Archived Articles

എക്സ്പാറ്റ് സ്പോര്‍ട്ടീവ് സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ സെപ്തംബര്‍ 30 ന്

അമാനുല്ല വടക്കാങ്ങര

ദോഹ.ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കണ്ണിചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് ഒരു വര്‍ഷമായി നടത്തി വരുന്ന സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ സപ്തംബര്‍ 30 വെള്ളിയാഴ്ച സമാപിക്കും. റയ്യാന്‍ പ്രൈവറ്റ് സ്‌കൂള്‍ കാമ്പസില്‍ നടക്കുന്ന സമാപനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങളും എക്സിബിഷന്‍, ലോകകപ്പിന്റെ നാളിത് വരെയുള്ള ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച കൊളാഷ് പ്രദര്‍ശനം, കലാ വിരുന്ന് തുടങ്ങിയവ അരങ്ങേറും. ലോകകപ്പിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് 2022 പേര്‍ ഗോള്‍ പോസ്റ്റിലേക്ക് പന്തടിക്കും.

കാര്‍ണ്ണിവല്‍ സമാപനത്തിന്റെ ഭാഗമായി ഖത്തറിലെ മുന്‍ നിര പ്രവാസി ടീമുകള്‍ അണിനിരക്കുന്ന പെനാല്‍ട്ടി ഷൂട്ടൗട്ട്, പുരുഷ – വനിതാ വടം വലി, ബോക്സ് ക്രിക്കറ്റ്, 23 കാറ്റഗറികളിലായി ബാഡ്മിന്റണ്‍, പുരുഷ – വനിതാ പഞ്ചഗുസ്തി ടൂര്‍ണ്ണമെന്റുകള്‍ അരങ്ങേറും. വിജയികള്‍ക്ക് മെഡലുകളും ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും.

കാണികളായെത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ഫാന്‍സ് ഗ്രൂപ്പുകള്‍ക്കായി പ്രത്യേക പവലിയനുകളും സജ്ജീകരിക്കും.

കാര്‍ണ്ണിവലിന്റെ ഭാഗമായി ഒരുമാസത്തോളമായി നടന്നു വരുന്ന വെയ്റ്റ് ലോസ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ച് സ്വര്‍ണ്ണ നാണയം സമ്മാനിക്കും. കാര്‍ണ്ണിവല്‍ സമാപന പരിപാടിയില്‍ ഖത്തറിലെ കായിക രംഗത്തെ പ്രമുഖരും ഇന്ത്യന്‍ എംമ്പസി അപക്സ് ബോഡി ഭാരവാഹികളും അതിഥികളായി പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദ്റഹീം വേങ്ങേരിയെ ജനറല്‍ കണ്‍വീനറായും അനസ് ജമാലിനെ കണ്‍വീനറായും തെരഞ്ഞെടൂത്തു. മുഹമ്മദ് റാഫി, സജ്ന സാക്കി, അനീസ് മാള, സിദ്ദീഖ് വേങ്ങര, സഞ്ചയ് ചെറിയാന്‍, ഇദ്രീസ് ഷാഫി, നബീല്‍ ഓമശ്ശേരി, റഹ്‌മത്തുല്ല കൊണ്ടോട്ടി, ഷബീബ് അബ്ദുറസാഖ്, ഷമീര്‍ വി.കെ, അസീം തിരുവനന്തപുരം, ലിജിന്‍ രാജന്‍, ഫായിസ് തലശ്ശേരി, ഹഫീസുല്ല കെ.വി, സുമയ്യ തസീന്‍, സന ഷംസീര്‍, മുഫീദ അബ്ദുല്‍ അഹദ്, ഫാത്തിമ തസ്നീം തുടങ്ങിയവരെ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

എക്സ്പാറ്റ് സ്പോട്ടീവ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് മുനീഷ് എ.സി, വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി മജീദ് അലി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!