പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ കാലത്തിന് പ്രൗഢോജ്വല തുടക്കം

‘ദോഹ : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന് തുടക്കമായി.
പ്രവാസി വെല്‍ഫെയര്‍ സ്ഥാപക ദിനമായ മെയ് രണ്ടിന് നടന്ന പരിപാടിയില്‍ സാഹോദര്യക്കാലത്തിന്റെ പ്രഖ്യാപനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റെ നന്മകള്‍ പ്രവാസി സമൂഹത്തില്‍ പ്രസരിപ്പിക്കാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ നാടിനെയും സമൂഹത്തെയും ഗ്രസിച്ച് കൊണ്ടിരിക്കുന്ന വംശീയതയുടെ വിദ്വേഷത്തിന്റെയും തിന്മകളെ പ്രതിരോധിക്കുകയും പ്രവാസ ലോകത്തെ സാമൂഹ്യ സൗഹാര്‍ദത്തിന്റെ മാതൃകകള്‍ ഉയര്‍ത്തിക്കാണിക്കുകയുമാണ് സാഹോദര്യകാല പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.
മെയ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന സാഹോദര്യകാല പ്രചരണ ഘട്ടത്തില്‍ സമകാലിക സാമൂഹ്യ വിഷയങ്ങളില്‍ വിശിഷ്യാ പ്രവാസി വിഷയങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. തൊഴില്‍ രംഗത്തെ അഭിവൃധിക്കും വ്യക്തിത്വ വികാസത്തിനുമുതകുന്ന പരിശീലന പരിപാടികള്‍, സാഹോദര്യ യാത്ര, സാമൂഹിക സംഗമങ്ങള്‍, കലാ കായിക മത്സരങ്ങള്‍, പ്രിവിലേജ് കാര്‍ഡ്, പ്രവാസികള്‍ക്കായി പുറത്തിറക്കിയ വിവിധ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡിജിറ്റല്‍ ആപിന്റെ പ്രചാരണം, നൈപുണ്യ മേളകള്‍, ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങിയവ ഈ കാലയളവില്‍ നടക്കും.
സാഹോദര്യകാല പ്രഖ്യാപന പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ മുന്‍ പ്രസിഡണ്ടും സെക്രട്ടറിയേറ്റ് അംഗവുമായ മുനീഷ് എ.സി സാഹോദര്യക്കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും, വൈസ് പ്രസിഡണ്ട് അനീസ് റഹ്‌മാന്‍ സാഹോദര്യ യാത്രയെക്കുറിച്ചും വിശദീകരിച്ചു.
പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ മഖ്ബൂല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് നജ്ല നജീബ് സമാപന പ്രസംഗവും, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ നന്ദിയും പറഞ്ഞു.