ബാവുല്‍ സംഗീത സായാഹ്നം ദോഹയിലെ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി

ദോഹ:പ്രശസ്ത ബാവുള്‍ ഗായികയും സഞ്ചാരിയുമായ ശാന്തിപ്രിയയെ പങ്കെടുപ്പിച്ച് അടയാളം ഖത്തര്‍ സംഘടിപ്പിച്ച ബാവുല്‍ സംഗീത സായാഹ്നം ദോഹയിലെ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. ‘ഏക്താര- എ ബാവുള്‍ മ്യൂസിക്കല്‍ ഈവ് വിത്ത് ശാന്തിപ്രിയ’ എന്ന പേരില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടി മലയാളികളടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
കബീര്‍ ദാസിന്റെയും ടാഗോറിന്റെയും അക്കാമഹാദേവിയുടെയും ബസവണ്ണയുടെയും ശ്രീ നാരായണഗുരുവിന്റേയും വരികളും കച്ചിലെ പാട്ടുകളും ഹിമാലയത്തിലെ പാട്ടുകളുമെല്ലാം കോര്‍ത്തിണക്കിയ ശാന്തിപ്രിയയുടെ അവതരണം ബാവുള്‍ സംഗീതത്തിന്റെ ആഴവും പരപ്പും കാവാത്മകതയും ദോഹക്ക് അനുഭവവേദ്യമാക്കി.
എഴുത്തുകാരനും സാംസ്കാരിക-നാടകപ്രവര്‍ത്തകനുമായിരുന്ന കെ.ജെ.ബേബിയുടെയും ഷേര്‍ലി ടീച്ചറുടേയും മകളും പശ്ചിമബംഗാളിലെ പ്രശസ്ത ബാവുള്‍ സംഗീതജ്ഞ പാര്‍വതി ബാവുളിന്റെ ശിഷ്യയുമായ ശാന്തിപ്രിയ ആദ്യമായാണ് ഖത്തറില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
അടയാളം പ്രസിഡന്റ് അരുണ്‍ മോഹന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രദോഷ് കുമാര്‍ ആമുഖഭാഷണം നടത്തി. ‘ദി ഹിന്ദു’ ഇന്റര്‍നാഷണല്‍ അഫയേഴ്സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനായ സജി മാര്‍ക്കോസ്, ഐ സി സി പ്രസിഡണ്ട് എ.പി മണികണ്ഠന്, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബദുറഹ്മാന്‍, മുന്‍ ഐസിസി പ്രസിഡണ്ട് പി എന്‍ ബാബുരാജ്, ഷാ ഷെരീഫ് (സി.ഇ.ഓ- ഇസാന് ഇന്റര്‍നാഷണല്‍), പുരുഷോത്തമ (മാനേജര്‍, ഗ്ലോബല്‍ ഇലക്ട്രിക് കമ്പനി), ആര്.ജെ.രതീഷ്, കരുണാകര്‍, നിലാന്‍ഷു ഡേ, അന്‍സാര്‍ അരിമ്പ്ര, മുര്‍ഷിദ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശാന്തിപ്രിയയുമായുള്ള മുഖാമുഖ സെഷനില്‍ തന്‍സീം കുറ്റ്യാടി മോഡറേറ്ററായിരുന്നു.
അടയാളം അംഗവും നാടക പ്രവര്‍ത്തകനുമായിരുന്ന ഷാജി കനയങ്കോടിന്റെ അകാല നിര്യാണത്തില്‍ അനുശോചിച്ച് നവാസ് മുക്രിയകത്ത് സംസാരിച്ചു. സെക്രട്ടറി ഷംന ആസ്മി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നിമിഷ നിഷാദ് നന്ദിയും പറഞ്ഞു. ബാവുള്‍ സംഗീതത്തിന്റെ സൗന്ദര്യം ഉള്‍ക്കൊണ്ട് മുര്‍ഷിദ് മുഹമ്മദ് തയ്യാറാക്കിയ മനോഹരമായ വേദിയില്‍
ദോഹയിലെ കലാകാരന്മാര് അവതരിപ്പിച്ച ഒഡീസ്സി, കഥക് നൃത്തങ്ങളും ഏക്താര സംഗീത പരിപാടിയുടെ ഭാഗമായി അരങ്ങേറി. സുധീര്‍.എം.എ, ബിന്ദു കരുണ്‍, ഇക്ബാല്‍, നീതു അരുണ്‍, ഷിഹാസ്, തനുജ, ഷരീഫ് എന്നിവര്‍ നേതൃത്വം നല്കി.
ജയശ്രീ, അരുണ്‍ എന്നിവര്‍ അവതാരകരായിരുന്നു.

