IM Special

സൂഖ് വാഖിഫ് ; പാരമ്പര്യ പൈതൃകങ്ങളുടെ ആഗോള തലസ്ഥാനം

രഞ്ജിത്ത് ചെമ്മാട്

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ബദൂവിയന്‍ വ്യാപാരികളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഇടുങ്ങിയ ഗല്ലികളിലൂടെ നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടോ? അറേബ്യയുടെ പരമ്പരാഗതമായ പ്രാക്തന സംസ്‌കാരങ്ങളുടെ വ്യാപാരകേന്ദ്രങ്ങളുടെ അവശേഷിക്കുന്ന പാരമ്പര്യ സമൃദ്ധിയുടെ അകത്തളങ്ങളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യുവാന്‍ തോന്നുന്നുണ്ടോ? , മുത്തും ചിപ്പികളും രത്‌നങ്ങളും സുഗന്ധദ്രവ്യങ്ങളും പരമ്പരാഗത വസ്ത്രങ്ങളും പട്ടുകളും കസ്തൂരിയും കുന്തിരിക്കവും ഊദും അത്തറും നിറഞ്ഞ ഒരു അറേബ്യന്‍ ചന്തയുടെ തനി പകര്‍പ്പ് നിങ്ങളുടെ കണ്ണുകളിലേക്ക് ആവേശിപ്പിക്കണോ? നമ്മള്‍ അടക്കമുള്ള പാരമ്പര്യത്തിന്റെ സമ്പല്‍സമൃദ്ധമായ പൗരാണിക ചന്തയുടെ തിരുശേഷിപ്പില്‍ മനം നിറഞ്ഞ് ഇടുങ്ങിയ, പനയോല മേഞ്ഞ പ്രാകൃത എടുപ്പുകളുടെ ഇടവഴികളിലൂടെ അലഞ്ഞു നടക്കാന്‍ തോന്നുന്നുണ്ടോ? അറേബ്യന്‍ നാടോടി കഥകളില്‍ കേട്ടു പരിചയമുള്ള പരമ്പരാഗത ചന്തയുടെയും പട്ടുവസ്ത്രത്തിന്റെയും നെയ്ത്തു ശാലകളുടെയും മുത്തുകളുടെയും പവിഴങ്ങളുടെയും സുഗന്ധദ്രവ്യഞ്ജനങ്ങളുടെയും കോട്ടകൊത്തളങ്ങങ്ങളിലേക്ക് നിങ്ങള്‍ക്ക് ഇപ്പോഴും കടന്നുവരുവാന്‍ തോന്നുന്നുണ്ടോ? വരൂ നിങ്ങള്‍ക്ക് അതിനു പറ്റിയ ഒരേ ഒരു മാര്‍ഗ്ഗം അറേബ്യന്‍ നാടുകളില്‍ അവശേഷിച്ചിട്ടുണ്ട്. അറേബ്യന്‍ പൈതൃകത്തിന്റെ ലോക തലസ്ഥാനമായി പറയാവുന്ന സൂഖ് വാഖിഫ് അതേ പ്രൗഢിയോടെ നമ്മുടെ മുന്നില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പാരമ്പര്യവും തനിമയും ഗരിമയും സമൃദ്ധിയും പ്രൗഢിയും ചോര്‍ന്നു പോകാതെ ഒരു ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തിന്റെയും പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിപ്പിന്റെയും ഫലമായി നമുക്ക് സൂഖ് വാഖിഫിലൂടെ 250 വര്‍ഷം പിറകിലേക്ക് യാത്ര ചെയ്യാം… കടല്‍ത്തീരത്ത് പത്തേമാരികള്‍ അടുപ്പിച്ച് അന്യദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന് വിപണനം നടത്തിവരുന്ന പൗരാണിക ചന്തകളിലെ സകല സമൃദ്ധിയും ഇന്നും അതേ തനിമയോടെ ഇവിടെ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും.

പരമ്പരാഗത അറേബ്യന്‍ വാസ്തുവിദ്യാ രീതികള്‍ക്കനുസൃതമായി നവീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്ത ഗള്‍ഫിലെ സവിശേഷമായ പരമ്പരാഗത സൂഖാണ് ഇത് .

വാദി മുഷൈരിബ് എന്നറിയപ്പെടുന്ന കടല്‍ത്തതീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വരണ്ട അരുവിയുടെ താഴ് വാരത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആണ് ഈ ചന്ത രുപം കൊണ്ടത്. വ്യാപാരികള്‍ അവരുടെ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഗേറ്റുകളില്‍ കടകള്‍ സ്ഥാപിച്ചിരുന്നു. ബദൂവിയനുകളും മറ്റു തദ്ദേശീയരായ നാട്ടുകാരും തങ്ങളുടെ കാര്‍ഷിക വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, വ്യാപാരം ചെയ്യുന്ന ഒരു ചന്തയായാണ് ഇതിന്റെ ഉത്ഭവം. പത്തേമാരികള്‍ അടുപ്പിച്ച് ചെറു തുറമുഖം പോലെ വിപണന സാദ്ധ്യതകള്‍ വിശാലമാക്കി സൂഖ് വാഖിഫ് സ്വാഭിവകമായി വികസനത്തിന്റെ പാതയില്‍ വന്നു. ക്രമേണ നാടന്‍ ചന്തകളുടെ പ്രാവര്‍ത്തങ്ങള്‍ക്ക് ലോകത്തകമാനം ഉണ്ടായ വൃദ്ധിക്ഷയം ഈ സൂഖിനെയും ബാധിച്ചു. പുത്തന്‍ വാണിജ്യ തന്ത്രങ്ങളുടെ കോണ്‍ക്രീറ്റ് മാളുകളുടെയും സമുച്ചയങ്ങളുടെയും കുത്തൊഴുക്കില്‍ സൂഖും പ്രതിസന്ധിയിലായി.

2003 ല്‍, അതില്‍ ഭൂരിഭാഗവും തീപിടുത്തത്തില്‍ നശിപ്പിക്കപ്പെട്ടു. വിസ്മൃതിയിലാണ്ട ഇതിനെ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു . വാസ്തുവിദ്യയും ചരിത്രപരവുമായ സ്വത്വവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും ഭാര്യ ഷെയ്ഖ മൗസ ബിന്‍ത് നാസറും മുന്‍കൈയെടുത്ത് 1950-കള്‍ക്ക് ശേഷം നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും പഴയ ഘടനകള്‍ പുതുക്കിപ്പണിയുകയും ചെയ്തു. പുനരുദ്ധാരണം 2008-ല്‍ പൂര്‍ത്തിയായി.ഏഷ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മരവും മുളയും ഉപയോഗിച്ചാണ് ഇത് ആധുനീകരിച്ച് നിര്‍മ്മിച്ചെടുത്തത്

പുതിയ കാലത്ത് സൂഖ് വാഖിഫ് നിരവധിയായ സാംസ്‌കാരിക വാണിജ്യ സാങ്കേതിക കരകൗശല കേന്ദ്രങ്ങളുടെ സമ്മേളന നഗരിയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വരുന്ന വ്യത്യസ്ഥരായ ആവശ്യക്കാരുടെ വ്യാപാര സാംസ്‌കാരിക നഗരികൂടിയായതിനാല്‍ സൂഖിനെ അക്ഷരാര്‍ത്ഥത്തില്‍ ഗ്ലോബല്‍ വില്ലേജ് എന്ന് തന്നെ വിളിക്കാം.

തദ്ദേശീയരായ ഗ്രാമീണരുടെ തനത് വിഭവങ്ങള്‍ പാകം ചെയ്തു കൊടുക്കുന്ന തട്ടുകടകളെ പോലെയുള്ള നാടന്‍ ഭക്ഷണ കേന്ദ്രങ്ങള്‍ മുതല്‍ പ്രൗഢവും ഗംഭീരവുമായ പഞ്ച നക്ഷത്ര റസ്റ്റോറന്റുകള്‍ വരെ സൂഖില്‍ ആസ്വാദകരുടെ നിലവാരങ്ങള്‍ക്കനുസരിച്ച് തുറന്നു വച്ചിട്ടുണ്ട്. പാചകശാലകളുടെയും ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളുടെയും വിവിധ രുചിയും നിറവും ആസ്വദിച്ച് നമ്മുടെ ബഡ്ജറ്റ് അനുസരിച്ചുള്ള ഏറ്റവും ചിലവ് കുറഞ്ഞതും നിലവാരം ഉള്ളതുമായ ഭക്ഷണങ്ങള്‍ വരെ സൂഖില്‍ നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും.

പൗരാണികതയുടെ പ്രൗഢി വിളിച്ചോതുന്ന അനവധിയായ പുരാവസ്തുക്കളുടെ ശേഖരവും വില്പനയും പ്രദര്‍ശനവും സൂഖ് വാഖിഫിന്റെ മറ്റൊരാകര്‍ഷണമാണ്… നമ്മള്‍ ഇന്നേവരെ കേട്ടറിയാത്തതും കണ്ടറിയാത്തതുമായ പുരാവസ്തുക്കളുടെ അമൂല്യ ശേഖരങ്ങള്‍ സൂഖിനുള്ളിലെ പല സ്ഥാപനങ്ങളിലും പ്രദര്‍ശനത്തിനായും വില്പനയ്ക്കായും സൂക്ഷിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചകളില്‍ യൂറോപ്യന്‍ ഫ്‌ളീ മാര്‍ക്കറ്റുകളുടെ രീതിയിലുള്ള പുരാവസ്തുക്കളുടെ വില്പനയും ലേലവും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത് സൂഖിന്റെ മാത്രം പ്രത്യേകതയാണ്. നമുക്ക് ആവശ്യമില്ലാത്തത് എന്ന് തോന്നുന്ന വിലപ്പെട്ട സാധനങ്ങള്‍ വില്‍ക്കുവാനും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പൗരാണികവും പ്രൗഢിയുമുള്ള സാധനങ്ങള്‍ വാങ്ങിക്കുവാനും ഈ ലേലത്തിലൂടെ സാധിക്കും. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സൂഖ് അതോറിറ്റി നടത്തുന്ന ലേലം മൂന്നുമണിക്ക് ശേഷമാണ് ആരംഭിക്കുന്നത്. മലയാളികള്‍ അടക്കം പല രാജ്യക്കാരുടെയും സ്റ്റാളുകള്‍ ലേലത്തിന് ശേഷം പ്രവര്‍ത്തനസജ്ജമാവുകയും രാത്രി പതിനൊന്നു മണി വരെ അവ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യും.

ഈ ലേഖകനോടൊപ്പം ഇന്‍ഡോ അറബിക് ന്യൂമിസ്മാറ്റിക്‌സ് ആന്‍ഡ് ഫിലാറ്റലി സൊസൈറ്റിയുടെ സജീവ അംഗങ്ങളായ അബ്ദുല്‍സലാം, ജയന്‍ ഓര്‍മ, ഷാനു വലിയകത്ത് തുടങ്ങിയവരൊക്കെ ആന്റിക്ക് വസ്തുക്കളുടെ സ്റ്റാളുമായി രംഗത്തുണ്ടാവാറുണ്ട്

സൂഖിന്റെ മറ്റൊരു പ്രത്യേകത സുഗന്ധവ്യഞ്ജന വ്യാപാര ശാലകളാണ്. ചെമ്പരത്തി ചായ മുതല്‍ കോലരക്ക് വരെ നീളുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ലോകത്തിലുള്ള ഏതു വസ്തുവും നിങ്ങള്‍ക്ക് അവിടെ നിന്നും മിതമായ വിലക്ക് ലഭ്യമാകും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കുന്തിരിക്കവും ആമ്പറും കസ്തൂരിയും ഊദും ചന്ദനവും അതിന്റെ വ്യത്യസ്തമായ ധൂമ പെരുമയോടെ നമുക്കു മുന്നില്‍ സുഗന്ധം പൊഴിച്ചു കൊണ്ടേയിരിക്കും.

പരമ്പരാഗത സ്വര്‍ണാഭരണ നിര്‍മ്മാണ വില്പനശാലകളും വസ്ത്ര നിര്‍മ്മാണശാലകളും കരകൗശല വിദഗ്ധരും മരപ്പണിക്കാരും വല നെയ്ത്തുകാരും മണ്‍പാത്ര നിര്‍മ്മാണ വിദഗ്ധരും ചില്ലു പാത്രകൗശല വിദഗ്ധരും ജപമാല കോര്‍ക്കുന്നവരും തുകലുകളില്‍ വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നവരും കലാകാരന്മാരും സംഗീതജ്ഞരും മുതല്‍ മൃഗങ്ങളെ സ്റ്റഫ് ചെയ്യുന്ന വിദഗ്ധര്‍ വരെ അണിനിരക്കുന്ന കരകൗശല മാര്‍ക്കറ്റ് സൂഖിന്റെ മറ്റൊരു പ്രത്യേകതയാണ്.

അതിമനോഹരമായ ആര്‍ട്ട് ഗാലറിയും ശില്പികളും കാലിഗ്രാഫി വിദഗ്ധരും അടങ്ങുന്ന ചിത്രകലാപാരമ്പര്യത്തിന്റെ വിദഗ്ധ സംഘങ്ങളുടെ സമ്മേളന സ്ഥലം കൂടിയാണ് ഈ പൗരാണിക മാര്‍ക്കറ്റ്. സ്ത്രീകള്‍ക്കു മാത്രമായുള്ള കച്ചവട സമുച്ചയം മുതല്‍ പരമ്പരാഗത വസ്തുക്കളുടെ പ്രത്യേക മാര്‍ക്കറ്റ് വരെ ഇവിടെ ഉണ്ട്. ചൂടിക്കയറും ചണ നൂലും പനമ്പായയും ഈ കാലത്തും നമുക്കു മുമ്പില്‍ അതീവ സുരക്ഷിതത്വത്തോടെയും നിര്‍മ്മാണ ചാരുതയോടും കൂടി വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ച അറേബ്യയിലെ ചുരുക്കം ഇടങ്ങളില്‍ ഒന്നാണ് സൂഖ്.

പെറ്റ് മാര്‍ക്കറ്റിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളും മൃഗങ്ങളും സൂഖിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ഫാല്‍ക്കന്‍ സൂഖില്‍ കോടികള്‍ വില വരുന്ന ഫാല്‍ക്കണുകളെ വില്പനയ്ക്കും പ്രദര്‍ശനത്തിനുമായി അവതരിപ്പിക്കുന്നു. ഫോട്ടോഗ്രാഫിക്ക് വേണ്ടി പോസ് ചെയ്യാനുള്ള അവസരവും അവിടെയുണ്ട്. രാജപാളയത്തിലെ കുതിരകളെ സംരക്ഷിക്കുന്ന കുതിരാലയവും ഒട്ടകസൂഖും സൂഖിന്റെ മറ്റൊരു വശ്യതയാണ്.

മുന്നോട്ടു നടന്നാല്‍ കടല്‍ സമൃദ്ധിയും വശങ്ങളിലേക്ക് തിരിഞ്ഞാല്‍ മെട്രോ നഗരത്തിന്റെ സമ്പല്‍സമൃദ്ധിയും ഒരറ്റത്ത് മുഷ്രിബ് ഡൗണ്‍ ടൌണ്‍ എന്ന വാസ്തു സമുച്ചയങ്ങളുടെ അതിനൂതനവും സമൃദ്ധവുമായ കെട്ടിടങ്ങളും, മനോഹരമായ കെട്ടിട സമുച്ചയങ്ങള്‍ക്കിടയിലൂടെ മന്ദം നീങ്ങുന്ന ട്രാമും സൂക്കിന്റെ മനോഹാരിതയ്ക്ക് കാല്പനിക ഭംഗി പകരുന്നതാണ്. അറേബ്യന്‍ സംസ്‌കാരത്തിന്റെ ദീപസ്തംഭമായി ഉയര്‍ന്നുനില്‍ക്കുന്ന ഫനാര്‍ മസ്ജിദിന്റെ പിരിയന്‍ മിനാരങ്ങളില്‍ നിന്ന് പ്രകാശിക്കുന്ന സ്വര്‍ണ്ണ വെളിച്ചങ്ങളുടെ മായികപ്രഭയില്‍ സൂഖിലെത്തുന്ന ഓരോരുത്തരും സ്വയം സുവര്‍ണ്ണ തേജസ്സ് ഏറ്റുവാങ്ങി മനസ്സും ശരീരവും അത്യന്തം ഊര്‍ജ്ജം നിറച്ചു കൊണ്ടാണ് തിരിഞ്ഞു നടക്കുക.