നിയാര്‍ക് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘സ്നേഹ സാന്ത്വനം’ ശ്രദ്ധേയമായി

കൊയിലാണ്ടി:നിയാര്‍ക് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച് സെന്റര്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസിക ഉല്ലാസം നല്‍കുന്നതിനായി ‘സ്നേഹ സാന്ത്വനം’ എന്ന പേരില്‍ പെരുവട്ടൂരിലെ നിയാര്‍ക് അക്കാദമിയില്‍ വെച്ച് സംഘടിപ്പിച്ചു.
നിയാര്‍ക് കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഖത്തറിലും നാട്ടിലും പ്രവര്‍ത്തിക്കുന്ന ഗായകരായ സമീര്‍ കണ്ണൂര്‍, ഹംസ പട്ടുവം, അഫ്സല് ഷാ, നൗഷാദ്, ആതിര, ആമിന മിതവ എന്നിവര്‍ ഒരുക്കിയ ഗാനമേളയും കലാഭവന്‍ അസ്കറും മകന് സെഹ്ദും അവതരിപ്പിച്ച മാജിക് ഡാന്‍സും പരിപാടിക്ക് നിറം പകര്‍ന്നു. കുട്ടികള്‍ ആടിയും പാടിയും, കളിച്ചും ചിരിച്ചും സന്തോഷം പങ്കുവെച്ചപ്പോള്‍, രക്ഷിതാക്കള്‍ക്കും ഒരു ദിവസം മുഴുവന്‍ എല്ലാം മറന്ന് ആസ്വദിക്കാനുള്ള വേദിയായി പരിപാടി മാറി. എല്ലാ കുട്ടികള്‍ക്കും മനോഹരമായ സമ്മാനങ്ങളും നല്കി.
പരിപാടിക്ക് മുന്നോടിയായി നടന്ന സാംസ്കാരിക സംഗമം പ്രശസ്ത യുവഗായികയും സീ ടിവി ബെസ്റ്റ് പെര്‍ഫോമന്‍സ് വിന്നറുമായ യുംന അജിന് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഫൈസല്‍ മൂസ്സ സ്വാഗതം പറഞ്ഞ യോഗം, പ്രോഗ്രാം കമ്മറ്റി ചെയര്മാന് മുസ്തഫ എം.വി. അധ്യക്ഷനായി. നിയാര്‍ക് ജനറല്‍ സെക്രട്ടറി യൂനുസ് ടി.കെ. മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ ചെയര്മാന് അഷ്റഫ് കെ.പി. ‘നിയാര്‍ക് ഇന്ന് നാളെ’ എന്ന വിഷയത്തില്‍ മാര്‍ഗ്ഗരേഖ നല്കി. ചാപ്റ്റര്‍ പ്രസിഡന്റ് ഷാനവാസ് എടോടി, സയ്യിദ് ജാഫര്‍ എന്നിവര്‍ ഓണ്‍ലൈന്‍ അഭിവാദ്യം നേര്‍ന്നു.
മുഖ്യാഥിതിക്കുള്ള ഉപഹാരം യാസിര്‍ സമര്‍പ്പിച്ചു.
വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് സാലി ബാത്ത, നൗഷാദ്, താഹ ബര്‍ഗൈവ, സലീം ബി.ടി.കെ. (സ്നേഹ തീരം ഖത്തര്‍), കെ.ജി. റഷീദ് (ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്), കൃഷ്ണന്, ബഷീര്‍, സൈന്‍ ബാഫഖി, ഇസ്മായില്‍ എം.വി. എന്നിവര്‍ സംസാരിച്ചു. ഖത്തര്‍ വ്യവസായി മുസ്തഫ ടി.കെ. നിയാര്ക്കിനുള്ള പ്രവര്‍ത്തന ഫണ്ട് കൈമാറി. നിയാര്‍ക് ടെക്നിക്കല്‍ ഹെഡ് അര്‍ഷക് ചന്ദ്രന് നന്ദി പറഞ്ഞു.
ഖത്തറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, കേരളത്തില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സേവനം ചെയ്യുന്ന കൊയിലാണ്ടി സ്വദേശികളായ യുവഡോക്ടര്‍മാരായ ഫാദില്‍ മുസ്തഫ, ഫൈസ് മുസ്തഫ എന്നിവരെ യോഗം അനുമോദിച്ചു.
സംഗീതത്തിലൂടെ ‘സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന ആപ്തവാക്യത്തെ അനര്‍ത്ഥമാക്കി ദോഹയില്‍ പ്രവര്‍ത്തിക്കുന്ന ഈണം ദോഹ കലാപരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഒരു ദിനം മുഴുവന്‍ നടന്ന പ്രോഗ്രാം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും സ്റ്റാഫുകളും വളണ്ടിയര്‍മാരും പ്രദേശവാസികളും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരും ഒരേപോലെ ആസ്വദിച്ചു.