IM Special

വിഷു വിചാരം

രൺജിത്ത് ചെമ്മാട്

ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന

ഒരു മഞ്ഞ പായ്ക്കപ്പലാണ് വിഷു.

കൊയ്ത്തുപാട്ടിന്റെ കാറ്റേറ്റ്

വിള സമൃദ്ധിയുടെ നിറവേറ്റ്…

കതിര് കൊത്തിയ കിളിപ്പാട്ടിൽ

വേനൽമഴയിലെ മൺമണത്തിൽ

കാലങ്ങളിലൂടെ ഒഴുകുന്ന മേട മാസം.

മുറ്റത്തിന്റെ കിഴക്കേയറ്റത്ത്

ഒരു മഞ്ഞക്കടലുണ്ട് .

മേടമാസത്തിലെ വേലിയേറ്റത്തിൽ

അടിവേരുകളിൽ നിന്ന് അലയടിച്ച്

അത് സുനാമി പോലെ ഉയരും.

ഇലയേത് തണ്ടേത്

തടിയേതെന്ന് തിരഞ്ഞു

കണ്ണ് മഞ്ഞളിച്ച കിളികൾ

വിഷുപ്പാട്ട് ഏറ്റു പാടും …

ശംഖുപുഷപ തേനുണ്ട വണ്ടുകൾ

നീല വിതാനങ്ങളിലെ

മഞ്ഞപ്രളയത്തിൽ

സ്വർണ്ണത്തരികളായ് ചിറകടിക്കും.

കൊയ്ത്തുപാടത്തിന്റെ

അരികു ചേർന്ന്

സ്വർണ്ണ വരമ്പുകളുണ്ടായിരുന്നു .

വിളഞ്ഞ കണി വെള്ളരിയ്ക്ക് മേൽ

സ്വർണ്ണ നിറമുള്ള ചെറുവണ്ടുകൾ

ഇരട്ടച്ചിറകിൽ നൃത്തം ചെയ്തിരുന്നു.

മേടമണ്ണിൻ വിടവുകൾ

വിളവേകാൻ സ്വയം കുതിർന്ന്

കണികാണാൻ കൺ തുറന്ന്

മഴയേൽക്കാൻ വാ തുറന്ന്

കോൺ-വനങ്ങൾക്കടിയിൽ നിന്ന്

ഗർഭഗൃഹത്തിലേയ്ക്ക് തിരിച്ചിറങ്ങി…

അകക്കെണിയിൽ പെട്ട ഒരു ജനത

സ്ക്രീനിലെ നീല വിതാനങ്ങളിൽ

മഞ്ഞ രാശിയിലുള്ള കണി കണ്ട്

പുതിയ കാലം അടയാളപ്പെടുത്തുന്നു