Breaking News

ലോക ഇക്കണോമിക് ഫോറത്തില്‍ ഖത്തര്‍ അമീറിന്റെ ഉജ്വല ഭാഷണം, കയ്യടിച്ച് ലോകം

അമാനുല്ല വടക്കാങ്ങര

ദോഹ. ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന സെഷനില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ഉജ്വല ഭാഷണം, കയ്യടിച്ച് ലോകം. ചരിത്രം ഒരു വഴിത്തിരിവില്‍, സര്‍ക്കാര്‍ നയങ്ങളും ബിസിനസ്സ് തന്ത്രങ്ങളും എന്നപ്രമേയം ചര്‍ച്ചക്ക് വെച്ചാണ് ലോക സാമ്പത്തിക ഫോറം ഉച്ചകോടി നടക്കുന്നത്.

സമകാലിക ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികള്‍, ഊര്‍ജം, പരിസ്ഥിതി, നയതന്ത്രം, ഉക്രൈന്‍ പ്രതിസന്ധി, ഫലസതീന്‍ പ്രശ്‌നം തുടങ്ങിയ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് അമീര്‍ സംസാരിച്ചത്. ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പിന് ലോകത്തെ അമീര്‍ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് നീതിയുക്തവും സമാധാനപരവുമായ പരിഹാരമാണാവശ്യം. അതിക്രമങ്ങളിലൂടെ പ്രശ്‌ന പരിഹാരം സാധ്യമല്ല. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഏത് രാജ്യത്തിന്റേയും പരമാധികാരത്തിനെതിരെ നടക്കുന്ന നടക്കുന്ന അതിക്രമങ്ങളെ ഖത്തര്‍ നിരാകരിക്കുന്നതായി അമീര്‍ പറഞ്ഞു.

പശ്ചിമേഷ്യ പതിറ്റാണ്ടുകളായി വിവോചനം നേരിടുകയാണ്. ഒരു അറബ് മുസ് ലിം രാജ്യം ഫിഫ ലോക കപ്പ് പോലുള്ള ഒരു അന്താരാഷ്ട്ര മല്‍സരത്തിന് വേദിയാകുന്നുവെന്നത് അംഗീകരിക്കാന്‍ ഇപ്പോഴും പലര്‍ക്കും കഴിയാത്തതാണ് ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ പ്രധാന കാരണമെന്ന് അമീര്‍ തുറന്നടിച്ചു. മധ്യ പൗരസ്ത്യ മേഖലക്ക് ലോകത്തിന് ആതിഥ്യമരുളാനുള്ള അവസരമാണ് ഫിഫ ലോക കപ്പെന്ന് അമീര്‍ പറഞ്ഞു.

ലോകം ഞങ്ങളെ വിശ്വസിക്കുന്നുവെന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. സത്യസന്ധരായിരിക്കുകയും ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യുന്നതാണ് ഞങ്ങളുടെ പാരമ്പര്യം. ചര്‍ച്ചകള്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ പോലും ഞങ്ങള്‍ ഒരിക്കലും ശ്രമം ഉപേക്ഷിച്ചിട്ടില്ല. ഞങ്ങള്‍ ഒരു ചെറിയ രാജ്യമാണ്, പക്ഷേ ഞങ്ങള്‍ ഒരു സമാധാന മധ്യസ്ഥന്റെ റോളാണ് വഹിക്കുകയാണ് .

ഖത്തര്‍ നിങ്ങളുടെ സ്വന്തം രാജ്യം പോലെയാണ് . ഞങ്ങള്‍ എല്ലാം തികഞ്ഞവരല്ല. ഓരോ രംഗത്തും പ്രകടനം മെച്ചപ്പെടുത്തുവാന്‍ നിരന്തരമായി പരിശ്രമിച്ചുകൊണ്ടടിരിക്കുന്നു. ശോഭനമായ ഒരു ഭാവിയെക്കുറിച്ച പൂര്‍ണപ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്, അമീര്‍ പറഞ്ഞു.

രാജ്യം കൈവരിച്ച പുരോഗതി, വികസനം, പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.ലോക കപ്പിന് ആതിഥ്യമരുളാനുള്ള അവസരം ലഭിച്ചത് രാജ്യത്തെ വികസന പദ്ധതികളുടെ വേഗം കൂട്ടാന്‍ സഹായകമായി.

ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ഏറെ സവിശേഷതകളുള്ളതാകുമെന്നും തുറന്ന മനസ്സോടെയാണ് ലോകത്തെ സ്വാഗതം ചെയ്യുന്നതെന്നും അമീര്‍ പറഞ്ഞു. ഫിഫ ലോക കപ്പ് ലോകത്തെ ഒന്നിപ്പിക്കുവാനും സഹകരണം മെച്ചപ്പെടുത്തുവാനും സഹായകമാകുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സ്പോര്‍ട്സ് ക്രിയാത്മക മാറ്റത്തിനുള്ള ഒരു ഉപകരണമാണെന്നും സഹിഷ്ണുതയും ആദരവും പ്രോത്സാഹിപ്പിക്കുകയും യുവാക്കളെ ശാക്തീകരിക്കുകയും ഐക്യത്തെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

Related Articles

Back to top button
error: Content is protected !!