IM Special

പാരമ്പര്യ മാപ്പിളപ്പാട്ട് സംഗീതത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി കലാജീവിതം സമര്‍പ്പിച്ച സുലൈഖ ബഷീര്‍


ഡോ.അമാനുല്ല വടക്കാങ്ങര

സംഗീത അധ്യാപികയും ഗായികയുമായ സുലൈഖ ബഷീര്‍ കുട്ടിക്കാലം മുതലേ പാട്ടിന്റെ പരിസരത്താണ് വളര്‍ന്നത്. പിതാമഹന്റെ ബദര്‍ പടപ്പാട്ടുകളും അമ്മാവന്റെ കല്ല്യാണപ്പാട്ടുകളുമൊക്കെ ഈ ഗായികയുടെ വളര്‍ച്ചക്ക് പശ്ചാത്തലമൊരുക്കി. സ്‌കൂള്‍ വേദികളിലൊക്കെ തിളങ്ങിയ സുലൈഖ ബഷീര്‍ കഥാ പ്രസംഗത്തിലൂടെയാണ് രംഗത്ത് വന്നത്. ക്രമേണ കല്യാണപ്പാട്ടുകളുടെയും സംഗീത വേദികളുടേയും ഭാഗമായി. തനത് മാപ്പിളപ്പാട്ടുകളെ ഏറെ ഇഷ്ടപ്പെടുന്ന ഈ ഗായിക അധികമായും പാടാറുള്ളത് റംല ബീഗത്തിന്റെ പാട്ടുകളാണ് . അങ്ങനെയാണ് സംഗീത സദസ്സുകളില്‍ ജൂനിയര്‍ റംല ബീഗം എന്ന പേര് വന്നത്.

കേരളത്തിലെ പാരമ്പര്യമുള്ള മാപ്പിളപ്പാട്ട് കലാരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി സജീവമായ സുലൈഖ ബഷീര്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ആകാശവാണി കോഴിക്കോട് നിലയത്തിലെ മാപ്പിളപ്പാട്ട് (ഫോക് വിഭാഗം) അംഗീകൃത ആര്‍ട്ടിസ്റ്റാണ് . തനത്/പാരമ്പര്യ മാപ്പിളപ്പാട്ടുകളുടെ സംരക്ഷണവും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന അവര്‍ സംഗീത അധ്യാപികയായി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം സംസ്ഥാന, ജില്ലാതല കലോത്സവങ്ങള്‍ക്കും യുവജനോത്സവങ്ങള്‍ക്കും,വിധികര്‍ത്താവായും സേവനമനുഷ്ഠിക്കാറുണ്ട്.
കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, അമൃത ടിവി റെഡ് കാര്‍പെറ്റ് അവാര്‍ഡ്, കേരള മാപ്പിള സോങ് ലവേഴ്‌സ് ആദരവ്, ഹബീബ് റഹ്‌മാന്‍ മെമ്മോറിയല്‍ അവാര്‍ഡ്, മുഹമ്മദ് അബ്ദുറഹിമാന്‍ അവാര്‍ഡ്, വാര്‍മുകില്‍ മ്യൂസിക്കല്‍ അവാര്‍ഡ്, ഇശല്‍ മെഹര്‍ബാന്‍ ആദരവ്, മുദ്ര അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് അവാര്‍ഡ് , പ്രേം നസീര്‍ സ്മാരക അവാര്‍ഡ്, ഇന്ദിര ഗാന്ധി വനിതാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ ഗായികയെ തേടിയെത്തിയിട്ടുണ്ട്.

ദൂരദര്‍ശന്‍, ജയ് ഹിന്ദ്, മീഡിയ വണ്‍, മാതൃഭൂമി, റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയ ചാനലുകളില്‍ അതിഥിയായും കലാപരിപാടി അവതാരകയായും പങ്കെടുത്ത സുലൈഖ ബഷീര്‍ പാരമ്പര്യ മാപ്പിളപ്പാട്ട് സംഗീതത്തിന്റെ സംരക്ഷണത്തിനും പ്രചരണത്തിനുമായി ജീവിതം സമര്‍പ്പിച്ച കലാകാരിയാണ്