IM Special

ഖത്തര്‍ വേദികളിലെ നടന വിസ്മയമായി ഫൈസല്‍ അരിക്കാട്ടയിലിന്റെ സര്‍ഗസഞ്ചാരം


ഡോ.അമാനുല്ല വടക്കാങ്ങര

ഗാനരചയിതാവ്, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി വിവിധ കലാമേഖലകളില്‍ മികവ് തെളിയിച്ച ഫൈസല്‍ അരിക്കാട്ടയില്‍
ഖത്തര്‍ വേദികളില്‍ നടന വിസ്മയതീര്‍ത്ത് സഹൃദയ മനസുകളില്‍ സ്ഥാനം നേടിയ കലാകാരനാണ്. നാടകങ്ങളും ഹ്രസ്വ ചിത്രങ്ങളും ആല്‍ബങ്ങളുമൊക്കെയായി കഴിഞ്ഞ രണ്ട് പതിറ്റോണ്ടോളമായി ഖത്തറിലെ സാമൂഹ്യ രംഗത്ത് സജീവമായ അദ്ദേഹത്തിന് നാടകം, ഹ്രസ്വ ചിത്രം എന്നിവയിലെ മികച്ച നടനും തിരക്കഥാകൃത്തിനുമുള്ള കേരള ആര്‍ട് ആന്റ് കള്‍ചറല്‍ ഫോറത്തിന്റെ ഗ്രാന്റ് കേരള അവാര്‍ഡ് 2026 ലഭിച്ചത് അര്‍ഹതക്കുള്ള അംഗീകാരമാണ്. കഴിഞ്ഞ വര്‍ഷം മികച്ച ആല്‍ബം ഗാനരചയിതാവിനുള്ള പൂവച്ചല്‍ ഖാദര്‍ കള്‍ചറല്‍ ഫോറത്തിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.

ഐസിഎ ഖത്തര്‍ അലൂമിനിയുടെ ചെറിയ നാടകങ്ങളിലൂടെയാണ് ഫൈസലിന്റെ കലാപ്രവര്‍ത്തനങ്ങളുടെ തുടക്കം. നാട്ടുകാരനും സുഹൃത്തുമായ താജുദ്ധീന്‍ സംസ്‌കൃതിയില്‍ ചേര്‍ത്തതും ദോഹയിലെ അറിയപ്പെടുന്ന നാടകപ്രവര്‍ത്തകരായ സുധീര്‍ എലന്തൊലി, ഫിറോസ് മുപ്പന്‍, ഗണേഷ് ബാബു മയ്യില്‍, മനീഷ്, നൗഫല്‍ ഷംസ്, ജെയിംസ് ,വിനയന്‍ ബേപ്പൂര്‍, ദര്‍ശന ടീച്ചര്‍ ,വിനോദ് ഒകെ പരുമല, രാഗി , നിഥിന്‍, ചാനോജ് എന്നിവരെയൊക്കെ പരിചയപെട്ടതും കലാപ്രവര്‍ത്തനത്തില്‍ വഴിത്തിരിവായി.

ഖത്തര്‍ നാഷണല്‍ ഡേയോടനുബന്ധിച്ച് ഫിറോസ് മുപ്പന്‍ സംവിധാനം ചെയ്ത ക്‌ളോക് ബോയ് എന്ന തീം ഷോയില്‍ അഭിനയിച്ചു. കേരള സംഗീത അക്കാദമിയുടെ ജിസിസി നാടക മത്സരത്തില്‍ സംസ്‌കൃതി അവതരിപ്പിച്ച കടല്‍ കാണുന്ന പാചകക്കാരനിലെ വാപ്പ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖത്തര്‍ നാഷണല്‍ തീയേറ്ററില്‍ യൂത്ത് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസ്‌കൃതി അവതരിപ്പിച്ച കനല്‍ ചുളകള്‍ എന്ന നാടകത്തിലെ നജീബിന്റെ വാപ്പയും ഏറെ ശ്രദ്ധ നേടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു

ഐസിഎ ആലുംനിക്ക് വേണ്ടി ചെയ്ത വെങ്കയിലെ അലി യാക്കിന് എന്ന റഷ്യന്‍ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ദോഹയിലെ അഞ്ചോളം വേദികളില്‍ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറി ന്റെ മുച്ചീട്ടു കളിക്കാരന്റെ മകള്‍ എന്ന നാടകത്തില്‍ നായക കഥാപാത്രമായ ഒറ്റക്കണ്ണന്‍ പോക്കരെ അവതരിപ്പിച്ച മനീഷ് നാട്ടില്‍ പോയത് കാരണം അഞ്ചാമത്തെ സ്റ്റേജില്‍ ആ നായക കഥാപാത്രം ചെയ്യാന്‍ അതിന്റെ സംവിധായകന്‍ ഗണേഷ് ബാബു മയ്യില്‍ ഫൈസലിനെ തിരഞ്ഞെടുത്തതാണ് നായക നിരയിലേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചത്.

പിന്നീടങ്ങോട്ട് ദോഹയിലെ നാടകങ്ങളില്‍ സ്ഥിരം സാന്നിധ്യമായി.. ആതിര അരുണ്‍ലാല്‍ കൊറിയോഗ്രാഫി ചെയ്ത പ്രളയം എന്ന തീം ഷോയിലെ മത്സ്യ തൊഴിലാളിയും ഏറെ കയ്യടിയും ജനശ്രദ്ധയും പിടിച്ചു പറ്റി . കേരളത്തില്‍ നടന്ന പ്രളയം അടിസ്ഥാനമാക്കിയ ആ തീം ഷോയില്‍ ഫൈസലിന്റെ ഭാര്യ സുബീന ഫൈസലും അഭിനയിച്ചിരുന്നു.

രതീഷ് മാത്രാടാന്‍ സംവിധാനം ചെയ്ത കരിത്തണ്ടന്‍ എന്ന സോളോ പെര്‍ഫോര്‍മന്‍സ് ദോഹ അടയാളപെടുത്തിയ മികച്ച കഥാപാത്രമയി മാറി. പിഎംഎ ഗഫൂറിന്റെ ഉദ്ധരണികളെ ആസ്പദമാക്കി സ്‌നേഹതീരം അവതരിപ്പിച്ച ബ്‌ളേക്
എന്ന നാടകവും ശ്രദ്ധിക്കപ്പെട്ടു.

നിരന്തരം, കോടാലിമുക്കിലെ വിശേഷങ്ങള്‍, രാമേട്ടന്റെ ചായക്കട തുടങ്ങി ചെറുതും വലുതുമായി മുപ്പേതോളം നാടകങ്ങളില്‍ നടനായും രചയിതാവും സംവിധായകനുമൊക്കെയായി ഫൈസല്‍ തന്റെ മികവ് പ്രകടിപ്പിച്ചു

കോവിഡ് കാലത്താണ് ഷോര്‍ട്ട് ഫിലിം രംഗത്തേക്കു ചേക്കേറുന്നത്. ഒരു തൂവല്‍സ്പര്‍ശം എന്ന ചെറിയ ചിത്രത്തില്‍ തുടങ്ങി സിനിമയെ വെല്ലുന്ന സാങ്കേതിക തികവോടെ പൂര്‍ത്തിയാക്കിയ തക്കം ഉള്‍പ്പടെ നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. വണ്‍ ടു വണ്‍ പ്രൊഡക് ഷന്റെ തക്കം നിരവധി വേദികളില്‍ അംഗീകാരം നേടി. മാര്‍ട്ടയര്‍, ഹോപ്, തെരുവുകള്‍ തുടങ്ി പതിനാറോളം ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു.

വണ്‍ ടു വണ്‍, ഓക്‌സിജന്‍ പ്രൊഡക് ഷന്‍, ഗുല്‍മുഹമ്മദ് ഫൗണ്ടേഷന്‍ ചേര്‍ന്നുനിര്‍മിച്ച പടിവാതിലില്‍ യു ട്യൂബില്‍ പത്ത് ലക്ഷം വ്യൂവേര്‍സ് പിന്നിട്ട് മുന്നേറുകയാണ്. ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ പടിവാതിലില്‍ എന്ന ചിത്രത്തിന്റെ ഗാനരചയിതാവും ഫൈസല്‍ അരിക്കാട്ടയില്‍ തന്നെയാണ്. അതിന്റെ ഗാനരചനക്കാണ് പൂവച്ചല്‍ കാദര്‍ അവാര്‍ഡും ഫൈസലിനെ തേടിയെത്തിയത്.

ഫര്‍ഹാസ് മുഹമ്മദ് ആണ് പാടിവാതിലിന്റെ സംവിധായകന്‍. ലത്തീഫ് മാഹിയുടെ സംഗീത സംവിധാനത്തില്‍ റിയാസ് കരിയാടാണ്് പടിവാതിലിലെ ഗാനമാപലിച്ചത്.

പ്രശസ്ത സിനിമ പിണണി ഗായിക സിന്ധു പ്രേംകുമാര്‍ പാടിയ നൂര്‍, പ്രശസ്ത പാട്ടുകാരന്‍ റസ പാടിയ നേരം പുലരാറായി എന്നീഗാനങ്ങളും ഫൈസല്‍ അരിക്കാട്ടയിലിന്റെ തുലികയില്‍ പിറന്നതാണ്.

റേഡിയോ സുനോ സംഘടിപ്പിച്ച റേഡിയോ നാടകമത്സരത്തില്‍ അവതരിപ്പിച്ച നൊമ്പരത്തി പൂവ് ഏഴോളം പുരസ്‌കാരങ്ങള്‍ നേടി. ഷമീല്‍ എ ജെ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവിന്റെ രചയിതാവും ഫൈസല്‍ അരിക്കാട്ടിയിലായിരുന്നു

ദോഹയുടെ കലാസംസ്‌കാരിക ഇടങ്ങളില്‍ സജീവ സാന്നിധ്യമായ ഫൈസലിന്റെ വലിയ മോഹം സിനിമയാണ്
തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ സ്വദേശിയായ ഫൈസല്‍ ഫാര്‍മസി ഡിപ്‌ളോമയുമായാണ് ദോഹയിലെത്തിയതെങ്കിലും ലോജിസ്റ്റിക് കോര്‍ഡിനേറ്ററായാണ് നിലവില്‍ ജോലി ചെയ്യുന്നത്.
സുബീന ഫൈസല്‍ ഭാര്യയും അയാന്‍ ഫൈസല്‍, ഫദ്വവാ ഫൈസല്‍, അമാന്‍ ഫൈസല്‍ എന്നിവര്‍ മക്കളുമാണ്