അമ്മ: ഓര്‍മ്മകളുടെ തണല്‍മരം

രോഷ്നി കൃഷ്ണന്
നമ്മുടെ ഓരോ ശ്വാസത്തിലും അമ്മയുടെ സ്പന്ദനമുണ്ട്. കാലം എത്ര മാറിയാലും മായാതെ നില്ക്കുന്ന സ്മരണകളുടെ ഒരു വലിയ വന്മരമാണ് ഓരോ മക്കള്‍ക്കും അവരുടെ അമ്മ.
അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിയാടിയ നിഷ്കളങ്കമായ നിമിഷങ്ങളെയാണ് എല്ലായ്പ്പോഴും വര്‍ണ്ണ ചിത്രം പോലെ മനസ് വരച്ചുകൊണ്ടിരിക്കാറുള്ളത്.
നമ്മുടെ ജീവിതമെന്ന പുസ്തകത്തിലെ ആദ്യത്തെ അധ്യായം അമ്മയാണ്. ലോകം കാണിച്ചു തരുന്നതിനും മുന്‍പേ നമ്മെ നെഞ്ചോട് ചേര്‍ത്തുവെച്ച് സ്നേഹത്തിന്റെ ഭാഷ പഠിപ്പിച്ചു തന്ന ആ വലിയ സാന്നിധ്യം. ബാല്യകാലത്തെ ഓര്‍മ്മകളിലേക്ക് ഊളിയിടുമ്പോള്‍ ആദ്യം തെളിയുന്നത് അമ്മയുടെ സാരിയുടെ ഗന്ധമാണ്. വേനലില്‍ കുളിര്‍മയായും മഞ്ഞില്‍ പുതപ്പായും നമ്മെ പൊതിഞ്ഞുനിന്ന ആ കരുതല്‍, ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. നിലാവുള്ള രാത്രികളില്‍ അമ്മ പറഞ്ഞുതന്ന കഥകളും, അത്താഴം കഴിക്കുമ്പോള്‍ ഉരുട്ടിത്തന്ന സ്നേഹത്തിന്റെ ഉരുളകളും വെറും ഓര്‍മ്മകളല്ല; മറിച്ച് ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ നില്ക്കാന് നമുക്ക് ശക്തി നല്കുന്ന ഊര്‍ജ്ജമാണ്. മുറിവേല്ക്കുമ്പോള് അമ്മ തരുന്ന ഒരുമ്മയില്‍ സകല വേദനകളും അലിഞ്ഞുപോകുന്ന ആ മാന്ത്രികതയ്ക്ക് പകരമായി മറ്റൊരു മരുന്നും ഈ ലോകത്തില്ല.
കാലം മാറുന്നതിനനുസരിച്ച് അമ്മ എന്ന സങ്കല്പത്തിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പഴയകാലത്തെ അമ്മമാര്‍ വീടിന്റെ അകത്തളങ്ങളില്‍ തങ്ങളുടെ ലോകം കണ്ടെത്തിയവരായിരുന്നെങ്കില്, ഇന്നത്തെ അമ്മമാര്‍ കുടുംബത്തോടൊപ്പം തന്നെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ്. എങ്കിലും, എത്ര തിരക്കുകള്‍ക്കിടയിലും മക്കളുടെ ചെറിയൊരു വാട്ടം പോലും പെട്ടെന്ന് തിരിച്ചറിയുന്ന ആ ‘അമ്മക്കണ്ണ്’ ഇന്നും മാറ്റമില്ലാതെ തുടരുന്നു. സ്വന്തം കരിയറും സ്വപ്നങ്ങളും മക്കള്‍ക്കായി മാറ്റി വെക്കുമ്പോഴും, അതൊരു ത്യാഗമായി കണക്കാക്കാതെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് അമ്മയുടെ മഹത്വം. ആധുനിക കാലത്തെ അമ്മമാര്‍ മക്കളുടെ വെറും സംരക്ഷകര്‍ മാത്രമല്ല, മറിച്ച് അവരുടെ ഉറ്റ സുഹൃത്തും വഴികാട്ടിയും കൂടിയാണ്.
മക്കള്‍ എന്ന നിലയില്‍ നാം വളര്‍ന്നു വലുതാകുമ്പോള്‍ പലപ്പോഴും ഈ സ്നേഹത്തെ വിസ്മരിക്കാറുണ്ട്. തിരക്കേറിയ ഈ ലോകത്ത് നമുക്ക് വേണ്ടി ആയുസ്സ് മുഴുവന്‍ മാറ്റിവെച്ച ആ വലിയ മനസ്സിനെ തിരിച്ചറിയാന്‍ നാം വൈകിക്കൂടാ. വാര്‍ദ്ധക്യത്തിന്റെ പടവുകളില്‍ അമ്മയുടെ കൈകള്‍ വിറയ്ക്കുമ്പോള്‍, പഴയ ആ ബാല്യത്തിലേക്ക് മടങ്ങാന്‍ നാം തയ്യാറാകണം. അന്ന് അമ്മ നമുക്ക് തന്ന അതേ സുരക്ഷിതബോധം ഇന്ന് അവര്‍ക്ക് തിരിച്ചു നല്‍കേണ്ടത് നമ്മുടെ കടമയാണ്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയാത്ത ഒരു വികാരമാണ് അമ്മ. ആ സ്നേഹത്തിന് മുന്പില്, ആ കരുതലിന് മുന്പില് ശിരസ്സ് നമിച്ചുകൊണ്ട് മാത്രമേ നമുക്ക് മുമ്പോട്ട് പോകാന്‍ കഴിയൂ. കാരണം, അമ്മയെന്നത് വെറുമൊരു വാക്കല്ല, അത് ദൈവത്തിന്റെ മറ്റൊരു പേരാണ്.
ഒരു സമൂഹത്തിന്റെ ശാക്തീകരണം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് ഓരോ വീടിന്റെയും അകത്തളങ്ങളില്‍ നിന്നാണ്, വിശേഷിച്ചും അമ്മമാരില്‍ നിന്ന്. മക്കളെ സംസ്കാരസമ്പന്നരും ആത്മവിശ്വാസമുള്ളവരുമായി വളര്‍ത്തുന്നതിലൂടെ ഒരു അമ്മ ഭാവി തലമുറയുടെ അടിത്തറയാണ് പാകുന്നത്. ഒരു സ്ത്രീ തന്റെ കുടുംബത്തിനുള്ളില്‍ ആദരിക്കപ്പെടുമ്പോഴും അവള്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോഴും അത് ആ വീടിന്റെ മാത്രം വളര്‍ച്ചയല്ല, മറിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള മുന്നേറ്റമാണ്. സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കപ്പെട്ട ഒരു അമ്മയ്ക്ക് തന്റെ മക്കളെ തുല്യനീതിയുടെയും ലിംഗസമത്വത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കാന്‍ കഴിയും. ഇത്തരത്തില്‍ അമ്മമാരില്‍ നിന്ന് തുടങ്ങുന്ന ബോധവല്‍ക്കരണം ഒരു സമൂഹത്തെ മുഴുവന്‍ സ്ത്രീ സൗഹൃദവും പുരോഗമനപരവുമാക്കി മാറ്റുന്നു.
സ്ത്രീ ശാക്തീകരണം എന്നത് കേവലം മുദ്രാവാക്യങ്ങളില്‍ ഒതുങ്ങേണ്ട ഒന്നല്ല, മറിച്ച് അത് പ്രായോഗികമാകേണ്ടത് ഓരോ വ്യക്തിയുടെയും ചിന്താഗതിയിലാണ്. വീടിന്റെ വിളക്കായ അമ്മയില്‍ നിന്ന് തുടങ്ങുന്ന ആത്മവിശ്വാസം വളര്‍ന്ന് പന്തലിച്ച് സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തങ്ങളുടേതായ ഇടം കണ്ടെത്താന്‍ കഴിയണം. വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും സ്ത്രീകള്‍ കൈവരിക്കുന്ന സ്വയംപര്യാപ്തത രാഷ്ട്രത്തിന്റെ തന്നെ വികസനത്തിന് അനിവാര്യമാണ്. അമ്മയെന്ന നിലയിലുള്ള കരുതലില്‍ നിന്ന് കരുത്തുറ്റ വ്യക്തിത്വത്തിലേക്കുള്ള സ്ത്രീയുടെ ഈ പരിവര്‍ത്തനം, നീതിപൂര്‍വ്വമായ ഒരു പുതിയ ലോകക്രമത്തിന്റെ ഉദയമാണ് വിളംബരം ചെയ്യുന്നത്.



