമായും ഫുട്‌ബോള്‍ താരങ്ങള്‍ സമയം ചിലവഴിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിച്ച ടീം വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, കമ്മ്യൂണിറ്റി വികസനം എന്നീ മേഖലകളിലെ ക്യുഎഫ് പ്രോഗ്രാമുകളെക്കുറിച്ചും മനസ്സിലാക്കി.

ആസ്പയര്‍ അക്കാദമിയിലെത്തിയ സംഘം അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ കാണുകയും സ്‌കില്‍ ചലഞ്ചും എക്‌സിബിഷന്‍ മത്സരവും നടത്തുകയും ചെയ്തു.

ഖത്തറിലെ ലോകോത്തരമായ ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയത്തിലെത്തിയ പി.എസ്.ജി ടീം ലോകത്തിലെ ഏറ്റവും നൂതനമായ ഈ മ്യൂസിയത്തിലെ സംവിധാനങ്ങളും സൗകര്യങ്ങളും ആസ്വദിച്ചു. മ്യൂസിയത്തിലെ എക്‌സിബിഷന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബിസി എട്ടാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള സവിശേഷ സംഭവങ്ങളുടെ ദൃശ്യപരവും സംവേദനാത്മകവുമായ ഡിജിറ്റല്‍ ഘടകങ്ങള്‍ ഏറെ കൗതുകത്തോടെയാണ് ടീംമംഗങ്ങള്‍ വീക്ഷിച്ചത്.

 

ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേര്‍സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് അല്‍ ഥാനിയുടെ സാന്നിധ്യവും ടീമിന്റെ സന്ദര്‍ശനം അവിസ്മരണീയമാക്കി. ടീമംഗങ്ങളും കുട്ടികളുമൊത്തുള്ള ഫോട്ടോകള്‍ ശൈഖ മയാസ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Related Articles

Back to top button
error: Content is protected !!