
ഇഖ്ബാല്‍ പി കെ വയനാട്
അന്നും പതിവ് തെറ്റിച്ചു കൊണ്ട് തന്നെ അയാള്‍ എഴുന്നേറ്റു. ക്‌ളോക്കിലെ സൂചി നടന്‍ മോഹന്‍ലാലിനെ പോലെ ചെരിഞ്ഞു നില്‍ക്കുന്നത് പോലെ. ആറു മണിക്ക് എഴുന്നേല്‍ക്കേണ്ടതാണ്. ഒരു മണിക്കൂര്‍ വൈകിയിരിക്കുന്നു. സെറ്റ് ചെയ്ത അലാറം എന്നും കൃത്യമായി അടിക്കുന്നുണ്ടെങ്കിലും തടി ഒന്ന് എഴുന്നേറ്റ് കിട്ടണ്ടേ. സ്വദേഹത്തെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു. ‘അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി’ എന്ന് ദേഹം തിരിച്ചു പറഞ്ഞത് പോലെ തോന്നി.
ലോകത്ത് ഇത്ര അനുസരണയുള്ള ഒരു സമയക്കുട്ടി വേറെ കാണില്ല. നിങ്ങളുടെ ഇച്ഛ പോലെ എപ്പോള്‍ വിളിക്കാന്‍ പറഞ്ഞാലും ഞങ്ങള്‍ അതനുസരിക്കും. എന്നിട്ടും സമയത്തെ (ഞങ്ങളെ) പഴിക്കുന്നു. ഞങ്ങളാണോ കുറ്റക്കാരന്‍..! എന്ന് സമയം അയാളോട് തിരിച്ചു ചോദിച്ചത് പോലെ തോന്നി.
പാതിരാ സമയം വരെ മൊബൈലും ടി വി യും നോക്കി സമയം കളഞ്ഞു അസമയത്ത് ഉറങ്ങുന്നത് കൊണ്ടായിരിക്കും സമയത്തിന് എഴുന്നേല്‍ക്കാന്‍ കഴിയാത്തത് എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.
അയാള്‍ വീണ്ടും ക്ലോക്കിലേക്ക് നോക്കി. ഒരു കൂസലുമില്ലാതെ സമയം അവന്റെ ജോലിയായ നെട്ടോട്ടത്തില്‍ തന്നെയാണ്. ആഴ്ചയിലെ ആറു ദിവസങ്ങളിലെ പന്ത്രണ്ട് മണിക്കൂര്‍ വീതമുള്ള ഓഫീസ് കലാപരിപാടികള്‍ പെട്ടെന്ന് കഴിഞ്ഞു കിട്ടാന്‍ സമയത്തെ പഴിച്ചത് കൊണ്ടായിരിക്കുമൊ സമയം തനിക്കനുകൂലമായി വരാത്തതെന്നു പലപ്പോഴും അയാള്‍ ചിന്തിച്ചു പോയിട്ടുണ്ട്.
ഒരു നല്ല ജോലി കിട്ടാന്‍ കണ്ട വാതിലുകളെല്ലാം മുട്ടി ഓടിയ സമയം.. പലരും പറഞ്ഞത് ‘ഓരോന്നിനും ഒരു സമയമുണ്ടെന്നാണ്’.
ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന ചില പരസ്യങ്ങള്‍ കണ്ടപ്പോള്‍ ചില്ലറ പോയാലും വേണ്ടില്ല തടയുമെങ്കില്‍ തടയട്ടെ എന്ന് കരുതി കണക്കും സമയവും പറയുന്ന മഹാന്റെ മൊബൈലിലേക്ക് വിളിച്ചു. അദ്ദേഹവും പറഞ്ഞത് ‘സമയം ഇപ്പോള്‍ മോശമാണെന്നാണ്’.., ‘നല്ല സമയം വരുന്ന കാലം വിദൂരമല്ല’ എന്ന സന്തോഷ വര്‍ത്തമാനം കൂടി മാന്യ ദേഹം പങ്ക് വെപ്പോള്‍ ., ചോദിച്ച തുക ഉടനടി മഹാനവര്‍കള്‍ക്ക് അയച്ചു കൊടുത്തു. (അപ്പോള്‍ മഹാന്റെ സമയവും വളരെ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന ചിന്ത അയാളില്‍ ഓടിയില്ല).
ഒടുവില്‍ അയാളുടെ സമയം ഒത്തു വന്നു. തരയ്‌ക്കേടില്ലാത്ത നല്ല ശമ്പളമുള്ള ഒരു ജോലി. തന്റെ നല്ല സമയം ശരിയായി വന്നതിന്റെ സന്തോഷത്തില്‍ അയാള്‍ സമയത്തെ ബഹുമാനിച്ച് കൊണ്ട് ‘സമയേട്ടന്‍’ എന്ന് മനസ്സില്‍ വിളിച്ചു.
കൃത്യനിഷ്ഠ പാലിച്ചു കൊണ്ട് വളരെ ആത്മാര്‍ത്ഥതയോടെ അയാള്‍ ജോലിയില്‍ പ്രവേശിച്ചു. മഹാനവര്‍കളുടെ പ്രവചനം അത്ഭുതമായി മനസ്സില്‍ സൂക്ഷിച്ച അയാള്‍ പാരിതോഷികമായി ആദ്യത്തെ ശമ്പളത്തില്‍ നിന്നും നല്ലൊരു തുക മഹാന് അയച്ചു കൊടുത്തു.
ജോലി സമയം ആരംഭിക്കുന്നതിന് മുന്‍പേ ഓഫീസില്‍ എത്താറുള്ള അയാളെ എല്ലാവര്‍ക്കും ഇഷ്ടമായി. മാസങ്ങള്‍ കടന്നു പോയി. ഓഫീസ് സ്റ്റാഫ് എല്ലാം സഹപ്രവര്‍ത്തകരായി. സ്റ്റാഫുകളില്‍ പലരും സമയം തെറ്റിച്ചു കൊണ്ടാണ് വരുന്നതെന്നും, പത്തും ഇരുപതും മിനിറ്റുകള്‍ വൈകി വന്നാലും ഓഫീസില്‍ പ്രശ്‌നമൊന്നുമില്ലെന്നും അയാള്‍ മനസ്സിലാക്കി.
ക്രമേണ സമയത്തിന് വിപരീതമായുള്ള ജോലിയും പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ അയാളും പിന്തുടര്‍ന്നു.
തന്റെ ജോലി മുഴുവന്‍ ചെയ്തു തീര്‍ക്കുവാന്‍, ഉള്ള ജോലി സമയം തന്നെ മതിയാവുന്നില്ല എന്ന് അയാള്‍ പരാതിപ്പെട്ടു. ഓവര്‍ടൈമായി ജോലി ചെയ്യുവാനുള്ള അവസരം മുതലെടുത്തു കൊണ്ട് അയാള്‍ ഒരു മണിക്കൂര്‍ ജോലി രണ്ടും മൂന്നും മണിക്കൂറുകളിലിരുന്ന് സമയത്തെ കൊന്ന് കൊണ്ട് പണം സമ്പാദിച്ചു.
അലാറം അഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ രണ്ടും മൂന്നും പ്രാവശ്യം സെറ്റ് ചെയ്തു കൊണ്ട് സമയത്തിനെഴുന്നേല്‍ക്കാതെ അയാള്‍ സമയത്തിന് എപ്പോഴും അലാറം അടിക്കുന്ന പണി കൊടുത്തു കൊണ്ട് ഉപദ്രവിച്ചു. എന്നിട്ടും സമയം അയാളെ അനുസരിച്ചു.
ക്‌ളോക്കിലെ സമയം അഞ്ചും പത്തും മിനിറ്റ് മുന്നിലേക്ക് തിരിച്ചു ഒപ്പിച്ചു കൊണ്ട്, ഇനിയും സമയമുണ്ടല്ലോ എന്ന് അയാള്‍ ക്ലോക്ക് നോക്കി സ്വയം പ്രത്യാശിച്ചു. ഘടികാരത്തിനും തനിക്കും പരസ്യമായറിയുന്ന ഒരു രഹസ്യമാണ് സമയം തെറ്റിയിട്ടാണ് ഓടുന്നതെന്ന ചിന്ത അയാള്‍ അവഗണിച്ചു.
ശേഷം, ഒരു മണിക്കൂറും അതിലേറെയും വൈകി ഓഫീസിലെത്താന്‍ തുടങ്ങിയതോടെ അയാളുടെ സമയം അവസാനിച്ചു. കൈയില്‍ കിട്ടിയ ടെര്‍മിനേഷന്‍ നോട്ടീസുമായി അയാള്‍ കൂട്ടുകാരനെ സമീപിച്ചപ്പോള്‍ ‘സമയം മോശമാണളിയാ’ എന്ന് മറുപടി പറഞ്ഞു കൂട്ടുകാരന്‍ സ്ഥലം വിട്ടു.
അയാള്‍ തന്റെ റൂമിലെത്തി. മഹാനവര്‍കളുടെ നമ്പറില്‍ വിളിച്ചു ജോലി പോയ കാര്യം പറഞ്ഞൂ. ആദ്യം പൈസ അയച്ചു തന്നാല്‍ സമയം ശരിയാണോ എന്ന് നോക്കാം എന്ന മഹാന്റെ മറുപടി അയാളെ ഞെട്ടിച്ചു. എനിക്ക് ഒരു ജോലി കിട്ടിയിട്ട്… എന്ന് പറഞ്ഞു തീരുന്നതിനു മുന്‍പേ.. ഇവിടെ ഇപ്പോള്‍ നല്ല തിരക്കാണ്. തന്റെ സമയം പോക്കാ. ഇനി, ജോലി കിട്ടിയിട്ട് വിളിക്കൂ എന്ന് പറഞ്ഞു കൊണ്ട് മഹാന്‍ ഫോണ്‍ കട്ടാക്കി.
അയാള്‍ ദൈന്യതയോടെ ക്ലോക്കിലേക്ക് നോക്കി. അയാളുടെ കണ്ണുകള്‍ ചുവന്നു. ക്രോധം കൊണ്ട് മുഖവും കൈകാലുകളും വിറച്ചു. ബി പി മുന്നൂറിനു മുകളിലേക്ക് കടന്നു. തലക്ക് മുകളില്‍ തന്നെ നോക്കി പരിഹസിച്ചു കറങ്ങുന്ന സമയത്തെ അയാള്‍ ചുമരില്‍ നിന്നും പറിച്ചെടുത്തു തറയിലടിച്ചു.
‘എന്റെ സമയത്തെ ഞാന്‍ കൊന്നൂ’ എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് അയാള്‍ തലങ്ങും വിലങ്ങും ഓടി.
പത്ത് മിനിറ്റിനകം ആംബുലന്‍സ് സ്ഥലത്തെത്തി അയാളെയും വഹിച്ചു ചീറിപ്പാഞ്ഞു. മനോനില തെറ്റിയ അയാള്‍ക്ക് സെക്കന്റ് സമയത്തെ ഷോക്ക് കൊടുത്തു കൊണ്ട് ചികിത്സ ആരംഭിച്ചു. കൂട്ടുകാരും നാട്ടുകാരും ഒന്നടങ്കം പറഞ്ഞു… ‘അയാളുടെ സമയം മോശമാണ് അല്ലാതെന്ത്


