ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ അവിസ്മരണീയമാക്കാനൊരുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ആദ്യമായി നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ അവിസ്മരണീയമാക്കാനൊരുങ്ങി ഖത്തര്‍. കാര്‍ പ്രേമികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സവിശേഷമായ ഓട്ടോമോട്ടീവ് ഫെസ്റ്റിവലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
ഖത്തര്‍ ടൂറിസം, ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയുമായി (ജിഐഎംഎസ്) സഹകരിച്ച്, 2023 ഒക്ടോബര്‍ 5 മുതല്‍ 14 വരെ നടത്താനിരിക്കുന്ന ജിംസ് ഖത്തറിന്റെ ഉദ്ഘാടന പതിപ്പിലൂടെ ഖത്തറിന്റെ വാഹന മോഹം ജ്വലിപ്പിക്കാനും സാഹസികതയും ആഡംബരവും കൊതിക്കുന്നവരെ വിസ്മയിപ്പിക്കാനുമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന എക്സിബിഷനില്‍ ടൊയോട്ട, ലെക്സസ്, പോര്‍ഷെ, ഫോക്സ്വാഗണ്‍, ലംബോര്‍ഗിനി, ബിഎംഡബ്ല്യു, കെഐഎ, ഓഡി, മക്ലാരന്‍, മെഴ്സിഡസ്-ബെന്‍സ്, വിന്‍സ്, വിന്‍ എന്നിവയുള്‍പ്പെടെ 31 പ്രശസ്ത ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളുടെ സാന്നിധ്യമുണ്ടാകും.
ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ വ്യവസായത്തില്‍ നിന്നുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍, 10+ ലോക പ്രീമിയറുകള്‍, 20+ റീജിയണല്‍ പ്രീമിയറുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.
ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രധാന പ്രദര്‍ശനത്തോടൊപ്പം, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചില ടൂറിസം കേന്ദ്രങ്ങളില്‍ നടക്കുന്ന നാല് ഇമ്മേഴ്സീവ് അനുഭവങ്ങളോടെ, ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ 2023 ഖത്തറില്‍ ഓട്ടോമോട്ടീവ് മികവിന്റെ ആത്യന്തിക ഓട്ടോമോട്ടീവ് ഫെസ്റ്റിവല്‍ സൃഷ്ടിക്കും.
ഖത്തറിലെ നാഷണല്‍ മ്യൂസിയത്തിലെ ‘ഫ്യൂച്ചര്‍ ഡിസൈന്‍ ഫോറം’, സീലൈനിലെ ത്രസിപ്പിക്കുന്ന ഓഫ്റോഡ് സാഹസികതകള്‍, ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ ആവേശകരമായ റൈഡ്-ഡ്രൈവ് അനുഭവങ്ങള്‍, ക്ലാസിക് ഓട്ടോമൊബൈലുകളുടെ അതിമനോഹരമായ ഗാലറി, ഐതിഹാസികമായ ലുസൈല്‍ ബൊളിവാര്‍ഡിലെ ഓട്ടോമോട്ടീവ് മികവിന്റെ ഗ്രാന്‍ഡ് പരേഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
”ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും അഭിമാനകരവും സ്വാധീനമുള്ളതുമായ ഓട്ടോമോട്ടീവ് അനുഭവമായി മാറുന്നതിന് കളമൊരുക്കുകയാണെന്ന് ഖത്തര്‍ ടൂറിസം ഡെപ്യൂട്ടി ചെയര്‍മാന്‍ സഅദ് ബിന്‍ അലി അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. ആത്യന്തിക ഓട്ടോമോട്ടീവ് ഫെസ്റ്റിവലിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്നത് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മറക്കാനാവാത്ത അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന്റെ തെളിവാണ്.
ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ പോലുള്ള വലിയ തോതിലുള്ള, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഇവന്റുകള്‍ ഹോസ്റ്റുചെയ്യുന്നത് 2030-ഓടെ മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന ലക്ഷ്യസ്ഥാനമായി മാറാനുള്ള ഞങ്ങളുടെ തന്ത്രപരമായ വീക്ഷണത്തോടുള്ള പ്രതിബദ്ധതയുടെ നിദര്‍ശനമാണ് .
ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തറിന്റെ ഉദ്ഘാടന പതിപ്പിലേക്ക് പ്രദര്‍ശകരുടെ അഭിമാനകരമായ ഒരു നിരയെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ജിംസ് സിഇഒ സാന്‍ഡ്രോ മെസ്‌ക്വിറ്റ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെയായി, ഓട്ടോമോട്ടീവ് നവീകരണങ്ങളും സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിക്കുന്നതില്‍ ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ മുന്‍പന്തിയിലാണ്.
ഖത്തര്‍ പോലുള്ള ചലനാത്മകവും പുരോഗമനപരവുമായ ഒരു രാജ്യവുമായുള്ള പങ്കാളിത്തത്തോടെ ജനീവയ്ക്ക് പുറത്ത് ആദ്യമായി നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ എന്നതും ഖത്തര്‍ പതിപ്പിന്റെ സവിശേഷതയാണ് .