റമദാന്‍ ചിന്തകള്‍ – ഗ്രാന്റ് ഫിനാലെ

ഡോ. അലി ജാഫര്‍ മുണ്ടേരി
ഓട്ടമത്സരത്തിന്റെ അവസാന റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍, ആ സമയത്ത് ശരീരം ഏറെ തളര്‍ന്നിട്ടും സര്‍വ്വശക്തിയും സംഭരിച്ച്, കിതച്ചിട്ടും കുതിക്കുന്ന അത്ഭുതവും അസാമാന്യവുമായ പ്രകടനമാണ് കാഴ്ചവെക്കുക.
തൊണ്ണൂറു മിനുട്ടുള്ള പന്തുകളിയുടെ ഏറെ വീറും വാശിയും നിറഞ്ഞ, ആവേശം ആകാശത്തോളമെത്തുന്ന കളം നിറഞ്ഞ കളി, കളിക്കാര്‍ കാഴ്ചവെക്കുക, അവര്‍ ഏറെ ക്ഷീണിച്ച അവസാന മിനുട്ടുകളില്‍ ആയിരിക്കും.
ക്രിക്കറ്റിലെ അവസാന ഓവറിലെ ഏറും അടിയും ഏറെ നിര്‍ണ്ണായകം .
പരീക്ഷാ ഹാളിലും അതുവരെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ആലോചിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി, എല്ലാ നോട്ടവും നേട്ടത്തിനായി, എഴുതുന്ന പേപ്പറിലേക്ക് മാത്രമാക്കുക, പരീക്ഷ അവസാനിക്കാനുള്ള ബെല്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിലായിരിക്കും.
തെരെഞ്ഞെടുപ്പിനു മുമ്പുള്ള സമയം, ദിവസങ്ങളും മാസങ്ങളും ഉണ്ടെങ്കിലും, ‘കലാശക്കൊട്ട്’ എന്ന് പറയുന്നത്, പ്രചരണം അവസാനിക്കുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളിലെ പ്രകടനമാണ്.
ലഭിക്കുമെന്നുറപ്പില്ലാത്ത,ലഭിച്ചാലും അവസാനിക്കുമെന്നുറപ്പുള്ള ഈ ലോകത്തെ വിജയങ്ങള്‍ക്കായുള്ള കഠിനാധ്വാനങ്ങളുടെ കഥകളാണ് ഇത്രയും പറഞ്ഞതെങ്കില്‍,
സമാനതകളില്ലാത്തതും അനശ്വരവും അന്യൂനവുമായ പാരത്രിക ലോകത്തിന്റെ ‘റൈഹാന്‍ വിജയ’ത്തിനായുള്ള വലിയ അവസരമായ, റമദാന്‍ നോമ്പു ദിനങ്ങളുടെ അവസാന റൗണ്ടിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു.
ഇനിയുള്ള ക്വാണ്ടിറ്റി കുറവിനെ, ക്വാളിറ്റി വര്‍ധനവ് കൊണ്ടാണ് പടച്ചവന്‍ പരിഹരിക്കുന്നത്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായ രാവ് ഈ ദിനങ്ങളിലാണ്.
ഇത്രയും ദിനങ്ങളില്‍ പടച്ചവന്റെ ആഹ്വാനത്തിന് പരിഗണന കൊടുത്ത്, സ്വന്തം ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും അവഗണിച്ചത്, തന്റെ നാഥനില്‍ നിന്നു മാത്രം ലഭിക്കേണ്ട നരക മോചനവും സ്വര്‍ഗ്ഗ പ്രവേശനവും നേരിട്ട് ചോദിക്കാനാണ്.
അതിനുള്ള അമൂല്യ സമയമാണീ കഴിഞ്ഞു പോകുന്നത്. നേടിയ യോഗ്യതകള്‍വെച്ച് സ്വര്‍ഗ്ഗത്തിനായി തേടേണ്ട സമയം, പാശ്ചാതാപത്തിന്റെ കരങ്ങളും ഖല്‍ബും നാഥനിലേക്ക് തിരിക്കേണ്ട സമയം. സദഖയും സകാത്തും സാര്‍ത്ഥകമാക്കാനും ഇബാദത്തും ഇഅ്തികാഫും ഉറപ്പുവരുത്താനും ശ്രദ്ധിക്കേണ്ട സമയം..
അവസാന പത്തില്‍ പ്രവാചകന്‍ ‘ദാന ധര്‍മ്മങ്ങളുടെയും സല്‍കര്‍മ്മങ്ങളുടെയും കൊടുങ്കാറ്റായിരുന്നു’ എന്ന് ഇസ്ലാമിക ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നോമ്പനുഷ്ഠിക്കുന്ന വിശ്വാസി സമൂഹത്തിന് ഇതില്‍ മാതൃകയുണ്ട്.
പെരുന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കു മാത്രമായി ഈ സൂപ്പര്‍ ഫൈനല്‍ നിമിഷങ്ങളെ തരംതാഴ്ത്തി കൂടാ.
ഇഫ്താര്‍ ട്രന്റുകളിലൂടെ ഇബ് ലിസിയന്‍ ഇഫക്ട് കയറിവരുന്നതിനെ, മിന്നി തിളങ്ങുന്ന ‘വള്ളി വെളിച്ച’ങ്ങള്‍ക്കിടയില്‍ കാണാതിരുന്നു കൂടാ…
നോമ്പനുഷ്ഠിക്കാന്‍ പഠിപ്പിച്ച മതത്തില്‍ നോമ്പു തുറക്കുന്നതിനും മാതൃകയുണ്ട്, സാമൂഹ്യ മാധ്യമങ്ങളിലെ സഭ്യമല്ലാത്ത ആഘോഷമല്ലയത് .
നോമ്പിന്റെ അവസാനമെന്ന ആഘോഷമല്ല ഇഫ്താര്‍, ആരോഗ്യപൂര്‍ണ്ണമായ ഇടവേളയും ആരാധനയുമാണത് .
നോമ്പുകാരെയും അവരുടെ നോമ്പിനെയും ഭംഗിയായി മാര്‍ക്കറ്റു ചെയ്യുന്ന കടകളും കമ്പോളങ്ങളും ലാഭങ്ങള്‍ കൊയ്യുമ്പോള്‍, നോമ്പു കൊണ്ടും നോമ്പുകാലം കൊണ്ടും ലാഭം ലഭിക്കാത്തവരായി നോമ്പുകാര്‍ മാറുന്നുണ്ടോ എന്നത് സ്വന്തം നോമ്പുപോലെ, സ്വയം വിചിന്തനം ചെയ്യേണ്ട ഏറെ ഗൗരവമുള്ള സംഗതിയാണ്.
‘അതുകൊണ്ട് മത്സരിക്കുന്നവര്‍ നന്‍മകളില്‍ മത്സരിക്കട്ടെ…'( ഖുര്‍ആന്‍)


