ഖത്തറിലെ വിസ്മയങ്ങള്‍ -സൂഖ് വാഖിഫ്

ഡോ. അമാനുല്ല വടക്കാങ്ങര
ഖത്തറെന്ന വിസ്മയച്ചെപ്പിലെ മാന്ത്രിക കേന്ദ്രമാണ് സൂഖ് വാഖിഫ് .ഒരു പക്ഷേ ഖത്തറില്‍ സന്ദര്‍ശകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നാകുമിത്. ചരിത്രവും പാരമ്പര്യവും സമന്വയിക്കുന്ന ഈ സമുച്ഛയത്തില്‍ പൗരാണികതയുടെ പ്രൗഢിയും പുതുമയുടെ തിളക്കവും ജ്വലിച്ചുനില്‍ക്കുകയാണ്.

ഖത്തറിലെ സുപ്രധാന പൈതൃക വാണിജ്യകേന്ദ്രമായ സൂഖ് വാഖിഫ് സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. മിക്ക ദിവസങ്ങളിലും, വിശിഷ്യാ വാരാന്തങ്ങളില്‍ രാവില്‍ നക്ഷത്രങ്ങളെക്കണ്ട്, അറബ് സംസ്‌കാരവും തനത് രുചിയും ആസ്വദിച്ച് ഈ സൂഖിലൂടെ അലയുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ്.
ചില സ്ഥലങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളോ നക്ഷത്രസൗധങ്ങളോ സാംസ്‌കാരിക പെരുമകളോ ആയരിക്കണമെന്നില്ല. അവ ചെറുനടപ്പാതകളോ ചത്വരങ്ങളോ കമ്പോളങ്ങളോപോലുള്ള സാധാരണഗതിയില്‍ അപ്രധാനമെന്ന് തോന്നാവുന്ന സ്ഥലങ്ങളായിരിക്കും. അത്തരമൊരു ഇടമാണ് ഖത്തറിലെ സൂഖ് വാഖിഫ്

നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് സൂഖിന്. തദ്ദേശീയരായ മീന്‍പിടിത്തക്കാരും മുത്തുകള്‍ വാരുന്നവരും ബെദൂവിയരും വ്യാപാരികളും കച്ചവടത്തിനായി വാദിമുഷൈരിബിന്റെ തീരത്ത് വന്നിരുന്നു. ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ആദ്യമായി ചെറുവിപണനകേന്ദ്രങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത്. അതിനുമുന്‍പ്, കച്ചവടക്കാര്‍ താത്കാലിക കൂടാരങ്ങളില്‍ നിന്നുകൊണ്ടാണ് സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നത്. കാരണം, മാര്‍ക്കറ്റ് പലപ്പോഴും
വേലിയേറ്റത്തില്‍ കടലില്‍നിന്ന് കയറുന്ന വെള്ളത്തിലായിരുന്നു. ഈ പാരമ്പര്യത്തില്‍നിന്നാണ് സൂഖ് വാഖിഫ് എന്ന പേരുവന്നതെന്നാണ് പറയപ്പെടുന്നത്. അറബി ഭാഷില്‍ സൂഖ് എന്നാല്‍ മാര്‍ക്കറ്റ് എന്നും വാഖിഫ് എന്നാല്‍ നില്‍ക്കുന്നത് എന്നുമാണ് . ബദൂവിയന്‍ വ്യാപാരികളുടെ കാല്‍പാടുകള്‍ പതിഞ്ഞ സൂഖ് വാഖിഫിന്റെ ഇടനാഴികകളിലൂടെ നടക്കുമ്പോള്‍ ഒരു സമൂഹത്തിന്റേയും സംസ്‌കാരങ്ങള്‍ ചരിത്രസ്മൃതികളാണ് സന്ദര്‍ശകരെ പുളകിതരാക്കുന്നത്. പരുക്കനും പ്രൗഢവുമായ പൗരാണിക അന്തരീക്ഷം നുകര്‍ന്നും അറേബ്യന്‍ ജനതയുടെ വളര്‍ച്ചാവികാസത്തിന്റെ നാള്‍വഴികള്‍ മനസ്സിവലാക്കിയും കണ്ണിനും കരളിനും കുളിര് പകരുന്ന സാംസ്‌കാരിക കേന്ദ്രമായി സൂഖ് വാഖിഫ് മാറുമ്പോള്‍ ഇവിടെ സന്ദര്‍ശക പ്രവാഹം അവസാനിക്കുന്നില്ല. അറേബ്യന്‍ പൈതൃകത്തിന്റെ ആഗോളതലസ്ഥാനെന്ന് വിശേഷിപ്പിക്കാവുന്ന സൂഖ് വാഖിഫിന്റെ ചരിത്രകഥകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് .

ഇറാനില്‍ നിന്നുള്ള നിരവധി പാരമ്പര്യ കച്ചവടക്കാരുടെ കേന്ദ്രമായി ഇറാനി സൂഖ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ മിക്ക കടകളും 2003 ലെ അഗ്നിബാധയില്‍ കത്തി നശിച്ചു . എന്നാല്‍ സൂഖിന്റെ പാരമ്പര്യവും തനത് സംസ്‌കാരവും സംരംക്ഷിക്കാനും പുതിയ തലമുറക്ക് കൈമാറാനും ലക്ഷ്യം വെച്ച് സൂഖിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്ഡ സജീവമായി നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത മരങ്ങളും മുളകളുമൊക്കെ ഉപയോഗിച്ച് 2008 ല്‍ സൂഖ് വാഖിഫ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.

പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ ലഭിക്കുന്ന കടകള്‍ മുതല്‍ ഊദും അത്തറും കസ്തൂരിയും കുന്തിരിക്കവും ആന്റിക് വസ്തുക്കളും വില്‍പന നടത്തുന്ന കേന്ദ്രങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഷോറൂമുകളുമടക്കം വൈവിധ്യങ്ങളാല്‍ ധന്യമായ ഈ സൂഖിനെ ഗ്‌ളോബല്‍ വില്ലേജ് എന്നാണ് വിശേഷിപ്പിക്കേണ്ടത്. പൗരാണികതയുടെ പ്രൗഡി വിളിച്ചോതുന്ന പുരാവസ്തുക്കളുടെ ധന്യമായ ശേഖരം തന്നെയാണ് സൂഖ് വാഖിഫിലേക്ക് വിദേശികളെ കൂടുതലായും ആകര്‍ഷിക്കുന്ന മുഖ്യ ഘടകം. വെള്ളിയാഴ്ചകളില്‍ യൂറോപ്യന്‍ ഫ്‌ളീ മാര്‍ക്കറ്റ് മാതൃകയില്‍ പുരാവസ്തുക്കളുടെ പ്രദര്‍ശനവും ലേലവും നടക്കാറുണ്ട്.

അതിമനോഹരമായ ആര്‍ട്ട് ഗാലറിയും ശില്‍പികളും കാലിഗ്രഫി വിദഗ്ധരുമടങ്ങുന്ന കല കേന്ദ്രവും ഈ സൂഖിന്റെ മറ്റൊരു സവിശേഷതയാണ്. രാജപാളയത്തിലെ കുതിരകളെ സംരംക്ഷിക്കുന്ന കുതിരാലയവും ഒട്ടക സൂഖും കാണേണ്ടവയാണ്.
പാരമ്പര്യമായ രീതിയില്‍ അണിയിച്ചൊരുക്കിയ ഭക്ഷണ ശാലകളും തെരുവ് കച്ചവടക്കാരുമൊക്കെ സന്ദര്‍ശകരെയാകര്‍ഷിക്കുമ്പോള്‍ കാലം പുരോഗമിക്കുമ്പോഴും ചരിത്രസ്മൃതികള്‍ അമൂല്യങ്ങളായി നിലനില്‍ക്കുമെന്ന കാര്യമാണ് അടിവരയിടുന്നത്.
ഖത്തര്‍ അമീറിന്റെ ഓഫീസായ അമീരീ ദീവാനും ആധുനിക നഗരമായ മുശൈരിബ് ഡൗണ്‍ ടൗണും കോര്‍ണിഷുമൊക്കെ സൂഖ് വാഖിഫിന്റെ പ്രാന്തപ്രദേശങ്ങളെ അലങ്കരിക്കുമ്പോള്‍ പൗരാണികതയും ആധുനികതയും സമ്മേളിക്കുന്ന അവാച്യമായ അനുഭൂതിയാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. തലയുയര്‍ത്തി നില്‍ക്കുന്ന ഫനാര്‍ മസ്ജിദും ഇടതടവിട്ടാതെ സേവനം നല്‍കുന്ന മെട്രോയും മുശൈരിബ് ഡൗണ്‍ ടൗണിലൂടെ ഇഴഞ്ഞ് നിങ്ങുന്ന ട്രാമുമൊക്കെ സൂഖ് വാഖിഫിലെത്തുന്ന സന്ദര്‍ശകരെ മാടിവിളിക്കുന്നവയാണ്.

കാലമെത്ര പുരോഗമിച്ചാലും സമൂഹം പിന്നിട്ട വഴികളുടെ ചരിത്ര കൗതുകങ്ങളുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലയെന്ന യാഥാര്‍ഥ്യമാണ് സൂഖ് വാഖിഫിലേക്കൊഴുക്കുന്ന ജനസഞ്ചയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.



