ഖത്തര്‍ സമന്വയയ്ക്ക് പുതിയ നേതൃത്വം

ദോഹ. ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബ കൂട്ടായ്മക്ക് 2025-26 ലേക്ക് പുതിയ നേതൃത്വവും കമ്മറ്റിയും നിലവില്‍ വന്നു.
കഴിഞ്ഞ ദിവസം ദോഹയില്‍ സ്വാദ് പാര്‍ട്ടി ഹാളില്‍ നടന്ന 2024-25 ലെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സെക്രട്ടറി രഞ്ജിത്ത് ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് വിജയകുമാര്‍ കളരിക്കല്‍ അദ്ധ്യക്ഷനായിരുന്നു.
റിപ്പോര്‍ട്ടവതരണങ്ങള്‍ക്ക് ശേഷം സ്ഥാപക അംഗം അരുണ്‍ സരസിന്റെ നിയന്ത്രണത്തില്‍ പുതിയ ഭാരവാഹികളേയും കമ്മിറ്റയേയും ഐക്യ കണ്‌ഠേന തിരഞ്ഞെടുത്തു.
സുരേഷ് ബാബു കൊയപ്പ കളരിക്കല്‍ പ്രസിഡണ്ട്, രഞ്ജിത്ത് ദേവദാസ് സെക്രട്ടറി, ശ്രീകുമാര്‍ ട്രഷറര്‍, പ്രസൂണ്‍ വൈസ് പ്രസിഡണ്ട്, ഹരികൃഷ്ണന്‍ ജോയന്റ് സെക്രട്ടറി, പ്രദീപ് ശങ്കര്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നിവരേയും, കമ്മറ്റി അംഗങ്ങളായി അരുണ്‍ കെ. സരസ്, ഉണ്ണി കൊണ്ടോട്ടി, മുരളീദാസ്, ഗോപാലകൃഷ്ണന്‍, ഷൈന്‍ കുമാര്‍, സുനീഷ്, അനുരാജ്, ഉദ്ദീഷ്, വിദ്യ അരുണ്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
വിഭവ സമൃദ്ധമായ വിഷു സദ്യക്ക് ശേഷം ഖത്തര്‍ സമന്വയയുടെ ഗായകരായ രഞ്ജിത്ത്, പ്രസൂണ്‍, അരുണ്‍, വിജയേട്ടന്‍, സുനീഷ് എന്നിവര്‍ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളാല്‍ വേദിയെ താള മുഖരിതമാക്കി. കൂടാതെ കാണികളെ ഇളക്കി മറിക്കാനെന്നോണം മീഡിയാ കോര്‍ഡിനേറ്റര്‍ പ്രദീപ് ശങ്കര്‍ ഊര്‍ജസ്വലനായി ഒരടി പൊളി പാട്ടുമായി വേദിയിലെത്തിയതോടെ മൊത്തത്തില്‍ കാണികളടക്കമുള്ളവര്‍ ആവേശ തിമിര്‍പ്പിലായി.
അനുരാജ്, വിദ്യ അരുണ്‍, ജയന്തി പങ്കജാക്ഷന്‍, വൈശാഖ് എന്നിവര്‍ തകര്‍ത്തു പാടി. സ്വയം രചിച്ച കവിതയാലപിച്ച് ഷൈന്‍ കുമാര്‍ അരങ്ങ് തകര്‍ത്തപ്പോള്‍, അപര്‍ണ്ണ അരുണ്‍, വിദ്യ അരുണ്‍, അശ്വിനി രഞ്ജിത്ത് എന്നീ മൂന്ന് പേര്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സും, അബ്ജിനി പ്രസൂണ്‍ അവതരിപ്പിച്ച ക്ലാസ്സിക്കല്‍ ഡാന്‍സ്, ആദി ദേവ് അനുരാജ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് എന്നിവ കാണികള്‍ക്ക് കണ്ണിനിമ്പമേകി.
പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അരീകുളങ്ങര കളരിക്കല്‍ ബാലാമണി അമ്മ ഉണ്ണി കൊണ്ടോട്ടി, ശാലിനി അനുരാജ്, സുരേഷ്, സ്മിതേഷ്, സജീദ്, ഹരീഷ്, അഭിലാഷ് എന്നിവര്‍ ട്രോഫികള്‍ നല്‍കി.