കണിക്കൊന്ന പൂക്കുന്ന ഓര്‍മ്മച്ചെപ്പുകള്‍: കാന്‍വാസില്‍ മായുന്ന ഗ്രാമചിത്രങ്ങള്‍

വിഷു ഓര്‍മ്മ : രോഷ്നി കൃഷ്ണന്
കൊന്നപ്പൂക്കള്‍ക്ക് പണ്ടൊക്കെ ഒരു പ്രത്യേക മഞ്ഞയായിരുന്നു. വേനലിന്റെ കടുത്ത വെയിലില്‍ പ്രകൃതി താനേ ചാലിച്ചെടുത്ത സ്വര്‍ണ്ണവര്‍ണ്ണം. ഒരു ചിത്രകാരിയുടെ കണ്ണില്‍, പച്ചപ്പണിഞ്ഞു നിന്നിരുന്ന ആ പഴയ പാടശേഖരങ്ങള്‍ പ്രകൃതിയുടെ ഏറ്റവും വലിയ മാസ്റ്റര്‍പീസ് ആയിരുന്നു.
എന്റെ ബാല്യത്തില്‍, വീടിന് ചുറ്റും കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന പാടങ്ങള്‍ ഒരു വലിയ ലാന്‍ഡ്സ്കേപ്പ് പെയിന്റിംഗ് പോലെയായിരുന്നു. വിഷുക്കാലം എന്നാല്‍ ഞങ്ങള്‍ക്ക് കൊയ്ത്തുകാലം കൂടിയാണ്. സ്വര്‍ണ്ണനിറത്തിലുള്ള നെല്‍ക്കതിരുകള്‍ കാറ്റിലാടുമ്പോള്‍ അതൊരു നൃത്തം പോലെ തോന്നും. മണ്ണറിഞ്ഞു പണിയെടുക്കുന്ന കര്‍ഷകരും, അവരുടെ കൂടെയുള്ള കാലികളും ഉഴവും വയലേലയിലൂടെ ഒഴുകുന്ന ചാലുകളും ആ ചിത്രത്തിന് പൂര്‍ണ്ണത നല്കി…
ആകാശത്തിന്റെ നീലിമയില്‍ വെളുത്ത പരവതാനി പോലെ പാറിനടക്കുന്ന കൊറ്റികള്‍ ഇന്നും എന്റെ മനസ്സിന്റെ കാന്‍വാസില്‍ മായാതെ നില്ക്കുന്നു. പയറും വെള്ളരിയും മത്തനുമൊക്കെ വിളഞ്ഞുനില്‍ക്കുന്ന തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ക്ക് പ്രകൃതിയുടെ തനതായ ഗന്ധമായിരുന്നു. അന്ന് കണി ഒരുക്കുമ്പോള്‍ അതില്‍ ഓരോ വിഭവവും വെക്കുന്നത് ഒരു ഇന്സ്റ്റലേഷന് ആര്‍ട്ട് ഒരുക്കുന്നത് പോലെ അതീവ ശ്രദ്ധയോടെയായിരുന്നു.
‘കണ്ണ് തുറക്കല്ലേ… കണികാണാറായില്ല…’ എന്ന് പറഞ്ഞു അമ്മയുടെ കൈവെള്ളയ്ക്കുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുപോയി കണിക്ക് മുന്പില് ഇരുത്തുന്ന ആ നിമിഷം. നിലവിളക്കിന്റെ പ്രഭയില്‍ സ്വര്‍ണ്ണനിറമുള്ള കണിക്കൊന്നയും, വാല്‍ക്കണ്ണാടിയും, ഓട്ടുരുളിയില്‍ നിരത്തിവെച്ച കാര്‍ഷിക സമൃദ്ധിയും. ആ ഒരു ഉണര്‍ത്തല്‍ നല്കുന്ന പോസിറ്റീവ് എനര്‍ജി വര്‍ഷം മുഴുവന്‍ കൂടെയുണ്ടാകുമായിരുന്നു. ഇരുട്ടും വെളിച്ചവും മാറിമറിയുന്ന ആ മുറിയില്‍, ഓട്ടുരുളിയിലെ കണി ഒരു ദൃശ്യാനുഭവമായിരുന്നു. ആ സ്വര്ണ്ണനിറം മനസ്സിനെ വര്‍ഷം മുഴുവന്‍ പ്രകാശപൂര്‍ണ്ണമാക്കി മാറ്റി.
പിന്നീട് അങ്ങോട്ട് ആഘോഷത്തിന്റെ ദിനങ്ങളാണ്. പറമ്പുകളില്‍ ഓടി നടന്നു പഴങ്ങള്‍ പറിച്ചും, കൂട്ടുകാരോടൊപ്പം നാടന്‍ കളികളില്‍ ഏര്‍പ്പെട്ടും സമയം പോകുന്നതറിയില്ല. മുതിര്‍ന്നവരുടെ കയ്യില്‍ നിന്ന് ലഭിക്കുന്ന ‘വിഷുക്കൈനീട്ടം’ അതൊരു വലിയ സമ്പാദ്യമായിരുന്നു. വൈകുന്നേരങ്ങളില്‍ ആകാശത്ത് വിരിയുന്ന പടക്കങ്ങളുടെ വര്‍ണ്ണക്കാഴ്ചകളും കമ്പിത്തിരിയുടെ വെളിച്ചവും ആ ആഴ്ചയെത്തന്നെ ഉത്സവമാക്കി മാറ്റി.
ഇന്ന് ആ പാടങ്ങളില്ല. അവിടെയൊക്കെ ആകൃതിയില്ലാത്ത കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രം. പ്രകൃതിയുടെ ആ പഴയ കളര്‍ പാലറ്റ് ഇന്ന് മാറിപ്പോയിരിക്കുന്നു. വിഷുക്കണി വെക്കാന്‍ വിഷമില്ലാത്ത ഒരു പഴം പോലും സ്വന്തം പറമ്പില്‍ നിന്ന് കിട്ടാനില്ല. എല്ലാം അതിര്‍ത്തി കടന്നെത്തുന്ന കൃത്രിമ നിറങ്ങള്‍ മാത്രം.
ഇന്ന് നമ്മളില്‍ ഭൂരിഭാഗവും കടല്‍ കടന്നവരാണ്. പ്രവാസത്തിന്റെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മണലാരണ്യത്തിലെ ഫ്ലാറ്റുകളില്‍ ഇരുന്നു നാം ആ പഴയ ചിത്രങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഇന്‍സ്റ്റന്റ് കണിക്കിറ്റും സദ്യയും കൊണ്ട് നമ്മള് സംതൃപ്തി അടയുന്നു. എങ്കിലും, പ്രവാസിയുടെ ഓരോ വിഷുക്കാലവും നഷ്ടപ്പെട്ടുപോയ ആ പച്ചപ്പിന്റെയും സ്വര്ണ്ണമഞ്ഞയുടെയും ഓര്‍മ്മപ്പെടുത്തലാണ്.
കാലം മാറുമ്പോഴും മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ നമ്മുടെ മനസ്സിന്റെ കോണിലെ ആ പഴയ നാട്ടുചിത്രങ്ങള്‍. അവയെ ഒരു വര്‍ണ്ണച്ചിത്രം പോലെ നമുക്ക് നെഞ്ചോട് ചേര്‍ക്കാം….


