പോറ്റമ്മ

പോറ്റമ്മ
നൗഷാദ് അഷ്‌റഫ്
കാലങ്ങളേറെയായ് ഞാന്‍ കഴിയും
ഖാഫ് മരങ്ങള്‍ തന്‍ ദേശമിതാ
കാരുണ്യമോലും കരങ്ങളാലെ
കാറ്റുപോലെന്നും തഴുകിടുന്നു
അധ്വാനഭാരത്താല്‍ ആയാസമേറുന്ന
ഹൃത്തിന്നൊരാശ്വാസമായീ
ഹര്‍ഷാരവത്തോടെ ഒന്നിച്ചണയുവാന്‍
ഹൃദ്യമാം ആരാമമേറെയുണ്ട്
നിത്യ വ്യായാമം ശീലമാക്കീടുവാന്‍
നിര്‍ലോഭം വേദികള്‍ തീര്‍ത്തിടുന്നു
ആരോഗ്യപാലനം ലക്ഷ്യമാക്കി
ആതുര മേഖല ഒപ്പമുണ്ട്
അജ്ഞത ഇല്ലായ്മ ചെയ്യുവാനുതകുന്ന
അറിവിന്റെ രമ്യമാം ഹര്‍മ്യമുണ്ട്
ദാരിദ്ര്യം ഇല്ലായ്മ ചെയ്യുവാനാശിക്കും
അലിവിന്റെ ആഴക്കടലുമുണ്ട്
കാശിനായ് ജീവിതം മാറ്റിവെപ്പോര്‍ക്കൊരു
കാശി പോല്‍ ആശ്വാസമേകിടുന്നു
ആത്മദ്യുതിക്കായ് കൊതിച്ചിടുന്നോര്‍ക്ക്
ആരാധനാ മന്ത്രമോതിടുന്നു
കൂട്ടിനായ് കൂട്ടായ്മ തേടുന്ന കൂട്ടര്‍ക്ക്
കൃത്യമായ് കൂട്ടായിരിക്കുമെന്നും
കൂട്ടായ നേട്ട ശ്രമങ്ങളോടെന്നും
നീട്ടും കരങ്ങളാല്‍ ചേര്‍ന്ന് നില്‍ക്കും
അത്തം പത്തിന് പൊന്നോണമെത്തിയാല്‍
അങ്ങോളമിങ്ങോളമായിരം പൂക്കളം
ക്രിസ്മസ്സിന്‍ പൂത്തിരി കത്തുവോളം
കിട്ടുമെവിടെയും ഓണസദ്യ !
ഉപരോധമെന്തെന്നറിയിച്ചിടാതെ
ഉതവികള്‍ ഏറെയും ചെയ്തു തന്നു
ഇച്ഛാശക്തി തന്നുത്തുംഗ ശൃംഗമായ്
ഉലകിന്റെ മുന്നില്‍ തെളിഞ്ഞു നിന്നു.
കൊറോണ തന്നുടെ കരാളഗാത്രങ്ങള്‍
കൊലയാളി വേഷമണിഞ്ഞീടവേ,
കണ്ണിലെ കൃഷ്ണ മണിയെ പോലെ
കാത്തു സൂക്ഷിക്കുവാന്‍ മുന്നില്‍ നിന്നു
കായിക ലോകത്ത് നാരായ വേരായി,
കായിക മാമാങ്ക വേദിയായി
കാല്‍പ്പന്തു കളിയുടെ കേദാരമായി,
കായികപ്രേമികള്‍ക്കാവേശമായ്
നിലപാടുകളില്‍ അഗ്‌നിശിലയായ്
സംസ്‌ക്കാരത്തിന്‍ മുത്തായി
മധ്യസ്ഥതയുടെ കൂടാരമായി
മണ്ണിന്‍ കലഹങ്ങള്‍ മായ്ചിടുന്നു.
ഖത്തറിന്‍ ഊഷര വാസസ്ഥലമിതില്‍
അത്തറിന്‍ വാസന പോലെ പടര്‍ന്നൊരാ
ശാന്തിതന്‍ മാസ്മരമാമൊരു സൗരഭം!
യുദ്ധകാണ്ഡത്തിന്‍ പ്രകീര്‍ത്തനമായ്!


