Local News

വായനയുടെ മാധുര്യം നുകര്‍ന്ന് ഇശാന്‍ ഖാന്റെ സര്‍ഗ സഞ്ചാരം


അമാനുല്ല വടക്കാങ്ങര

ഖത്തറിലെ സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാര്‍ഥി ഇശാന്‍ ഖാന്റെ സര്‍ഗ സഞ്ചാരം മൊബൈലിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം കൊല്ലുന്ന കുട്ടികളുടെ ലോകത്ത് വേറിട്ട മാതൃകയാണ്.
ഒന്നാം ക്‌ളാസില്‍ പഠിച്ചുകൊണ്ടിരിക്കെ മാതാപിതാക്കളോടൊപ്പം ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചതാണ് ഈ ബാലന്റെ ജീവിതം മാറ്റി മറിച്ചത്. മൃഗങ്ങളെക്കുറിച്ച ഒരു പുസ്തകമാണ് ആദ്യം വായിച്ചത്. മൃഗങ്ങളുടെ വിസ്മയലോകം വായനയുടെ കൗതുകങ്ങളിലേക്കെത്തിച്ച ഇശാന്റെ വായന ലോകം ജെ.കെ. റൗളിംഗിന്റെ ഹാരി പോര്‍ട്ടര്‍ കഥകളിലൂടെ ഭാവനയുടേയും സൗന്ദര്യത്തിന്റേയും വിശാലമായ ലോകത്താണ് എത്തിയത്.
പിന്നീടങ്ങോട്ട് ഓരോ ആഴ്ചയും നിര്‍ബന്ധമായും സന്ദര്‍ശിക്കുന്ന കേന്ദ്രമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി മാറി. ആഴ്ചയില്‍ 6 പുസ്തകങ്ങളില്‍ തുടങ്ങി 18 പുസ്തകങ്ങള്‍ വരെ ഇശാന്‍ വായിക്കാന്‍ തുടങ്ങി.

പരന്ന വായനയില്‍ വിജ്ഞാനവും വിനോദവും കണ്ട ഇശാന്‍ പുസ്തകങ്ങളുടെ ലോകത്ത് സന്തോഷത്തോടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ കൂട്ടുകാരുമായി പങ്കുവെച്ച് അവരെയും വായനയിലേക്ക് നയിക്കുന്നുവെന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

വായിച്ചും പഠിച്ചും നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ ഈ പതിനൊന്നുകാരന്‍ ഇതിനകം ആയിരത്തി മുന്നൂറോളം പുസ്തകങ്ങളാണ് വായിച്ചത്. ഇംഗ്‌ളീഷ് പുസ്തകങ്ങളോടാണ് ആഭിമുഖ്യം. മലയാള പുസ്തകങ്ങളും വായിച്ചു തുടങ്ങിയിട്ടുണ്ട്. വെറുതെ വായിച്ചുപോവുകയല്ലാതെ ഓരോ പുസ്തകത്തിന്റേയും പ്രധാന ഉള്ളടക്കം ഗ്രഹിച്ചാണ് ഇശാന്‍ തന്റെ വായനയെന്ന സര്‍ഗ പ്രക്രിയ സാര്‍ഥകമാക്കുന്നത്.

മലപ്പുറം ജില്ലയില്‍ അരീക്കോട് സ്വദേശി അംദജ് ഖാന്റേയും സുഹൈന ഫൈസിയുടേയും മകനാണ് വായനയില്‍ മാതൃകയാകുന്ന ഈ കൊച്ചുമിടുക്കന്‍