പ്രതിച്ഛായ

രഞ്ജിത്ത് ചെമ്മാട്
പ്രതിച്ഛായയുടെ കോട്ട കെട്ടി
അതിനുള്ളിൽ വാഴുന്ന നീർക്കുമിളകളുടെ
രാജനഗരങ്ങളിലൂടെയാണ് യാത്ര..
കോട്ടവേലികൾ ദുർബലം
വാതിലുകൾ വലുതും ക്ഷണികവും
മൂക്കിൻ തുമ്പിലൂടെ ഒഴുകുന്ന കാറ്റിനോട് ശ്വാസത്തിന്റെ ഭാഷയിൽ മിണ്ടാൻ മടി.
കണ്ണിലേക്ക് പെയ്യുന്ന നിലാവിനെ ഇരുട്ടിന്റെ ലിപിയിലേയ്ക്ക് പകർത്താൻ വെറി.
വെയിൽ ഒലിക്കുന്ന സുഷിരത്തെ കണ്ണ് കൊണ്ട് തുടക്കാൻ മടി.
കിളി കൊണ്ടിട്ട തൂവൽ തേരിൽ
സ്വപ്ന സഞ്ചാരമേറാൻ മടി
വഴി നടന്ന കോട്ട വാതിലുകൾ പുഞ്ചിരി കൊണ്ട് കൊട്ടി, വാക്ക് കൊണ്ട് തുടച്ച്, കണ്ണ് കൊണ്ട് തഴുകി തകർക്കാൻ നോക്കി.
തകർന്ന കോട്ടകളിൽ നിന്ന് പുറത്ത് വന്നവരൊക്കെയും
പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി.
പേരിടാത്ത നക്ഷത്രത്തിൽ നിന്ന് പെയ്തിറങ്ങിയ ഒരു മിന്നാമിനുങ്ങ്.
പുറം കണ്ണിറക്കി ചിരിച്ചു.
വെളിച്ചം ശ്വസിക്കാൻ വേണ്ടി നിശാശലഭങ്ങൾ വെയിലുതേടി പുറത്തേയ്ക്ക് പറന്നു..
വെയില് തിന്നാൻ വവ്വാലുകൾ രാത്രിയിലുറങ്ങാൻ തുടങ്ങി.
പ്രതിച്ഛായയുടെ രാജനഗരങ്ങളിലൂടെ, പ്രതിബിംബ ചിറകുകളുമായ് ശലഭങ്ങളുടെ ഒരു പുഴ ഒഴുകിക്കൊണ്ടേയിരുന്നു.
………………….