Breaking News

ബിസിനസ് മേഖലയില്‍ ഖത്തറി വനിതകളുടെ മുന്നേറ്റം

അമാനുല്ല വടക്കാങ്ങര

ദോഹ: പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിലെ ബിസിനസ് മേഖലയില്‍ ഖത്തറി വനിതകളുടെ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളുടെ ഭാഗികമായോ പൂര്‍ണ്ണമായോ ഉടമസ്ഥരായ ഖത്തരി വനിതകളുടെ എണ്ണം ഏകദേശം 7,000 ആണെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമേ 4,900 വനിതകള്‍ ഔദ്യോഗിക രേഖകളില്‍ ഒപ്പിടാനുള്ള അധികാരത്തോടെ കമ്പനികളെ നിയന്ത്രിക്കുമ്പോള്‍, 4,700 ഓളം വനിതകള്‍ ഔദ്യോഗിക രേഖകളില്‍ ഒപ്പിടാനുള്ള അധികാരമുള്ളവരായും സേവനമനുഷ്ഠിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാമ്പത്തിക, ബിസിനസ് മേഖലകളില്‍ ഖത്തരി സ്ത്രീകളുടെ പങ്കാളിത്തം ത്വരിതഗതിയില്‍ വര്‍ദ്ധിച്ചതായാണ് ഡാറ്റ സൂചിപ്പിക്കുന്നത്.

ഖത്തറി വനിതകളുടെ പങ്കാളിത്തം പരമ്പരാഗതവും ആധുനികവുമായ സാമ്പത്തിക മേഖലകളിലുടനീളം വ്യാപിച്ചതായി ഖത്തര്‍ ചേംബര്‍ പറഞ്ഞു. ഇത് ദേശീയ സമ്പദ്വ്യവസ്ഥയിലേക്കും സ്വകാര്യ മേഖലയിലേക്കും അവരുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്താനും സഹായിക്കുന്നു. ബിസിനസ്സിന്റെ എല്ലാ മേഖലകളിലും ഇപ്പോള്‍ ഖത്തറി വനിതകളുടെ സാന്നിധ്യമുണ്ടെന്നും പുരുഷന്മാര്‍ക്ക് സ്വാധീനമുണ്ടായിരുന്ന സെക്ടറുകള്‍ അവര്‍ കീഴടക്കിയതായും ഖത്തര്‍ ചേംബര്‍ മെമ്പറും ഖത്തര്‍ ബിസിനസ് വുമണ്‍ ഫോറം ചെയര്‍പേഴ്‌സണുമായ ഇബ്തിഹാജ് അല്‍ അഹ്മദാനി പറഞ്ഞു.

നേതൃത്വത്തിന്റെ പിന്തുണയും മാര്‍ഗ നിര്‍ദ്ദേശങ്ങളും, സ്ത്രീകളെ പിന്തുണയ്ക്കുന്ന സദ്ഭരണ നയങ്ങളും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ശാക്തീകരിക്കുന്നതിലും സജീവമാക്കുന്നതിലുമുളള ശ്രദ്ധയുമാണ് ബിസിനസ് രംഗത്തെ വനിതകളുടെ മുന്നേറ്റത്തിന് സഹായകമായത്. ഈ ശ്രമങ്ങള്‍ സാമ്പത്തിക വികസനത്തിലും പ്രത്യേകിച്ച് തൊഴില്‍ വിപണിയിലും സംരംഭകത്വത്തിലും ഖത്തറി വനിതകളുടെ വിപുലമായ സാന്നിധ്യത്തിന് കാരണമായി. ഖത്തറി സ്ത്രീകള്‍ മുന്‍കാലങ്ങളില്‍ പുരുഷന്മാര്‍ക്ക് മാത്രമുള്ള ബിസിനസ് മേഖലകളിലേക്ക് ഇരച്ചുകയറുകയും ശ്രദ്ധേയമായ വിജയം നേടുകയും ചെയ്തുവെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ അല്‍ അഹമ്മദനി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക-ബിസിനസ് ലോകത്ത് സ്ത്രീകളുടെ ഉയര്‍ച്ചയ്ക്ക് കാരണം, ഖത്തറിലെ നിക്ഷേപ അന്തരീക്ഷം നല്‍കുന്ന സൗകര്യങ്ങള്‍ക്ക് പുറമെ, സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്ന ഖത്തറി വ്യവസ്ഥയാണ് . യാതൊരു വിവേചനവും കൂടാതെ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ക്രിയാത്മകമായ വ്യാപാരാന്തരീക്ഷമാണ് ഖത്തറിലുള്ളത്.

‘കുടുംബ ബിസിനസ്സുകള്‍ നടത്തുന്നതിലും സ്ത്രീകള്‍ കഴിവുതെളിയിച്ചു. വ്യവസായം, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ്, വിദ്യാഭ്യാസം, ആരോഗ്യം, ട്രേഡ് എന്നീ മേഖലകളിലെല്ലാം ഖത്തറി വനിതകള്‍ സജീവമാണെന്ന് അല്‍ അഹ്മദാനി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!